Latest NewsNEWS

ഇത്തരം കലാപരിപാടികളൊക്കെ അങ്ങ് ഉത്തരേന്ത്യയില്‍ നടക്കുമായിരിക്കും, ഇത് നാട് വേറെയാണ്, ഈ വക അഭ്യാസങ്ങളൊക്കെ നാലായിട്ട് ചുരുട്ടി സ്വന്തം കീശയില്‍ തിരുകിയാല്‍ മതി ; എംഎ നിഷാദ്

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ ഷൂട്ടിംഗ് സെറ്റ് അഖില ഹിന്ദു പ്രവര്‍ത്തകര്‍ പൊളിച്ചതിനെതിരെ പ്രതികരണവുമായി സംവിധായകന്‍ എംഎ നിഷാദ്. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സിനിമാ രംഗത്തുനിന്ന് ഉയരുന്നത്. ഇതിനു പിന്നാലെയാണ് കനത്ത വിമര്‍ശനവുമായി നിഷാദും രംഗത്തെത്തിയിരിക്കുന്നത്. ഇത് തീവ്രവാദ പ്രവര്‍ത്തനമല്ലാതെ പിന്നെന്താണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

ഒരു സിനിമയുടെ സെറ്റ് തച്ചുടക്കുക, അത് ഒരാഘോഷമായി,സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക, വര്‍ഗ്ഗീയ പ്രചാരണങ്ങളിലൂടെ ഈ വിഷയത്തെ മറ്റൊരു തരത്തില്‍ എത്തിക്കാനുളള ശ്രമം ആരംഭിക്കുക ഇത്തരം പ്രകടനങ്ങളേയും, പ്രവര്‍ത്തികളേയും, തീവ്രവാദം എന്ന് തന്നെ പറയണമെന്ന് അദ്ദേഹം പറയുന്നു.

പണ്ടേ കലാകാരന്മാരേയും, കലാസൃഷ്ടികളേയും, ഭയവും, ചതുര്‍ത്ഥിയുമാണ്, ഈ വര്‍ഗ്ഗീയ വിഷങ്ങള്‍ക്കെന്നും എന്തിനേയും പൊളിക്കുക എന്നുളളതാണ് അവരുടെ അജണ്ട, അത്തരം കലാപരിപാടികളൊക്കെ ഉത്തരേന്ത്യയില്‍ നടക്കുമായിരിക്കും, എന്നാല്‍ ഈ വക അഭ്യാസങ്ങളൊക്കെ നാലായിട്ട് ചുരുട്ടി സ്വന്തം കീശയില്‍ തിരുകിയാല്‍ മതിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സിനിമയുടെ സെറ്റ് കാലടി മണപ്പുറത്തുനിന്ന് പൊളിച്ചുനീക്കിയതായി എഎച്ച്പി ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്ന് ഹരി പാലോട് വ്യക്തമാക്കിയിരുന്നു. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍ അറിയിച്ചായിരുന്നു ഹരി പാലോടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

എഎച്ച്പി നേതാവിനെ ചോദ്യം ചെയ്യണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും എംഎ നിഷാദ് ആവശ്യപ്പെടുന്നു.

എംഎ നിഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

ഇത് തീവ്രവാദ പ്രവര്‍ത്തനമല്ലാതെ പിന്നെന്ത് ?
ഒരു സിനിമയുടെ സെറ്റ് തച്ചുടക്കുക,അത് ഒരാഘോഷമായി,സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക,വര്‍ഗ്ഗീയ പ്രചാരണങ്ങളിലൂടെ ഈ വിഷയത്തെ മറ്റൊരു തരത്തില്‍ എത്തിക്കാനുളള ശ്രമം ആരംഭിക്കുക…ഇത്തരം പ്രകടനങ്ങളേയും,പ്രവര്‍ത്തികളേയും,തീവ്രവാദം എന്ന് തന്നെ പറയണം…പണ്ടേ കലാകാരന്മാരേയും,കലാസൃഷ്ടികളേയും,ഭയവും,ചതുര്‍ത്ഥിയുമാണ്,ഈ വര്‍ഗ്ഗീയ വിഷങ്ങള്‍ക്ക്…എന്തിനേയും പൊളിക്കുക എന്നുളളതാണ് അവരുടെ അജണ്ട…അത്തരം കലാപരിപാടികളൊക്കെ അങ്ങ് ഉത്തരേന്ത്യയില്‍ നടക്കുമായിരിക്കും,ഇത് നാട് വേറെയാണ്,ഈ വക അഭ്യാസങ്ങളൊക്കെ നാലായിട്ട് ചുരുട്ടി സ്വന്തം കീശയില്‍ തിരുകിയാല്‍ മതി…
നിയമപരമായ എല്ലാ അനുമതിയോടെയുമാണ്, മിന്നല്‍ മുരളി എന്ന ബേസില്‍ സംവിധാനം ചെയ്യുന്ന ടൊവീനൊ അഭിനയിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണാവശ്യത്തിനായി,ഒരു സെറ്റ് അവിടെ പണിയിച്ചത്…എത്ര പേരുടെ കഷ്ടപ്പാടുകളുണ്ട് അതിന്റെ പുറകില്‍ എന്ന് മനസ്സിലാക്കാതെയൊന്നുമല്ല,ഈ വര്‍ഗ്ഗിയ ഭ്രാന്ത് മൂത്ത വിഡ്ഡികൂട്ടങ്ങള്‍,ഈ പ്രവര്‍ത്തി ചെയ്തത്…അത് വ്യകതമായ ആസൂത്രണത്തോടെ തന്നെയാണ്…ഇതിന്റെ പിറകില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങള്‍ ആരുടേതാണെന്ന് പാഴൂര്‍ പടിപ്പുരവരെ,പോയി കവടി നിരത്തി അറിയേണ്ടതല്ല…”ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ” കുട്ടി കുരങ്ങന്മാരെ കൊണ്ട് ചൂടു ചോറ് വാരിപ്പിച്ച,ആ ”തല” യുണ്ടല്ലോ,നാളുകളായി ഈ നാട്ടില്‍ വര്‍ഗ്ഗീയത മാത്രം വിളമ്പുന്ന തീവ്രവാദി,AHP യുടെ നേതാവ്,അയാളെ ചോദ്യം ചെയ്യണം…
ഇത്തരം തീവ്രവാദികള്‍,ഈ നാടിന്റെ ശാപമാണ്…നിലക്ക് നിര്‍ത്തണം ഇവരെ..
ഈ വിഷയത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണം…
NB
വര്‍ഗ്ഗീയ ശക്തികള്‍ക്ക് വിളയാടാനുളള മണ്ണല്ല കേരളം – മുഖ്യമന്ത്രി പിണറായി വിജയന്‍….

shortlink

Related Articles

Post Your Comments


Back to top button