ചെറുതും വലുതുമായ പല വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമാവുകയാണ് നിരഞ്ജന,സിനിമ ദേവാസുരം മുത്തച്ഛന്റെ കഥയാണ് ദേവാസുരം റിലീസായി ആറു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജനിക്കുന്നത്., പിന്നെയും ഒരു ആറു വര്‍ഷം കൂടി കഴിഞ്ഞാവും ആ സിനിമ കാണുന്നത്. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കഥയാണെന്ന് അപ്പോള്‍ അറിഞ്ഞില്ല എന്നതാണ് സത്യം.
എന്നാൽ മംഗലശേരി നീലകണ്ഠന്റെയും ഭാനുമതിയുടെയും രൂപ ഭാവം മുത്തച്ഛനും മുത്തശ്ശിയുമാണെന്ന് പിന്നീട് അറിഞ്ഞു. എനിക്ക് കിട്ടിയ ഭാഗ്യം എന്താന്ന് വച്ചാല്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പ്രണയം നേരില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും അത് സിനിമയിലൂടെ അറിയാന്‍ സാധിച്ചു. എനിക്ക് മൂന്നു വയസുള്ളപ്പോഴാണ് മുത്തച്ഛന് മരിക്കുന്നത്. മുത്തച്ഛനെക്കുറിച്ച് നേരിയ ഓർമ്മയാണുള്ളത്, ഞാന്‍ ഒരു കലാകാരിയാകുമെന്ന് മുത്തച്ഛന് കരുതിയിട്ടുണ്ടാവില്ല. അച്ഛന്റെ വീട്ടില്‍ കലയുമായി ബന്ധമുള്ള ആരുമില്ലായിരുന്നു എന്നതാണ് യാഥാർഥ്യം.
എന്റെ ചെറുപ്പം മുതല്‍ എന്നെ രഞ്ജിമാമ എവിടെ പോയാലും കൊണ്ടുപോകുമായിരുന്നു. ഷൂട്ടിംഗും ഡബ്ബിംഗും അവാര്‍ഡ് ചടങ്ങും കുറെ കണ്ടു. ഞാന്‍ മിക്കപ്പോഴും രഞ്ജിമാമയുടെ കൂടെയുണ്ടാവും. പുറത്തു പോകാന്‍ എനിക്കുമിഷ്ടമാണ്. എനിക്ക് സിനിമാ മോഹമേയുണ്ടാകില്ലെന്ന് പ്രതീക്ഷിച്ചാണ് രഞ്ജിമാമ എല്ലായിടത്തും കൊണ്ടുപോയത്. പക്ഷേ എപ്പോഴോ സിനിമ മനസില്‍ കയറിക്കൂടി. രഞ്ജി മാമയുടെ ലോഹത്തിലൂടെ സിനിമയില്‍ എത്തി. ഷോട്ട് വയ്ക്കുന്നതും ഡബ്ബിംഗ് സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും രഞ്ജിമാമ എന്നെ പഠിപ്പിച്ചു., ഞാനറിയാതെ സിനിമയുടെ ഇടയില്‍ വളരുകയായിരുന്നു. രഞ്ജിമാമയും ജയരാജ് (സംവിധായകന്) മാമയും എന്റെ അമ്മയ്ക്ക് സഹോദരതുല്യസ്ഥാനത്താണ്. വീട്ടിലെത്തിയാല്‍ അമ്മയുടെ ഇരുവശത്തും ഇരിക്കുന്ന പ്രിയ സഹോദരന്മാര്, ഏറെ ആഴമുള്ള അവരുടെ സഹോദര സ്നേഹ ബന്ധം കണ്ട് ഞാന്‍ നോക്കിനിന്നിട്ടുണ്ട്. വീട്ടില്‍ പുതിയ വിഭവം ഉണ്ടാക്കിയാല്‍ പോലും ഒരു പങ്ക് രഞ്ജിമാമയ്ക്കും ജയരാജ് മാമയ്ക്കുമുണ്ട്. പണ്ട് മുതലേ അങ്ങനെയാണ്. അവരുകൂടി പങ്കുച്ചേരുന്നതാണ് മുല്ലശേരിയിലെ എല്ലാ ആഘോഷവും എന്നും.
