കൊല്ലം അഞ്ചലില്‍ കിടപ്പുമുറിയില്‍ ഉത്ര എന്ന യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഉത്രയുടെ ഭര്‍ത്താവും സുഹൃത്തും അറസ്റ്റിലായതിനു പിന്നാലെയാണ് 1985 ല്‍ പുറത്തിറങ്ങിയ ഒരു സംഭാഷണ ശകലം ചര്‍ച്ചാവിഷയമാകുന്നത്. പത്മരാജന്‍ തിരക്കഥയെഴുതി ഐ.വി .ശശി സംവിധാനം ചെയ്ത കരിമ്പിന്‍പൂവിനക്കരെ എന്ന ചിത്രത്തിലെ ‘അവനെ കൊത്തിയ പാമ്പ് ഞാനാ’ എന്നു തുടങ്ങുന്ന സംഭാഷണമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്.
ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഊര്‍വശിയോട് പറയുന്ന ഡയലോഗാണിത്. ഈ സിനിമയിലും പ്രമേയം പ്രതികാരമാണ്. കൊല്ലുന്നത് കരിമൂര്‍ഖനെ ഉപയോഗിച്ചും. മമ്മൂട്ടി (ശിവന്‍ ), ഭരത് ഗോപി (ചെല്ലണ്ണന്‍), ഉര്‍വശി (ചന്ദ്രിക), രവീന്ദ്രന്‍ (തമ്പി) എന്നിവരും അണി നിരന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു പ്രതികാരകഥയാണ് പറഞ്ഞത്. ചിത്രത്തില്‍ പ്രതികാരദാഹിയായ ഭദ്രന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
കരിമ്പു കൃഷി വ്യാപകമായിരുന്ന കാലത്തെ കഥ. തന്റെ സഹോദരനായ ചെല്ലണ്ണന്റെ മരണത്തിനു കാരണക്കാരിയായ ചന്ദ്രികയോടുള്ള ഭദ്രന്റെ പ്രതികാരമാണ് ഇതിലെ പ്രധാനപ്രമേയം. ചന്ദ്രികയെ വിവാഹം കഴിച്ച തമ്പി മരിച്ചതിനു ശേഷം ഗ്രാമത്തിലെ കരിമ്പിന്‍ പാടത്തിനരികിലെ നടവഴിയിലൂടെ നടന്നു വരുന്ന ചന്ദ്രികയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വെരട്ട്… അല്ലേ ? ഇപ്പ എങ്ങനിരിക്കുന്നു എന്നു ദദ്രന്‍ ചോദിക്കുമ്പോള്‍ അതെന്റെ വിധി എന്ന് ചന്ദ്രിക മറുപടി പറയുമ്പോളാണ് വിധിയൊന്നുമല്ലേടീ..അവനെ കൊത്തിയ പാമ്പ് ഞാനാ… എനിക്കതിന്റെ ചെലവെന്തവാന്നറിയാവോ ? പാമ്പുപിടുത്തക്കാരന്‍ കൊറവന് കൊടുത്ത 150 രൂപയും മണ്ണാറക്കൊളഞ്ഞി വരെ പോയ വണ്ടിക്കൂലീം. അടുത്തത് നീയാ. പിന്നെ നിന്റെ മോന്‍ എന്ന് ഭദ്രന്‍ പറയുന്നത്.
ഈ രംഗങ്ങളും സംഭാഷണവുമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. പരമാവധി സ്വത്ത് കൈക്കലാക്കി ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു പ്രതി. എന്നാല്‍ വിവാഹമോചനം നേടിയാല്‍ വാങ്ങിയ പണമെല്ലാം ഉത്രയുടെ വീട്ടുകാര്‍ക്ക് തിരികെ നല്‍കേണ്ടിവരുമെന്ന് ഭയപ്പെട്ടാണ് ഭാര്യയെ കൊലപ്പെടുത്തി ഒഴിവാക്കാം എന്ന തീരുമാനത്തിലേക്കെത്തിയതെന്ന് ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചതോടെ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Post Your Comments