സിനിമയിലെ അതേ രംഗങ്ങള്‍ ജീവിതത്തിലും. അമ്പരപ്പും വേദനയും വിട്ടുമാറാതെ സഹതാരങ്ങള്‍. കഴിഞ്ഞ രാത്രി തൃക്കടവൂർ നീരാവിൽ പൊട്ടൻമുക്കിനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മതിലിലിടിച്ചു മലയാളത്തിലെ യുവനടന് ഗോഡ്ഫ്രെ(36) അന്തരിച്ചു. നായകനായ സിനിമയിലെ അന്ത്യരംഗങ്ങളുടെ തനിയാവർത്തനമായിരുന്നു ഗോഡ്ഫ്രെ ജീവിതത്തിലും സംഭവിച്ചത്.
ചവറ ഭരണിക്കാവ് പിജെ ഹൗസിൽ റിട്ട. എസ്ഐ: ജോൺ റോഡ്രിഗ്സിന്റെ മകനായ ഗോഡ്ഫ്രെ, പ്രാക്കുളത്തെ ബന്ധുവീട്ടിൽ പോയി മടങ്ങി വരവേയായിരുന്നു അപകടം. ഹെൽമറ്റ് തകർന്നു തലയ്ക്കു പരുക്കേറ്റു രക്തം വാർന്ന് ഏറെ നേരം റോഡിൽ കിടന്നെങ്കിലും ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. പിന്നീടെത്തിയ കെഎസ്ഇബി ജീവനക്കാരൻ കൃത്രിമശ്വാസം നൽകി. തുടർന്ന് സ്ഥലത്തെത്തിയ യുവാക്കൾ ഓട്ടോറിക്ഷയിൽ സമീപത്തെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.
4 വർഷം മുൻപ് സുഹൃത്ത് ഷൈജുവുമായി ചേർന്നു നിർമിച്ച ‘ദ് ലവേഴ്സ്’ എന്ന സിനിമയിലെ നായകനായിരുന്നു ഗോഡ്ഫ്രെ. താരത്തിന്റെ മരണവും സിനിമയിലെത് പോലെ. അതിന്റെ വേദനയിലാണ് സഹപ്രവര്‍ത്തകര്‍.
ഗോഡ്ഫ്രെയുടെ നായക കഥാപാത്രം ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുന്നതായിരുന്നു സിനിമയിലെ അപകടരംഗം. നായകന്റെ മൃതദേഹം പള്ളിയിലെത്തിക്കുന്ന ആംബുലൻസ് ഡ്രൈവറുടെ വേഷമിട്ട ചവറ പന്മന പുത്തൻചന്ത അഥീന കോട്ടേജിൽ അബ്ദുൽ സലീം തന്നെ ഇന്നലെ ഗോഡ്ഫ്രെയുടെ മൃതദേഹം ആംബുലൻസിൽ ചവറ തലമുകൾ സെന്റ് അഗസ്റ്റിൻ പള്ളിയിലെത്തിച്ചു. സിനിമയിൽ മൃതദേഹത്തെ വസ്ത്രങ്ങൾ അണിയിച്ച സലിം ഇന്നലെ വീട്ടുകാരുടെ അഭ്യർഥനപ്രകാരം അതേ വസ്ത്രങ്ങൾ അണിയിച്ചാണ് അന്ത്യയാത്രയും ഒരുക്കിയത്.
കരുനാഗപ്പള്ളിയിലായിരുന്നു സിനിമയിലെ അന്ത്യരംഗങ്ങൾ പാട്ടിലൂടെ ചിത്രീകരിച്ചത്. സിനിമയിലെ ബാക്കി എല്ലാ പാട്ടുകളും യൂട്യൂബിൽ അപ്ലോഡ് ചെയ്തെങ്കിലും ഈ പാട്ടു മാത്രം അപ്ലോഡ് ചെയ്യാൻ ഗോഡ്ഫ്രെ സമ്മതിച്ചിരുന്നില്ല. അമ്മ: ഫിലോ. സഹോദരങ്ങൾ: ആശ, ആന്റണി
Post Your Comments