കൊച്ചി : ഈ ലോക്ക്ഡൗണില്‍ ജനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട സൂപ്പര്‍ഹീറോ പരിവേഷമാണ് ബോളിവുഡ് നടന്‍ സോനൂ സൂദിന്. കുടിയേറ്റ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാനായി ബസുകള്‍ ഒരുക്കുകയും പാസുകള്‍ ലഭിക്കാന്‍ സഹായവും ചെയ്ത ബോളിവുഡ് നടന്‍ സോനു സൂദ് വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് കൊച്ചിയില്‍ കുടുങ്ങിയ 167 സ്ത്രീകളെ അവരുടെ സ്വദേശമായ ഒറീസയിലെ ഭുവനേശ്വറിലേക്കെത്തിച്ചാണ് സോനു സൂദ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കോവിഡിന് പിന്നാലെ ഫാക്ടറി അടച്ചതോടെ ഇവര്‍ എറണാകുളത്ത് കുടുങ്ങിയിരിക്കുകയായിരുന്നു.
തുന്നല്‍, എംബ്രോയിഡറി ജോലികള്‍ ചെയ്തിരുന്ന ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് നടന്റെ സഹായം തേടിയത്. ഈ സംഭവമറിഞ്ഞ നടന്‍ ഉടന്‍ തന്നെ ഇടപെടുകയും മിക്ക വിമാനത്താവളങ്ങളും പ്രവര്‍ത്തനം പൂര്‍ണമായ രീതിയില്‍ പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ കൊച്ചിയില്‍ നിന്ന് ഭുവനേശ്വര്‍ വിമാനത്താവളത്തിലേക്ക് ഇവര്‍ക്കായി വിമാനമെത്തിക്കാന്‍ നടന്‍ പ്രത്യേക അനുമതി നേടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ റോഡ് മാര്‍ഗമുള്ള അന്തര്‍സംസ്ഥാന യാത്ര ബുദ്ധിമുട്ടായതിനാലാണ് വ്യോമമാര്‍ഗം സ്വീകരിച്ചതെന്നും കുടിയേറി വന്നിട്ടുള്ള അവസാന വ്യക്തിയും വീടെത്തി എന്നുറപ്പു വരും വരെ താന്‍ തന്റെ ജോലി തുടരുമെന്നും സോനു സൂദ് മാധ്യമങ്ങളോടു പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിയോടെ ബെംഗളുരുവില്‍ നിന്ന് കൊച്ചിയില്‍ പ്രത്യേക വിമാനമെത്തിച്ചാണ് താരത്തിന്റെ നേതൃത്വത്തില്‍ ഇവരെ നാട്ടിലെത്തിച്ചത്. വിമാനത്താവളത്തില്‍ നിന്നും ഇവര്‍ക്ക് വീടുകളിലേക്ക് പോകാനുള്ള ബസ്സുകളും താരം ഏര്‍പ്പാടാക്കിയിരുന്നു.
Post Your Comments