
മലയാളത്തിന്റെ പ്രിയ നടനും എം പിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ച് ഛായാഗ്രാഹകൻ അഴകപ്പൻ. തന്റെ അടുത്ത സുഹൃത്തിന്റെ കുടുംബത്തിനു വേണ്ടി സുരേഷ് ഗോപി ചെയ്ത സഹായം വെളിപ്പെടുത്തിക്കൊണ്ടായിരുന്നു അഴകപ്പന്റെ കുറിപ്പ്. പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യത്വത്തോടെ ഇടപെടുന്ന ഇത്തരം നേതാക്കളെയാണ് നമുക്ക് ആവശ്യമെന്ന് അഴകപ്പൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അഴകപ്പന്റെ സുഹൃത്തായ റസാഖിന്റെ ഗർഭിണിയായ മകളെയും കുടുംബത്തെയും ഗൾഫിൽ നിന്നും കേരളത്തിലെത്തിക്കാൻ സഹായിച്ചത് സുരേഷ് ഗോപിയാണ്.
റസാഖ് കണ്ണൂരിന്റെ കുറിപ്പ്
സുരേഷ് ഗോപി എന്ന സിനിമാ നടനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷേ അദേഹത്തിന്റെ രാഷ്ട്രീയം എന്റെ നിലപാടിൽ നിന്ന് വളരെ ദൂരെയായിരുന്നു. പക്ഷേ സുരേഷ് ഗോപി എന്ന സ്നേഹനിധിയായ മനുഷ്യനെ ഞാനറിഞ്ഞു , എന്നും നന്മ ചെയ്യാൻ വെമ്പുന്ന അദേഹത്തിന്റെ ഹൃദയത്തെ അടുത്തവർക്കെല്ലാമറിയാം , മനസ്സിൽ കളങ്കമില്ലാത്തതു കൊണ്ട്തന്നെ എന്തും തുറന്ന് പറഞ്ഞ് പോകുന്ന, അനീതി കാണുമ്പോൾ എതിർത്തു പോകുന്ന, ആരുടെയെങ്കിലും സങ്കടം കേൾക്കുമ്പോൾ കണ്ണ് നനയുന്ന ആ മനുഷ്യസ്നേഹിയെ മനുഷ്യനെ ഞാനറിഞ്ഞു. അതൊരു നിധിയാണ്. ഹൃദയത്തിന്റെ വിശാലതയാണ്.
ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി, ഗൾഫിൽനിന്ന് നാട്ടിൽ വരാൻ കഴിയാതെ ഗർഭിണിയായ എന്റെ മകൾക്കും അവളുടെ രോഗിയായ ഭർത്താവിന്റെ ഉപ്പക്കും ഉമ്മക്കും നാട്ടിലേക്കു വരാൻ എംബസി യുമായി നേരിട്ട് ബന്ധപ്പെട്ട്, ഫ്ലൈറ്റ് ടിക്കറ്റ് കൈയിൽ കിട്ടുന്നത് വരെ നിരന്തരം ഫോളോഅപ്പ് ചെയ്ത്. അവളെ നാട്ടിലെത്തിക്കാൻ സഹായിച്ച ആ മഹാ മനസ്സിന് ഞാൻ നന്ദി എന്ന് പറയില്ല. ആ നന്ദി എന്നും ഒരു പ്രാർത്ഥനയായി അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും വേണ്ടി ഞാനും എന്റെ കുടുംബവും എന്നും മനസ്സിൽ സൂക്ഷിക്കും. എന്നും ഹൃദയത്തിൽ പ്രാർത്ഥനയിൽ ഉണ്ടായിരിക്കും.
ഇദ്ദേഹത്തെ പോലുള്ള നല്ലവരായ രാഷ്ട്രീയ പ്രവർത്തകർ നമ്മുടെ രാജ്യത്ത് വളരെ ഉയർന്ന സ്ഥാനങ്ങളിൽ ഉണ്ടാവട്ടെ. തീർച്ചയായും നമ്മുടെ കേരളത്തിനും സുരേഷ് ഗോപിയെകൊണ്ട് ഒരുപാട് നന്മകൾ ഉണ്ടാവും.തീർച്ച.
അഴകപ്പിന്റെ വാക്കുകൾ :
അതെ, ഇത് സത്യമാണ്. റസാഖ് എന്റെ ഏറ്റവും അടുത്ത കുടുംബ സുഹൃത്താണ്. മാത്രമല്ല നല്ലൊരു മനുഷ്യനും. ഈ സംഭവത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ എനിക്ക് അറിയാം. സുരേഷ് ഗോപി എംപിയെ സമീപിച്ചപ്പോൾ ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഒരിക്കൽ പോലും എന്റെ സുഹൃത്തിന്റെ പേരോ കുടുംബവിവരങ്ങളോ ചോദിച്ചില്ല. പാസ്പോർട്ട് വിവരങ്ങൾ ചോദിച്ചു. അതിന്റെ കൂടെ പ്രധാനകാര്യങ്ങളും. പിന്നീട് ആ കുടുംബം ഇവിടെ എത്തുന്നതു വരെ അദ്ദേഹം ഓരോ കാര്യങ്ങളും വ്യക്തിപരമായി തിരക്കുന്നുണ്ടായിരുന്നു. ഈദ് ദിനത്തിനു മുമ്പ് തന്നെ അവർ സ്വന്തം നാട്ടിലെത്തി. പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യത്വത്തോടെ ഇടപെടുന്ന ഇത്തരം വ്യക്തിത്വങ്ങളെയാണ് നമുക്ക് ആവശ്യം.
Post Your Comments