അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് കോടതിയുടെ അനുമതിയോടെ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന അപേക്ഷ പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്ന് സമര്‍പ്പിച്ചു.
മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്ന് രണ്ട് ജോഡി ആനക്കൊമ്ബുകള്‍ ആദായ നികുതി വകുപ്പ് റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ കോടനാട് റേഞ്ചിലെ മേയ്ക്കപ്പാല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ പിന്‍വലിക്കാനാണ് അനുമതി തേടിയിട്ടുള്ളത്. മോഹന്‍ലാല്‍ സര്‍ക്കാരിന് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തിയിരുന്നു. ആനക്കൊമ്ബുകള്‍ മോഹന്‍ലാലിന് ഉപഹാരമായി ലഭിച്ചതാണെന്നും എന്നാല്‍ സൂക്ഷിക്കാന്‍ അനുമതിയില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്.
ഇതിനു പിന്നാലെ മോഹന്‍ലാലിനെതിരായ കേസ് പിന്‍വലിക്കാന്‍ ഫെബ്രുവരി 7 നാണ് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം.എ.റെജീന ബീഗം ഉത്തരവിറക്കി. അനുമതി അപേക്ഷ പ്രോസിക്യൂട്ടര്‍ വഴി കോടതിയില്‍ സമര്‍പ്പിക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്കായിരുന്നു ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
Post Your Comments