കോവിഡും ലോക്ക്ഡൗണും കാരണം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് സിനിമാ സീരിയല്‍ മേഖല. അഭിനേതാക്കളില്‍ പലരും ജോലിയില്ലാതെ ദുരിതത്തില്‍ ആണ് കഴിയുന്നത്. ഈ ലോക്ഡൌണില്‍ ജീവിക്കാന്‍ ഉണക്കമീന്‍ വില്പ്പന നടത്തി മാതൃകയാകുകയാണ് നടന്‍ റോഷന്‍ പഡ്നേക്കര്‍. ‘ബാബാസാഹേബ് അംബേദ്കര്‍’ എന്ന മറാത്തി ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധനേടിയ നടനാണ് റോഷന്‍.
സാമ്പത്തിക പ്രതിസന്ധിമൂലമുണ്ടായ കടുത്ത വിഷാദവും ആത്മഹത്യ ചിന്തയുമൊക്കെ മറികടന്നാണ് റോഷന്‍ ജീവിതം തിരിച്ചുപിടിച്ചിരിക്കുന്നത്. ലോക് ഡൌണില്‍ ഇളവുകള്‍ വന്നതോടെ ഷൂട്ടിങ് തുടങ്ങാന്‍ അനുമതി കിട്ടിയെങ്കിലും പ്രധാനപ്പെട്ട അഭിനേതാക്കളെ മാത്രമാണ് ഇപ്പോള്‍ അഭിനയിപ്പിക്കുന്നത്. അതോടെ ഭാവി എന്താകും എന്ന് ആശങ്കയില്‍ ആയ റോഷന്‍ മീന്‍ പിടിക്കാന്‍ അറിയാവുന്നതിനാലാണ് ഇത്തരത്തിലൊരു മാര്‍ഗ്ഗം പരീക്ഷിക്കാന്‍ തീരുമാനിച്ചതെന്നും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോള്‍ പിന്തുണ ലഭിച്ചതോടെ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും പറയുന്നു.
“മീന്‍ ഉണക്കി വിറ്റാണ് ഇപ്പോള്‍ ജീവിക്കുന്നത്. അതില്‍ അഭിമാനം മാത്രമേയുള്ളൂ. വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സാമ്ബത്തിക സഹായം നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ വിളിച്ചിരുന്നു. അവരോട് ഞാന്‍ പറഞ്ഞത്, പണം വേണ്ട, പറ്റുമെങ്കില്‍ മീന്‍ വാങ്ങൂ എന്നാണ്. ചോദിച്ചവരോട് നന്ദി പറയുന്നു. എന്നാല്‍ എനിക്ക് ആരുടെയും സഹാനുഭൂതി വേണ്ട”, റോഷന്‍ പറഞ്ഞു.
“ഞാന്‍ ഇത്രയും കാലത്തെ ജീവിതം കൊണ്ട് നേടിയ സമ്ബാദ്യവും പതുക്കെ തീരാന്‍ തുടങ്ങി. സങ്കടം സഹിക്കാനാകാതെ വന്നപ്പോള്‍ ആത്മഹത്യയെക്കുറിച്ചും ചിന്തിച്ചു. എനിക്ക് ആറ് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞാണുള്ളത്. ഭാര്യയ്ക്ക് ജോലിയില്ല. ഞാന്‍ മരിച്ചാല്‍ അവര്‍ക്ക് മറ്റാരുമില്ല എന്ന ബോധ്യം എനിക്കുണ്ടായി. പിന്നീട് പോരാടാന്‍ തന്നെ നിശ്ചയിച്ചു. അതിപ്പോള്‍ മീന്‍വില്‍പ്പനയില്‍ എത്തി നില്‍ക്കുന്നു”, ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ പങ്കുവച്ചു
Post Your Comments