കുട്ടിക്കാലം മുതൽ തന്നെ രേവതി അമ്മായിയെ കാണുന്നതാണ്. അമ്മായിയുടെ കൂടെ പുറത്തു പോകുമ്ബോള്‍ ആളുകള്‍ വന്നു സംസാരിക്കുകയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്യുന്നത് ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്., വീട്ടില്‍ വന്ന് അമ്മയോട് പറയുമ്പോൾ രേവതി സെലിബ്രിറ്റിയല്ലേയെന്നാകും മറുപടി., എനിക്കും അതുപോലെയാകണമെന്ന് ആഗ്രഹിച്ചു, സിനിമയോട് ഇഷ്ടം തോന്നുന്നത് അങ്ങനെയാണ്. സിനിമയിലഭിനയിച്ചാല്‍ കൊള്ളാമെന്ന് രഞ്ജിമാമയോടാണ് ആദ്യം പറയുന്നത്. മൂപ്പര് പക്ഷേ ഒന്നും പറഞ്ഞില്ല. എന്റെ ആഗ്രഹം സീരിയസാണെന്നറിഞ്ഞപ്പോള്‍ വീട്ടില്‍ പ്രശ്നമായി.
ഞാന്‍ പഠിക്കുന്ന സമയത്ത് എന്ത് സിനിമയെന്ന് ചോദ്യം വന്നു. ഞാന്‍ വിടാതെ പിന്നാലെ നടന്ന് കെഞ്ചിയിട്ടാണ് രഞ്ജിമാമ ലോഹത്തില്‍ അഭിനയിപ്പിച്ചത്. ലോഹത്തില്‍ ലാല്‍ അങ്കിളായിരുന്നു നായകന്, ഒപ്പം ആന്‍ഡ്രിയ ജെറീമിയ ഉള്‍പ്പെടെ വലിയ താരനിര. ലാല്‍ അങ്കിളിന്റെ കൂടെയായിരുന്നു എന്റെ ആദ്യ ഷോട്ട്. ലോഹം കഴിഞ്ഞപ്പോള്‍ എല്ലാവരും തിരിച്ചറിയുമെന്ന് കരുതി. പക്ഷേ പ്രതീക്ഷിച്ച പോലൊന്നും സംഭവിച്ചില്ല. പുറത്തു പോകുമ്ബോള്‍ ആളുകള്‍ എന്നോട് എന്ത് ചെയ്യുന്നെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പറയും - പഠിക്കുന്നുണ്ട്, ഡാന്‍സ് ചെയ്യുന്നുണ്ട്, സിനിമയിലഭിനയിക്കുന്നുമുണ്ടെന്നൊക്കെ. അപ്പോള്‍ ഉടനേ വരും അടുത്ത ചോദ്യം: ’’ഏത് സിനിമയിലാണ് അഭിനയിച്ചത്?”” ലോഹത്തിലെന്ന് ഞാന്‍ . ഏത് കഥാപാത്രമെന്ന് അടുത്ത ചോദ്യം. ഒടുവില്‍ സിനിമയുടെ മുഴുവന്‍ കഥയും പറയേണ്ടിവരും. എന്നാലേ എന്നെ തിരിച്ചറിയാനാകൂ.
ഭാവിയിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹം. അഭിനയിച്ചു ഫലിപ്പിക്കാന്‍ എന്തെങ്കിലും ഉണ്ടാകണം. നായിക കഥാപാത്രത്തിനും കാരക്ടര്‍ വേഷങ്ങള്‍ക്കും ഇപ്പോള്‍ അതിന്റേതായ പ്രാധാന്യമുണ്ട്., എനിക്ക് രണ്ടും ചെയ്യാന്‍ ഇഷ്ടമാണ്. രണ്ടും കൂടി ചെയ്യുമ്പോഴാണ് സുഖം. ഗൂഢാലോചന മുതല്‍ എന്റെ ഇഷ്ടത്തിന് സിനിമ തിരഞ്ഞെടുക്കാന്‍ തുടങ്ങി. രണ്ടുവര്‍ഷമേ ആയുള്ളൂ അങ്ങനെയൊരു തീരുമാനമെടുത്തിട്ട്, എന്നാല്‍ എന്ത് സംശയം വന്നാലും രഞ്ജിമാമയോട് ചോദിക്കും. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ഇംഗ്ളീഷ് ലിറ്ററേച്ചര്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയാണ് ഞാന്‍., ഒരുപാട് നായികമാരെ കണ്ട കാമ്പസ്. എല്ലാ ബാച്ചിലും ഓരോ നായികമാര്‍ വീതം നേരത്തേ ഉണ്ടായിരുന്നു. അസിനും അമലപോളും സംവൃത സുനിലും സെന്റ് തെരേസാസ് നായികമാരാണ്.
Post Your Comments