സ്റ്റേജുകളില്‍ ആയിരക്കണക്കിന് വരുന്ന ആരാധകരെ ചിരിയുടെ വിസ്മയത്തില്‍ ആരാടിച്ച താരങ്ങളാണ് സുരാജും നിര്‍മ്മല്‍ പാലാഴിയുമെല്ലാം. സുരാജ്, നിര്‍മ്മല്‍, ഹരീഷ് കണാരന് തുടങ്ങിയ ടീം വിദേശത്ത് പതിനായിരക്കണക്കിന് പേർ കൊള്ളുന്ന വലിയ ഓപ്പൺ ഓഡിറ്റോറിയത്തില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ എത്തിയപ്പോള്‍ സംഭവിച്ചത് പങ്കുവച്ചിരിക്കുകയാണ് സുരാജ്.
”ആദ്യ ഒന്നരമണിക്കൂർ ഞങ്ങളുടെ ഷോ. അത് തീർന്നാലുടനെ ഹിന്ദിയിലെ പ്രശസ്തനായ സ്റ്റാൻഡ് അപ് കോമഡിയന്റെ പ്രോഗ്രാം. ഞാൻ സ്റ്റേജിലേക്ക് കയറി വൺമാൻ ഷോ തുടങ്ങി. തുടങ്ങുമ്പോഴേ പൊട്ടിച്ചിരി ഉണ്ടാകേണ്ടതാണ്. ആദ്യം ഒരു ഓലപ്പടക്കം ഇട്ടുനോക്കി. ആരും ചിരിക്കുന്നില്ല. ഒരു ഗുണ്ട് ഇട്ടു. അതും ചീറ്റി. പിന്നെ കതിന വന്നു ബോംബ് വന്നു. ഒരു പ്രതികരണവും ഇല്ല
എനിക്ക് ചെറിയ ഡൗട്ട് അടിച്ചു തുടങ്ങി. ഇവിടെ മലയാളികൾ എത്ര പേരുണ്ട് എന്ന് ചോദിച്ചു. സദസില്‍ നിന്ന് അഞ്ചോ ആറോ പേർ കൈ പൊക്കി. അതിൽ മൂന്നു പേർ മുന്നിലിരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട്കാരാണ്. ബാക്കിയെല്ലാരും ഹിന്ദിക്കാർ. ഞങ്ങളുടെ പ്രോഗ്രാം കഴിഞ്ഞുള്ള ഹിന്ദിക്കാരന്റെ സ്റ്റാന്റപ് കോമഡി കാണാൻ വന്നവർ മാത്രം. അപകടം മണത്ത് അഞ്ചു മിനിറ്റിൽ ഞാൻ പരിപാടി തീർത്തതും ഭയങ്കര കയ്യടി. സ്റ്റേജിൽ നിന്ന് പോകുന്നതാണ് കയ്യടി എന്ന് മനസ്സിലാക്കി ഞാൻ കണാരനോടു ചോദിച്ചു, ഇനി കയറണോ?
‘‘ഇങ്ങളെന്തിനാ ബേജാറാവണത്. ഞമ്മളെ സ്കിറ്റ് കേറട്ടെ ഇപ്പോ കൈയടി വരും.’’ ജാലിയന്‍ കണാരൻ നേരെ കയറിപോയി. കുറച്ചു കഴിഞ്ഞ് കാണുന്നത് കുറേ സ്ത്രീകൾ സ്റ്റേജിൽ കയറി ചീത്തവിളിക്കുന്നതാണ്. അതു കണ്ടാൽ കണാരനും നിർമലും എന്തോ വലിയ മോഷണം നടത്തിയതിന് അവർ വളഞ്ഞിട്ട് ബഹളമുണ്ടാക്കുന്നു എന്നേ തോന്നൂ… ” വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സുരാജ് പങ്കുവച്ചത്.
Post Your Comments