മലയാളത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമാണ് മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, വിനയപ്രസാദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മണിച്ചിത്രത്താഴ്. ഫാസില്‍ ഒരുക്കിയ ഈ ചിത്രം മാടമ്പള്ളി മനയിലെ നാഗവല്ലിയെ തളയ്ക്കാന്‍ എത്തുന്ന ഡോക്ടര്‍ സണ്ണിയുടെ കഥയാണ്. യുവദമ്ബതികളായ ഗംഗയും നകുലനും തങ്ങളുടെ പഴയ തറവാട്ടിലേക്ക് മടങ്ങിയെത്തുകയും തറവാട്ടിലുണ്ടായ അജ്ഞാത വധശ്രമങ്ങള്‍ക്ക് പിന്നിലെ കെട്ടഴിക്കാന്‍ മനഃശാസ്ത്ര വിദഗ്ദ്ധനും നകുലന്റെ ഉറ്റ സുഹൃത്തുമായ ഡോ. സണ്ണി എത്തുകയും ചെയ്യുന്ന ചിത്രം ഇന്നും പ്രേക്ഷരില്‍ ആകാംഷയുണര്‍ത്തുന്നുണ്ട്.
വിനയ പ്രസാദ് അവതരിപ്പിക്കുന്ന ശ്രീദേവിയാണ് മാടമ്ബള്ളിയിലെ രോഗിയെന്നാണ് എല്ലാവരും കരുതിയിരുന്നത്. നകുലന്റെ മുറപ്പെണ്ണാണ് ശ്രീദേവി. പിന്നീട് ഗംഗയാണ് രോഗിയെന്ന് കണ്ടെത്തുന്നു. ചിത്രം അവസാനിക്കുമ്ബോള്‍ മോഹന്‍ലാലിന്റെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രം ശ്രീദേവിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നുണ്ട്. ഇപ്പോഴിതാ സണ്ണിയുടെ ആ വിവാഹാഭ്യര്‍ത്ഥനയ്ക്ക് കത്തിലൂടെ മറുപടി കുറിച്ചിരിക്കുകയാണ് ശ്രീദേവി. ശരത് ശശി എന്നയാളുടെ ഭാവനയില്‍ വിരിഞ്ഞ ഈ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
കത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട സണ്ണി ജോസഫ് സൈക്കാര്‍ട്ടിസ്റ്റ്(അമേരിക്ക) വായിച്ചറിയുന്നതിന്,
ഇത് ഞാനാണ് ശ്രീദേവി. എന്നെ മനസിലാക്കാന്‍ എന്റെ പേരിനൊപ്പം തലയും വാലും ആവശ്യം ഇല്ല എന്ന് കരുതുന്നു. ആവശ്യമെങ്കില്‍ തന്നെ പാരമ്ബര്യമായി കിട്ടിയ തറവാട്ട് പേരോ, അച്ഛന്റെ പേരോ പേരിനൊപ്പം ചേര്‍ക്കാന്‍ തല്‍കാലം താല്‍പര്യമില്ല.
താങ്കളുടെ ഭാര്യാസ്ഥാനത്തേക്കുള്ള പ്രൊവിഷണല്‍ ഓഫര്‍ ലെറ്റര്‍ കിട്ടി ബോധിച്ചു. ഉപാധികള്‍ക്ക് വിധേയമായി താങ്കളുടെ അമ്മ എന്നെ കണ്ടു ബോധ്യപ്പെട്ട ശേഷം ആ ജോലി ഓഫര്‍ സ്ഥിരമാക്കും എന്ന കണ്ടീഷനും കേട്ടു. ക്രിസ്ത്യാനികള്‍ക്ക് ചൊവ്വാ ദോഷം ഇല്ല എന്നതിന് പകരം താങ്കള്‍ക്ക് ചൊവ്വാ ദോഷം ബാധകമല്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ പൊടിയ്ക്ക് പുരോഗമനം ചേര്‍ക്കാമായിരുന്നു. തല്‍കാലം അത് അവിടെ നില്‍ക്കട്ടെ.
