കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണു മരിച്ച ബോളിവുഡ് നടി ജിയാ ഖാന്റെ മരണത്തില്‍ നടന്‍ സല്‍മാന്‍ ഖാനെതിരെ ഗുരുതരമായ ആരോപണവുമായി നടിയുടെ അമ്മ റാബിയാ ഖാന്‍ രംഗത്ത്. ജിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്തുനിന്ന സൂരജ് പഞ്ചാളിയെ രക്ഷിക്കാന്‍ സല്‍മാന്‍ ഖാന്‍ ഇടപെടല്‍ നടത്തി എന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡില്‍ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. കരണ്‍ ജോഹര്‍, സല്‍മാന്‍ഖാന്‍ തുടങ്ങിയ പ്രമുഖര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ്. ഈ അവസരത്തില്‍ ജിയയുടെ അമ്മയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് തുടക്കമിടുകയാണ്.
‘ജിയയുടെ മരണത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിബിഐ ഓഫീസറെ ഞാന്‍ ലണ്ടനില്‍ വച്ചു കാണാന്‍ ഇടയായി. അദ്ദേഹം എന്നോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. കേസുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍ അദ്ദേഹത്തെ എന്നും വിളിക്കാറുണ്ടായിരുന്നു. സൂരജിന്റെ സിനിമയ്ക്കായി താന്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ പോലീസ് അയാളെ തൊടരുതെന്നായിരുന്നു സല്‍മാന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്യരുതെന്നും മാനസികമായി വിഷമിപ്പിക്കരുതെന്നും സല്‍മാന്‍ അദ്ദേഹത്തോട് പറഞ്ഞു.- റാബിയ വെളിപ്പെടുത്തി. 2015 ലാണ് ഈ സംഭവമുണ്ടാകുന്നത്. ഇനിയെങ്കിലും ബോളിവുഡ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
2013 ലാണ് ജിയയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. പ്രണയം നടിച്ച് വഞ്ചിച്ചു എന്നായിരുന്നു ആരോപണം. സൂരജ് കാരണം ഗര്‍ഭച്ഛിദ്രം നടത്തേണ്ടിവന്നെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. നടി സെറീന വഹാബിന്റെയും നിര്‍മാതാവ് ആദിത്യ പഞ്ചോളിയുടെയും മകനാണ് സൂരജ്. സല്‍മാന്‍ഖാന്‍ നിര്‍മ്മിച്ച ഹീറോ എന്ന ചിത്രത്തിലൂടെയാണ് സൂരജ് നായകനായി എത്തുന്നത്. 2015ലായിരുന്നു സിനിമ റിലീസ് ചെയ്തത്.
Post Your Comments