കൊച്ചി: കോവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ മലയാള സിനിമ മേഖലയെ കരകയറ്റാന്‍ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന പരസ്യമായി ആവശ്യപ്പെട്ടതില്‍ അതൃപ്തി അറിയിച്ച് താരസംഘടനയായ അമ്മ അംഗങ്ങള്‍ രംഗത്ത്. ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടത് ശരിയായില്ലെന്നും നേരിട്ട് അറിയിച്ച് കൂടിയാലോചന നടത്താമായിരുന്നുവെന്നും പല അംഗങ്ങളും തങ്ങളെ അറിയിച്ചതായി അമ്മ നേതൃത്വം വ്യക്തമാക്കി. മലയാള സിനിമയില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകള്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്തയക്കുകയായിരുന്നു.
അതേസമയം ഭാരവാഹികളില്‍ പലരും സംസ്ഥാനത്തിന് പുറത്തായതിനാലും എല്ലാവരുടേയും അഭിപ്രായം കേള്‍ക്കാതെ തീരുമാനമെടുക്കാനാവില്ലെന്നതിനാലും ജനറല്‍ ബോഡി വൈകുന്ന സാഹചര്യത്തിലാണ് അംഗങ്ങളുമായി ഇന്ന് അമ്മ നേതൃത്വം അനൗപചാരിക കൂടിയാലോചന നടത്തിയതിന് പിന്നാലെ ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചിരിക്കുന്നത്.
കോവിഡ് ഉണ്ടാക്കിയ വലിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വലിയ അളവില്‍ പ്രതിഫലം കുറയ്ക്കണമെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ഇത് ചൂണ്ടികാണിച്ച് വിവിധ ചലച്ചിത്ര സംഘടനകള്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അയച്ച് കത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും 25 മുതല്‍ 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Post Your Comments