മലയാള സിനിമയില്‍ വാണിജ്യ സിനിമയുടെ പുത്തന്‍ ട്രെന്‍ഡ് ഉണ്ടാക്കിയ നവതരംഗ സംവിധായകന് സച്ചിയുടെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഹിറ്റുകളുടെ നടുവില്‍ നിന്ന് അരങ്ങൊഴിഞ്ഞ സച്ചി മലയാള സിനിമയില്‍ വിസ്മരിക്കപ്പെടാത്ത നാമമായി എന്നും നിലകൊള്ളും. മികച്ച കൊമേഴ്സ്യല്‍ തിരക്കഥകള്‍ കൊണ്ട് ആദ്യം മലയാള സിനിമയില്‍ അടയാളപ്പെട്ട സച്ചി പിന്നീട് ‘അനാര്‍ക്കലി’ എന്ന ചിത്രത്തിലൂടെ സംവിധായകനെന്ന നിലയിലും തന്റെതായ ഒരു കയ്യൊപ്പ് ഇവിടെ കുറിച്ചിട്ടിരുന്നു. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ് അയ്യപ്പനും കോശിയിലൂടെ വീണ്ടും സംവിധാന പുതുമ സമ്മാനിച്ച് കൊണ്ട് സച്ചി മലയാള സിനിമയില്‍ വീണ്ടും പുതിയ ചരിത്രമെഴുതിയിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമ കണ്ടു താന്‍ ഒരുപാട് മോഹിച്ചു പോയെന്നും ആ സിനിമ കണ്ടിറങ്ങിയ ശേഷം താന്‍ ആദ്യം വിളിച്ചത് സച്ചിയെ ആണെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
“റണ്‍ബേബി റണ്‍ എന്ന സിനിമയിലൂടെ ഞങ്ങള്‍ക്ക് വേണ്ടി വലിയ ഹിറ്റ് നല്കിയ തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. ‘അയ്യപ്പനും കോശിയും’ കണ്ടിറങ്ങിയപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അത്തരം ഒരു സിനിമയോടുള്ള ആരാധന എനിക്ക് കൂടുതലാണ്. അത് കൊണ്ട് ഞങ്ങള്‍ക്ക് വേണ്ടി അങ്ങനെയൊരു സിനിമയില്‍ സഹകരിക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു”.
Post Your Comments