വിവാഹത്തിന് മുന്‍പ് താങ്കളോ കുടുംബക്കാരോ നടത്താന്‍ പോകുന്ന ബാക്ക് ഗ്രൗണ്ട് വെരിഫിക്കേഷനില്‍ നിന്ന് കിട്ടേണ്ട ചില വിവരങ്ങള്‍ ഞാനായി നേരത്തെ അറിയിക്കാം എന്ന് കരുതി, അതാണ് ഈ കത്തിന്റെ ഉദ്ദേശ്യം.
നകുലനും ഞാനും കളിക്കൂട്ടുകാര്‍ ആയിരുന്നു. കുട്ടിക്കാലത്ത് ഒരിക്കലും ഞാനൊരു പെണ്ണ് ആണെന്നോ, നകുലന്‍ ആണ് ആണെന്നോ പറഞ്ഞു എന്നെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല. എന്റെ അച്ഛന്‍ ഞങ്ങളുടെ ബന്ധത്തെ പുതിയ ഒരു നിലയിലേക്ക് ആലോചിക്കുന്നതിന് മുന്‍പേ നകുലന്‍ എന്നോടുള്ള ഇഷ്ടത്തിന്റെ പല സൂചനകളും തന്നിരുന്നു. ആ ഇഷ്ടവും ഉപാധികള്‍ക്ക് വിധേയമാണ് എന്ന് ഞാന്‍ മനസിലാക്കിയത് എന്റെ അപ്പച്ചിയും നകുലന്റെ അമ്മയുമായ ശാരദ എന്ന സ്ത്രീ ഞങ്ങളുടെ വിവാഹം വേണ്ട എന്ന് തീരുമാനിച്ചപ്പോഴാണ്.
എന്റെ അഭിപ്രായം ചോദിക്കാതെ വാശി പിടിച്ചു നകുലന്റെ വിവാഹ ദിവസം തന്നെ എന്നെയും കല്യാണം കഴിപ്പിച്ച അച്ഛന്‍, പുരുഷന്മാരുടെ വാശിയുടെയും ദുരഭിമാനത്തിന്റെയും മാത്രം വിലയുള്ള കമ്ബോള ചരക്കുകള്‍ ആണ് സ്ത്രീകള്‍ എന്ന് എന്നോട് പറയാതെ പറഞ്ഞു. തന്റേതല്ലാത്ത കാരണത്താല്‍ എന്നെ വിവാഹം കഴിച്ച ധീര പുരുഷന്‍ ദൂരെ എവിടെയോ കിടക്കുന്ന ചൊവ്വയെ പേടിച്ചു എന്നെ ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. വീട്ടിലേക്ക് തിരികെ വന്നപ്പോള്‍ സഹതാപം പ്രകടിപ്പിച്ചു കുടുംബക്കാര്‍ എനിക്ക് അബല എന്ന മുദ്ര ചാര്‍ത്തി തന്നു.
നകുലനും ഗംഗയും നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഞാന്‍ വീണ്ടും ആക്റ്റീവ് ആയി എന്ന് ചെറിയമ്മ പറഞ്ഞു കേട്ടു. വീട്ടില്‍ ഗസ്റ്റുകള്‍ വരുമ്ബോള്‍ അടച്ചിരിക്കുന്നത് ബോറാണല്ലോ എന്ന് കരുതി എല്ലാരോടും ഇടപഴകി എന്നല്ലാതെ അതില്‍ കൂടുതല്‍ മാറ്റങ്ങളൊന്നും എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.
ഗംഗയുടെ മാനസിക രോഗം മറ്റുള്ളവരുടെ മുന്നില്‍ വെച്ചു പുറത്തു വരാതിരിക്കാന്‍ എന്നെ പിടിച്ചു പൂട്ടിയിട്ടയാളാണ് താങ്കള്‍. അതെന്താണ് എല്ലാരുടെയും മുന്നില്‍ ഞാന്‍ മാനസിക രോഗിയായാല്‍ ഒരു കുഴപ്പവും ഇല്ലേ? നകുലന് വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചു എന്ന പേരില്‍ ഒരു പോലീസ് കേസ് വന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്റെ സ്ഥിതി?
