തൃശൂരിനെ സിനിമ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്തില് നിര്‍ണ്ണായക പങ്കുവഹിച്ച ‘ സപ്ന തീയറ്റർ’ ഓര്‍മ്മയാകുന്നു. സപ്ന തീയറ്റർ എന്നന്നേക്കുമായി അടച്ചൂപൂട്ടുകയാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കഴിഞ്ഞാലും ഇനി സപ്നയില്ല. തീയറ്ററും സ്ഥലവും ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പിന് ലീസിന് കൊടുത്തു കഴിഞ്ഞു.
തൃശൂരിലെ ആദ്യകാല സിനിമ തീയറ്ററുകളായ തൃശൂർ ജോസ് തീയറ്ററും സപ്നയും ഒരു കൂട്ടരുടെ ഉടമസ്ഥതയിൽ തന്നെയുള്ളതായിരുന്നു. മലയാളത്തിലേയും മറ്റു ഭാഷകളിലേയും പല ഹിറ്റ് സിനിമകളും പ്രദർശിപ്പിച്ചിട്ടുള്ള സപ്ന തീയറ്ററിന്റെ ആദ്യ പേര് രാമവർമ തീയറ്റർ എന്നായിരുന്നു.1930ൽ ജോസ് തീയറ്റർ തുടങ്ങി അധികം വൈകാതെ തന്നെ രാമവർമസ്വാമി എന്നയാൾ രാമവർമ എന്ന പേരിൽ തീയറ്റർ തുടങ്ങി.
1973ലാണ് രാമവർമ തന്റെ പ്രിയപ്പെട്ട തീയറ്റർ ജോസ് തീയറ്റർ ഉടമ കുഞ്ഞിപ്പാലുവിന് കൈമാറിയത്. കുഞ്ഞിപ്പാലു മകൻ മോഹൻപോളിന്റെ പേരിലാണ് തീയറ്റർ വാങ്ങിയത്. പിന്നെ തീയറ്ററിന്റെ പേര് സപ്ന എന്നാക്കി.
സപ്ന എന്നാണെങ്കിലും തൃശൂർക്കാർക്ക് സ്വപ്ന തീയറ്റായിരുന്നു, പഴമക്കാർക്ക് രാമവർമയും. കേരളമൊട്ടാകെ തീയറ്ററുകൾ നഷ്ടത്തിലായപ്പോൾ വിൽക്കുകയും കല്യാണമണ്ഡപങ്ങളാക്കുകയും ചെയ്ത സമയത്തും കടുത്ത സാന്പത്തിക നഷ്ടമുണ്ടെങ്കിലും സപ്ന തീയറ്റർ വിട്ടുകൊടുക്കാതെ മോഹൻപോൾ നടത്തിക്കൊണ്ടുപോയി.
തൃശൂരിലെ പല ചലചിത്രോത്സവങ്ങൾക്കും സപ്ന തീയറ്റർ പങ്കാളിയായിട്ടുണ്ട്. തീയറ്റർ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്ന ഉറപ്പായതിനാലാണ് ലീസിന് നൽകാൻ തീരുമാനിച്ചത്. പുതിയ സംരംഭം എന്തായിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും തീയറ്ററല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സപ്ന തീയറ്ററിലെ സീറ്റുകൾ അഴിച്ചുകൊണ്ടിരിക്കുകയാണ്. ജനറേറ്ററും എസിയും പ്രൊജക്ടറുമെല്ലാം അഴിച്ചു. ലോക്ഡൗണ്‍ കഴിഞ്ഞ് തൃശൂരിലെ മറ്റു തീയറ്ററുകൾ തുറക്കുന്പോൾ സപ്നയുടെ ഗേറ്റുകൾ മാത്രം ഇനി സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ അടഞ്ഞുകിടക്കും.
Post Your Comments