CinemaGeneralLatest NewsMollywoodNEWS

പാപ്പുക്കുട്ടി ഭാ​ഗവതർ അന്തരിച്ചു

നൂറാംവയസില്‍ കച്ചേരി നടത്തി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി

പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ കൊച്ചി പെരുമ്പടപ്പിലെ വസതിയില്‍ അന്തരിച്ചു. നൂറ്റി ഏഴുവയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഏഴാംവയസില്‍ പാട്ടുമായി കൂട്ടുകൂടിയ പാപ്പുക്കുട്ടി നൂറാംവയസില്‍ കച്ചേരി നടത്തി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി.

ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന മലയാള ചലച്ചിത്ര-നാടക മേഖലയിലെ പ്രധാനിയായിരുന്നു പാപ്പുക്കുട്ടി ഭാഗവതര്‍. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴാം വയസ്സില്‍ സംഗീതനാടകത്തിലൂടെയാണ് പാപ്പുക്കുട്ടി ഭാഗവര്‍ അരങ്ങിലെത്തിയത്.

മായ, സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം തുടങ്ങി നിരവധി നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒരുവര്‍ഷം 290 ഓളം വേദികളില്‍ അവതരിപ്പിക്കപ്പെട്ട നാടകമായിരുന്നു മായ. ഈ നാടകത്തില്‍ പാപ്പുക്കുട്ടി നായകനും തിക്കുറിശ്ശി വില്ലന്‍ വേഷവുമായിരുന്നു അവതരിപ്പിച്ചത്.

പ്രസന്നയാണ് ആദ്യ സിനിമ. ഈ ചിത്രത്തില്‍ അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്. ഗുരുവായൂരപ്പന്‍,സ്ത്രീഹൃദയം, ഒരാള്‍കൂടി കള്ളനായി, മുതലാളി, വിരുതന്‍ ശങ്കു തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അഭിനയിച്ചിട്ടുണ്ട്. നൂറാം വയസില്‍ മുംബൈ പൊലീസ് ചിത്രത്തിലും വേഷമിട്ടിരുന്നു. 95-ാം വയസ്സില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പാടിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ‘എന്റടുക്കെ വന്നടുക്കും’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

shortlink

Post Your Comments


Back to top button