അത് പോട്ടെ ഫ്ലാഷ്ബാക്ക് പറയുമ്ബോള്‍ ഇയാള്‍ എന്താണ് നകുലനോട് പറഞ്ഞത്? നകുലന് വേണ്ടി ഇനി ഒരായിരം വട്ടം ഭ്രാന്തിയായി അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണെന്നോ? ഒരു മാനുഷിക. പരിഗണന അല്ലെങ്കില്‍ പിള്ളേര്‍ ടിക്ടോക്കില്‍ അഭിനയിക്കുന്നത് പോലെ ഒരു തവണ അഭിനയിച്ചു, അത്ര മതി. വലിയ ആഡംബരമാക്കേണ്ട, അതിനെ എനിക്ക് നകുലനോടുള്ള ഇഷ്ടമോ അടുപ്പമോ ആയി കാണുകയും വേണ്ട.
എല്ലാം കഴിഞപ്പോള്‍ ക്ലൈമാക്സ് പഞ്ചിന് വേണ്ടി എന്നെ താങ്കള്‍ പ്രൊപ്പോസ് ചെയ്തത് ഞാന്‍ പ്രതീക്ഷിച്ചതാണ്. സ്‌കൂളിലും, കോളേജിലുമൊക്കെ ഇത്തരം ചെക്കന്മാരെ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാലും താങ്കളില്‍ നിന്ന് അല്പം കൂടി നല്ലൊരു പ്രൊപ്പോസല്‍ ഞാന്‍ പ്രതീക്ഷിച്ചു. എന്റെ മറുപടി കാത്തു നില്‍ക്കാതെ താങ്കള്‍ പോയെങ്കിലും, അച്ഛനോട് ഈ വിഷയം താങ്കള്‍ സൂചിപ്പിച്ചു എന്ന് കേട്ടു. അത് നന്നായി, ആണുങ്ങള്‍ തമ്മിലാണല്ലോ കച്ചവടം പറഞ്ഞു ഉറപ്പിക്കേണ്ടത്.
ജനലയ്ക്ക് അരികില്‍ നിന്നുള്ള എന്റെ നോട്ടം സമ്മതം എന്ന് താങ്കള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ അതൊരു യാത്രയയപ്പ് മര്യാദ മാത്രമായിരുന്നു എന്ന് ഞാന്‍ പറയട്ടെ. ജനാലയ്ക്കരുകില്‍ ആരെങ്കിലും വരുവാനുണ്ട് എന്ന് കരുതി കാത്തിരിക്കുന്ന ഗംഗയല്ല ഞാന്‍. വിധേയത്വത്തിന്റെ ചങ്ങലയായ താലി പൊട്ടിച്ചെറിഞ്ഞു സ്വാതന്ത്ര്യത്തിലേക്ക് നടന്ന ശ്രീദേവിയാണ് ഞാന്‍.
ആയതിനാല്‍ താങ്കളുടെ ഓഫര്‍ സ്വീകരിക്കുവാന്‍ താല്പര്യം ഇല്ല എന്നറിയിക്കട്ടെ. ഇനി എവിടെയെങ്കിലും ചികില്‍സിക്കാന്‍ പോകുമ്ബോള്‍ പെണ്കുട്ടികളോട് ഇഷ്ടം തോന്നിയാല്‍, അമ്മയെ അയയ്ക്കാം, അമ്മ തീരുമാനിക്കട്ടെ എന്ന പ്രോവിഷനല്‍ ഓഫര്‍ കൊടുക്കാതെ ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഒരു തീരുമാനത്തില്‍ എത്താന്‍ ശ്രമിക്കുക.
വിഷ് യൂ ഗുഡ് ലേക്ക് ഇന്‍ ഫ്യൂചര്‍
എന്ന് ശ്രീദേവി.
Post Your Comments