
കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമ മേഖല വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാല്‍ താരങ്ങളുടെ പ്രതിഫലം കുറക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാനായി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷന് ഇന്ന് യോഗം ചേരും. കുറഞ്ഞത് ഇരുപത്തിയഞ്ചു ശതമാനമെങ്കിലും അവരുടെ പ്രതിഫലം കുറക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. പ്രധാന സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 ഏല്‍പ്പിച്ച ആഘാതം അത്ര വലുതാണെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. കൊച്ചിയില്‍ രാവിലെ പതിനൊന്നു മണിക്കാണ് യോഗം.
മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ ഒരു സിനിമയ്ക്ക് കോടികളാണ് പ്രതിഫലം വാങ്ങുന്നത്. കൂടാതെ സാറ്റലൈറ്റ് വിലയുള്ള മറ്റ് നടന്മാര് 75 ലക്ഷത്തിന് മുകളിലും വാങ്ങുന്നുണ്ട്. ഇനി ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പറയുന്നത്. നിര്‍മ്മാതാക്കളുടെ ആവശ്യത്തിന് ഫെഫ്ക അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
പ്രതിഫലം സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഔദ്യോഗികമായി പറയാതെ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നാണ് താര സംഘടന അമ്മയുടെ പ്രതികരണം. അതിനാല്‍ തന്നെ യോഗത്തിനു ശേഷം അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളുമായും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇക്കാര്യം ചര്‍ച്ച ചെയ്യും.
അതേസമയം ഇന്‍ഡോര്‍ ഷൂട്ടിംഗിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പക്ഷെ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഷൂട്ടുകള്‍ ഒരുമിച്ച് നടന്നില്ലെങ്കില്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്ര സിനിമകളുടെ ചിത്രീകരണം തുടങ്ങാന്‍ കഴിയുമെന്ന കാര്യവും ഷൂട്ടിംഗ് വീണ്ടും തുടങ്ങുന്ന തീയതി സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും.
Post Your Comments