മലയാളികളുടെ പ്രിയ നായിക മിയ ജോര്‍ജ് വിവാഹിതയാകുന്നു. എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയാണ് മിയയുടെ ഭാവി ജീവിത പങ്കാളി. സെപ്റ്റംബറില്‍ വിവാഹം നടക്കുമെന്നുമാണ് സൂചനകള്‍. എന്നാല്‍ ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം നടിയുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അശ്വിന്റെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. വിവാഹനിശ്ചയത്തിന്റെ തിയതി ഇരുകുടുംബങ്ങളും നേരത്തെ നിശ്ചയിച്ചിരുന്നതിനാലും ലോക്ഡൗണ്‍ സാഹചര്യത്തില്‍ തിയതി നീട്ടിക്കൊണ്ടുപോകാന്‍ ഇരുവീട്ടുകാര്‍ക്കും താല്‍പര്യമില്ലായിരുന്നതിനാലുമായിരുന്നു ഇപ്പോള്‍ വിവാഹം നിശ്ചയിച്ചതെന്ന് നടിയോട് ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ പറയുന്നു.
കോട്ടയം പാലാ സ്വദേശികളായ ജോര്‍ജ്ജിന്റെയും മിനിയുടെയും മകളാണ് മിയ. അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചെയ്ത് രംഗത്തുവന്ന നടിയാണ് മിയ. പിന്നീട് മലയാള തമിഴ് സിനിമകളിലെ നായികയായി മാറുകയായിരുന്നു താരം. 2010 ല്‍ രാജസേനന്‍ സംവിധാനം ചെയ്ത ഒരു സ്മാള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയായിരുന്നു മിയയുടെ സിനിമ പ്രവേശനം. പിന്നീട് 2012 ല്‍ ഇറങ്ങിയ ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് മിയ നായികയായി അരങ്ങേറുന്നത്. ഇതുവരെ 30 ലേറെ സിനിമകളില്‍ താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഡോക്ടര്‍ ലൗ, ഈ അടുത്ത കാലത്ത്, മെമ്മറീസ്, വിശുദ്ധന്‍, കസിന്‍സ്, സലാം കാശ്മീര്‍, അനാര്‍ക്കലി, പാവാട, ഹലോ നമസ്തെ, ഡ്രൈവിങ് ലൈസന്‍സ്, ബ്രദേഴ്സ് ഡെ, പട്ടാഭിരാമന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
അമരകാവ്യം എന്ന സിനിമയിലൂടെ തമിഴിലുമെത്തിയ മിയ ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ടിഎന്‍എസ്എഫ്എ. അവാര്‍ഡും നേടി. ഉങ്കരള റാംബാബു എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചിരുന്നു താരം. അല്‍മല്ലു ആണ് താരത്തിന്റെ അവസാനമായി തിയറ്ററുകളില്‍ എത്തിയ ചിത്രം. കോബ്ര എന്ന തമിഴ് ചിത്രമാണ് മിയയുടേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.
Post Your Comments