ഒരു സംവിധായകനെന്ന നിലയില്‍ താന്‍ ചെയ്തിട്ടുള്ള സിനിമകളില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രത്തെക്കുറിച്ച് സിബി മലയില്‍ സംസാരിക്കുന്നു.
“എംടിയുള്ള ഒരു റൂമിനകത്താണ് സദയത്തിന്റെ അവസാന ഭാഗത്തിലെ വളരെ വൈകാരികമായ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. വല്ലാത്ത ഒരു പരിമിധിക്കുള്ളില്‍ നിന്ന് ചെയ്തു തീര്‍ത്ത രംഗങ്ങളായിരുന്നു അത്. എനിക്ക് ഒരു ട്രോളി ഇടാന്‍ പോലുമുള്ള സ്പേസ് അവിടെ ഉണ്ടായിരുന്നില്ല. അത്തരം പരിമിധിക്കുള്ളില്‍ നിന്ന് കൊണ്ടുള്ള എന്റെ ടെക്നിക്കല്‍ ബ്രില്ല്യന്‍സിനപ്പുറം ആക്ടറുടെ കോണ്ട്രിബ്യൂഷന്‍ വല്ലാതെ മുന്നില്‍ നിന്ന സിനിമയായിരുന്നു സദയം. കുട്ടികളെ കൊല്ലുന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗം ഞാന്‍ നാല് രാത്രികള്‍ കൊണ്ട് അതിന്റെ ഓര്‍ഡറിലാണ് ഷൂട്ട് ചെയ്തത്. കുട്ടികളെ കൊല്ലുന്ന ഒരു സീനിലേക്ക് വരുമ്പോള്‍ മോഹന്‍ലാലിന്‍റെ സത്യനാഥന്‍ എന്ന കഥാപാത്രം പൂര്‍ണമായും അപ് നോര്‍മല്‍ ആയിട്ടുണ്ട്. വല്ലാത്തൊരു ഭ്രാന്തിന്റെ അവസ്ഥയാണത്. ഈ കുട്ടിയെ പിടിച്ച് ചേര്‍ത്ത് നിര്‍ത്തി ഒരു ക്ലോസ് അപ് എടുത്തപ്പോള്‍ മോഹന്‍ലാലിന്‍റെ കണ്ണില്‍ ഞാന്‍ ഒരു തിളക്കം കണ്ടു. ഞാന്‍ അസിസ്റ്റന്റിനെ വിളിച്ചു ചോദിച്ചു ‘ഇയാള്‍ക്ക് ഗ്ലിസറിന്‍ കൊടുത്തോ’ എന്ന്. ഇല്ലെന്നായിരുന്നു മറുപടി. ലാല്‍ ഗ്ലിസറിനിട്ടോയെന്നു നേരിട്ട് ചോദിച്ചപ്പോള്‍ ലാലും പറഞ്ഞു ‘ഞാന്‍ ഗ്ലിസറിന്‍ ഉപയോഗിച്ചിട്ടില്ല’, എന്ന്, ഞാന്‍ അതില്‍ നിന്ന് മനസിലാക്കിയിട്ടുള്ളത് ഇതാണ്. ശരിക്കും ഉന്മാദത്തിന്റെ അവസ്ഥയിലെത്തുമ്പോള്‍ പലരുടെയും കണ്ണുകളില്‍ ഒരു നനവ് ഉണ്ടാകുമെന്ന് പറയാറുണ്ട്. അത് അറിയാതെ സംഭവിച്ചു പോകുന്നതാണ്” -സദയത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് സിബി മലയില്‍ പറയുന്നു.
Post Your Comments