കോവിഡ് വ്യാപനം മൂലം ചലച്ചിത്ര മേഖല സ്തംഭിച്ചെങ്കിലും ഈ ലോക്ക്ഡൗണില്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ എല്ലാം നല്‍കി കൊണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലരും രംഗത്തെത്തിയിട്ടുണ്ട്. പൊതുവെ സിനിമാക്കാര്‍ സമ്പന്നരെന്നാണ് വിശേഷിക്കപ്പെടാറുള്ളത്. എന്നാല്‍ ആ മേഖലയിലും സാമ്പത്തിക പിന്നോക്കം നില്‍ക്കുന്ന താരങ്ങളും ഉണ്ട്. അത്തരത്തില്‍ തന്റെ കൈയില്‍ പണം ഇല്ലാതിരുന്നിട്ടും ഈ ലോക്ക്ഡൗണില്‍ ഡിവൈഎഫ്‌ഐയുടെ ടിവി ചലഞ്ചിലൂടെ ഒരു പാവപ്പെട്ട കുട്ടിക്കുള്ള ടിവിയുമായി എത്തിയിരിക്കുകയാണ് നടന്‍ സുബീഷ്.
സ്വന്തമായി ടിവി ഇല്ലാത്ത കുട്ടികള്‍ക്കായി വിദേശത്തുള്ള സുഹൃത്തുമായി ചേര്‍ന്ന് ഒരു ടിവിയാണ് അദ്ദേഹം വാങ്ങി നല്‍കിയത്. പണമില്ലാതിരുന്നിട്ടും തന്റെ അവസ്ഥ ഓര്‍മപ്പെടുത്തിയും ഡിവൈഎഫ്‌ഐയുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ആരുടെയും മനസ്സലിയിപ്പിക്കുന്ന ഒന്നാണ്. താന്‍ കടം തിരിച്ചു കൊടുക്കാനുള്ള സുഹൃത്തുക്കളും ചെറിയ ചെറിയ പൈസ അവശ്യമുള്ള സുഹൃത്തുക്കളും ഇതു കണ്ടിട്ട് തന്നെ വിളിക്കരുതെന്നും സമൂഹത്തില്‍ എല്ലാവരും ഒരേ അവസ്ഥയില്‍ ജീവിക്കണം എന്നു ചിന്തിക്കുന ഒരാളാണ് താന്‍. അതാണ് ടിവിയില്ലാതെ ടാബ് ഇല്ലാതെ പഠിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്റെ കയ്യില്‍ പൈസ ഇല്ലാതിരുന്നിട്ടും ദുബായിലുള്ള സുഹൃത്തായ യു. സുരേഷേട്ടനൊപ്പം ചേര്‍ന്ന് ഡിവൈഎഫ്‌ഐ ടിവി ചലഞ്ചിന്റെ ഭാഗമായി ഒരു ടിവി നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കുറിക്കുന്നു.ടിവിയില്ലാതെ തന്റെ സ്വപ്നങ്ങള്‍ ബാക്കിയാക്കി മടങ്ങിയ ദേവികയ്ക്ക് ആദരാഞ്ജലികളും താരം നേര്‍ന്നു.
സുബീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ;
‘ഞാന്‍ കടം തിരിച്ചു കൊടുക്കാനുള്ള സുഹൃത്തുക്കളും ചെറിയ ചെറിയ പൈസ അവശ്യമുള്ള സുഹൃത്തുക്കളും ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്. പ്രവാസിയായ അച്ഛന്റെ പൈസ മാറാന്‍ എല്ലാ മാസവും ഒരു ദിവസം പയ്യന്നൂര്‍ ടൗണില്‍ വരുമ്പോള്‍ മസാല ദോശയോ അല്ലെങ്കില്‍ പൊറോട്ടയോ ബീഫോ കഴിക്കുന്നതായിരുന്നു എന്റെ ജീവിതത്തില്‍ ഒരു കാലത്തെ ഏറ്റവും വലിയ ആര്‍ഭാടം. ഇതൊന്നും കഴിക്കാതെ തൊട്ടടുത്ത ടേബിളില്‍ ചായ കുടിച്ചിരിക്കുന്ന എന്റെ താഴെയുള്ള കുട്ടികള്‍ ഞാന്‍ ബീഫും പൊറോട്ടയും കഴിക്കുന്നത് കഴിക്കുന്ന നോക്കി ഇരുന്നിട്ടുണ്ട്. തിരിച്ചു ഞാനും അങ്ങനെ ഒരുപാട് നോക്കി നിന്നിട്ടുണ്ട്. മുതിര്‍ന്നപ്പോള്‍ കൂടെ ഉള്ളവരും മറ്റു സഹജീവികളും എല്ലാവരും ഒരുപോലെ ജീവിക്കണം എന്നു ആഗ്രഹിക്കാറുണ്ട്. എന്നെക്കൊണ്ട് നടത്താവുന്ന രീതിയില്‍ ഞാന്‍ ചെയ്യാറുമുണ്ട്. സമൂഹത്തില്‍ എല്ലാവരും ഒരേ അവസ്ഥയില്‍ ജീവിക്കണം എന്നു ചിന്തിക്കുന ഒരാളാണ് ഞാന്‍. അതാണ് ടിവിയില്ലാതെ ടാബ് ഇല്ലാതെ പഠിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്റെ കയ്യില്‍ പൈസ ഇല്ലാതിരുന്നിട്ടും ദുബായിലുള്ള സുഹൃത്ത് യു. സുരേഷേട്ടനും ഞാനും കൂടി DYFI TV ചലഞ്ചിന്റെ ഭാഗമായി ഒരു ടിവി നല്‍കാന്‍ തീരുമാനിച്ചതു. അതു ഇന്ന് DYFI യെ ഏല്‍പ്പിച്ചു. അവര്‍ അതു അര്‍ഹതയുള്ള കൈകളില്‍ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്. ടിവിയില്ലാതെ തന്റെ സ്വപ്നങ്ങള്‍ ബാക്കിയാക്കി മടങ്ങിയ ദേവികയ്ക്ക് ആദരാഞ്ജലികള്‍.’ സുബീഷ് കുറിച്ചു.
Post Your Comments