വര്‍ത്തമാനകാല മലയാളസിനിമയിലെ മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത് സച്ചി വിടവാങ്ങി. ഹൃദയാഘാതത്തെതുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. 12 ചിത്രങ്ങള്‍ അതും വെറും പതിമൂന്നു വര്ഷങ്ങള്‍കൊണ്ട് ഒരുക്കിയ കലാകാരന്‍. ചിരിയുടെയും ചിന്തയുടെയും പൂരങ്ങള്‍ പ്രേക്ഷകമനസ്സില്‍ നിറച്ച വാണിജ്യ ചിത്രങ്ങളുടെ അമരക്കാരന്‍ വിട വാങ്ങുമ്പോള്‍….
വിമൻസ് കോളജിൽ പിജി പഠിക്കാൻ എത്തുന്ന ആദ്യത്തെ പുരുഷ വിദ്യാർത്ഥിയുടെ കഥ പറഞ്ഞ ചോക്ലേറ്റുമായാണ് 2007ൽ സച്ചിദാനന്ദൻ എന്ന അഭിഭാഷകൻ സച്ചിയായി കൂട്ടുകാരൻ സേതുവിന്റെ കയ്യും പിടിച്ച് മലയാള സിനിമയിലേക്ക് കടന്നു വന്നത്. റോബിൻഹുഡ് എന്ന വിജയ ചിത്രത്തിലൂടെ സച്ചി- സേതു കൂട്ടുകെട്ട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറി. അതിന്റെ ഫലമാണ് മേക്കപ്പ് മാനും സീനിയേഴ്സും. വിജയങ്ങള്‍ക്കിടയില്‍ ആദ്യത്തെ മമ്മൂട്ടി ചിത്രത്തിലൂടെ പരാജയവും ഇരുവരും അറിഞ്ഞു. അങ്ങനെ ഡബിൾസ് എന്ന ചിത്രത്തിനു പിന്നാലെ ആ കൂട്ടുകെട്ട് വഴിപിരിഞ്ഞു.
ജോഷി ഒരുക്കിയ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി സച്ചി മാറിയപ്പോൾ മോഹൻലാലിന്റെ ഏറ്റവും വലിയ വിജയ ചിത്രത്തിന്റെ അമരക്കാരന്‍ ആകുകയായിരുന്നു. തുടർന്ന് ചേട്ടായീസ് എന്ന ഒരു ചെറിയ ചിത്രത്തിന്റെ സാമ്പത്തിക വിജയത്തിനു പിന്നിലും സച്ചി എന്ന എഴുത്തുകാരനും നിര്‍മ്മാതാവും ഉണ്ടായിരുന്നു.
2015ലാണ് സച്ചി തിരക്കഥാകൃത്തില്‍ നിന്നും സ്വതന്ത്ര സംവിധായകനായി ചുവടുവച്ചത്. ആദ്യ ചിത്രത്തിലെ നായകനായ പൃഥ്വിരാജ് തന്നെയായിരുന്നു അനാർക്കലി എന്ന സിനിമയിലെയും നായകൻ. ഒപ്പം ബിജു മേനോനും. മലയാള സിനിമയിൽ അധികമാരും പരീക്ഷിക്കാത്ത ലക്ഷദ്വീപിന്റെ ഭംഗിയിലൂടെ പ്രണയകഥ പറഞ്ഞ ചിത്രം മികച്ച വിജയം കൊയ്തു
വൻ വിവാദമായ ഒരു റിലീസിലൂടെയാണ് സച്ചി വാര്‍ത്തകളില്‍ ഇടം നേടി. 2017ൽ ദിലീപ് നായകനായ രാമലീല റിലീസ് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പുതുമുഖ സംവിധായകന് വേണ്ടി എഴുതിയ തിരക്കഥയും നായകനായ ദിലീപിന്റെ യഥാർത്ഥ ജീവിതത്തിലെ ജയിൽ വാസവും മറ്റു സംഭവവികാസങ്ങളും ചേർന്നപ്പോൾ സിനിമയേത്, യാഥാർത്ഥ്യമേത് എന്ന് സിനിമാക്കാർക്ക് പോലും സംശയമായി. വലിയൊരു പരീക്ഷണഘട്ടത്തില്‍ എല്ലാത്തരം പ്രതിബന്ധങ്ങൾക്കും അപ്പുറം വലിയ വിജയമായി തീരാന്‍ രാമലീലയ്ക്ക് കഴിഞ്ഞത് സച്ചിയുടെ ഘടനാപരമായ തിരക്കഥയിലെ ട്വിസ്റ്റുകള്‍ കൊണ്ടു തന്നെയാണ്. ഇതിനു ശേഷം ജീൻ പോൾ ലാലിന്റെ സംവിധാനത്തിൽ ഡ്രൈവിംഗ് ലൈസൻസുമായാണ് സച്ചി എന്ന എഴുത്തുകാരൻ രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയത്. താരവും ആരാധകനും തമ്മിലുള്ള ഈഗോ ക്ലാഷിന്റെ കഥ 2019ലെ സൂപ്പര്‍ ഹിറ്റായി.
അട്ടപ്പാടി എന്ന സ്ഥലത്തിന്റെ നിയമവും ഭൂമിശാസ്ത്രവും സാമൂഹിക ശാസ്ത്രവും ഇഴകലർത്തി സച്ചി തന്റെ രണ്ടാമത്തെ സംവിധാന സംരംഭം ഒരുക്കിയപ്പോള്‍ അയ്യപ്പനും കോശിയും 2020 വിജയം സ്വന്തമാക്കി. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ നിലപാടിന്റെ രാഷ്ട്രീയവും ലിപിയില്ലാത്ത ഒരു പാട്ടിലൂടെ നഞ്ചമ്മ എന്ന പാട്ടുകാരിയെയും മലയാളികള്‍ക്ക് സമ്മാനിച്ചു. തെലുങ്ക് , ഹിന്ദി പതിപ്പുകളിലേയ്ക്ക് അയ്യപ്പനും കോശിയും എത്തിയതുത്തന്നെ ചിത്രത്തിന്റെ വാണിജ്യ വിജയത്തിന്റെ ഫലമാണ്. എന്നാല്‍ അയ്യപ്പനും കോശിയും റിലീസ് ചെയ്ത് 130 ദിവസം കഴിയുമ്പോൾ സംവിധായകനും വിടവാങ്ങി. തന്റെ ഒട്ടേറെ സ്വപ്ന പദ്ധതികൾ അവശേഷിപ്പിച്ചുകൊണ്ട്…..
Post Your Comments