അന്തരിച്ച പ്രശസ്ത സംവിധായകൻ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. അദ്ദേഹത്തെക്കുറിച്ചുളള അനുസ്മരണങ്ങളിൽ തെളിയുന്നത് എപ്പോഴും സഹജീവികളോട് കാട്ടിയ കരുതലിന്‍റെയും നന്‍മയുടെയും കഥകളാണ്. ഇതിന് പിന്നാലെയാണ് കണ്ണുകള്‍ ദാനം ചെയ്ത വാര്‍ത്തയെത്തുന്നത്.
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (48) രാത്രി പത്തരയോടെയാണ് അന്തരിച്ചത്. വളരെ ചുരുക്കം സിനിമകളിലൂടെ മലയാളസിനിമയുടെ മുഖ്യധാരയില്‍ ഉദിച്ചുയര്‍ന്ന് കാലമധികം കഴിയും മുന്‍പാണ് സച്ചിയുടെ മടക്കം. അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. 2015 ല്‍ ഇറങ്ങിയ അനാര്‍ക്കലിയാണ് സച്ചി ആദ്യം സംവിധാനം ചെയ്ത സിനിമ. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം.
ഇന്നലെ രാത്രിയോടെയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്‍റിലേറ്ററിലായിരുന്നു അദ്ദേഹം. ഇന്ന് കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം രവിപുരം ശ്‍മശാനത്തില്‍ സംസ്‍ക്കരിക്കും.
Post Your Comments