ചമയങ്ങള്‍ അഴിച്ചുവച്ച ലോകത്തേയ്ക്ക് ഒടുവില്‍ ഉണ്ണികൃഷ്ണന് എന്ന മനുഷ്യന് യാത്രയായിട്ട് പതിനാലു വര്‍ഷങ്ങള്‍ പിന്നിടുന്നു. നാടന്‍ വേഷങ്ങളിലൂടെ എന്നും മലയാളി മനസ്സുകളില്‍ ഒടുവില്‍ എന്ന കലാകാരന് നിറഞ്ഞു നില്ക്കും. സംവിധായകന് സത്യന് അന്തിക്കാട് ഉണ്ണിയേട്ടന് എന്ന് വിളിക്കുന്ന തന്റെ പ്രിയതാരത്തെക്കുറിച്ച് ‘സത്യന് അന്തിക്കാടിന്റെ ഗ്രാമീണര്‍’ എന്ന പുസ്തകത്തില്‍ പങ്കുവയ്ക്കുന്നുണ്ട്.
കളിക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ ഒരു സംഭവം സത്യന്‍അന്തിക്കാട് പുസ്തകത്തില്‍ പറയുന്നുണ്ട്. ” ഉണ്ണിയേട്ടനെയും ഇന്നസെന്റിനെയും വെച്ച് ഒരു രംഗം ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. വൈകുന്നേരമാണ് ആ സീന്‍ ചിത്രീകരിക്കേണ്ടത്. പഴയ ചില കൂട്ടുകാരുമായി മുറിയില്‍ സല്ലപിച്ചിരിക്കയായിരുന്നു ഉണ്ണിയേട്ടന്. മുന്‍പ് കെ.പി.എ.സിയിലായിരുന്നതുകൊണ്ട് നാടകരംഗത്തുള്ള പലരും അദ്ദേഹത്തിന്റെ സുഹൃദ്വലയത്തിലുണ്ടായിരുന്നു. വര്‍ത്തമാനവും മദ്യപാനവും ചിരിയുമൊക്കെയായി സംഭവം കൊഴുക്കുമ്പോഴാണ് സംവിധാനസഹായി ഉണ്ണിയേട്ടനെ തേടി അവിടെയെത്തുന്നത്. ബീര്‍ കുടിച്ചാല്‍പോലും ലഹരി പിടിക്കുന്ന പ്രകൃതമാണ്. ‘എനിക്ക് തീരെ വയ്യ എന്ന് സത്യനോടു പറയൂ’- ഉണ്ണിയേട്ടന് വലിയ ഉദാസീനതയോടെ പറഞ്ഞു.
ആ സീന്‍ ചിത്രീകരിച്ചില്ലെങ്കില്‍ ഷെഡ്യൂള്‍ മുഴുവന്‍ അവതാളത്തിലാകുമെന്ന് സംവിധാനസഹായി പറഞ്ഞപ്പോള്‍, ഉണ്ണിയേട്ടന് ലൊക്കേഷനിലേക്ക് പുറപ്പെട്ടു.. അമൃതാഞ്ജന്‍ പുരട്ടിക്കൊണ്ടായിരുന്നു ഉണ്ണിയേട്ടന് സെറ്റിലെത്തിയത്. അമൃതാഞ്ജന്റെ രൂക്ഷഗന്ധത്തേക്കാള്‍ മദ്യത്തിന്റെ ഗന്ധമാണ് എനിക്കിഷ്ടം എന്നു ഞാന്‍ പറഞ്ഞപ്പോള്‍, കാല്ച്ചുവട്ടില് നോക്കി ഉണ്ണിയേട്ടന് ഒരു ചിരി ചിരിച്ചു. പിടിക്കപ്പെട്ട ഒരാളുടെ ചിരി. ഒരു തൃശ്ശൂര്‍ക്കാരന്‍ ചിട്ടിക്കാരനായിട്ടാണ് ഉണ്ണിയേട്ടന് അതിലഭിനയിച്ചത്. മദ്യപിച്ചതിന്റെ യാതൊരു ലാഞ്ഛനയുമില്ലാതെ ഉണ്ണിയേട്ടന് അന്നഭിനയിച്ചു.” സത്യന് അന്തിക്കാട് കുറിക്കുന്നു
Post Your Comments