Latest NewsNEWS

അന്വേഷണ ഉദ്യോഗസ്ഥന്‍ വന്ന് പലരെയും ചോദ്യം ചെയ്തു തുടങ്ങി, പിന്നീട് അയ്യപ്പന്‍ കൊല്ലപ്പെട്ടതാവാം എന്നൊരു ചിന്ത കിട്ടിത്തുടങ്ങി, അതോടെയാണ് എന്റെ ബുദ്ധിയും വര്‍ക്ക് ചെയ്തു തുടങ്ങിയത് ; കൃഷ്ണ പൂജപ്പുര

1982 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു യവനിക. മമ്മൂട്ടി, ഭരത് ഗോപി, നെടുമുടി വേണു, തിലകന്‍, ശ്രീനിവാസന്‍, ജഗതി, വേണു നാഗവള്ളി, ജലജ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. നാടക ഗ്രൂപ്പിലെ തബലിസ്റ്റായ ഭരത് ഗോപിയുടെ കഥാപാത്രമായ അയ്യപ്പനെ കാണാനില്ലാതാകുകയും പിന്നീട്, കേസ് അന്വേഷിക്കാന്‍ മമ്മൂട്ടിയുടെ കഥാപാത്രമായ സബ് ഇന്‍സ്‌പെക്ടര്‍ ജേക്കബ് ഈരാലിയെ ചുമതലപ്പെടുത്തുകയും തുടര്‍ന്ന് അസ്വസ്ഥജനകമായ സത്യങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതാണ് സിനിമയുടെ കഥ. ഇപ്പോള്‍ ഇതാ സിനിമയെ കുറിച്ച് തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര എഴുതിയ കുറിപ്പ് വൈറലാകുകയാണ്.

കെ ജി ജോര്‍ജിന്റെ മാന്ത്രിക സ്പര്‍ശനത്തില്‍ നിന്നും ഉടലെടുത്തതായിരുന്നു യവനിക. ഇന്നലെ അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചാം ജന്മദിനം കൂടിയായിരുന്നു. അദ്ദേഹത്തിന്റെ പേനകളില്‍ നിന്നും ഉടലെടുത്ത എക്കാലത്തെയും മികച്ച കുറ്റാന്വേഷണ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് യവനിക. കെജി ജോര്‍ജ് എന്ന അതുവ്യ പ്രതിഭയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് അദ്ദേഹം ഈ കുറിപ്പ് എഴുതുന്നത്.

യവനിക കണ്ടപ്പോള്‍ തനിക്ക് ഉണ്ടായ അനുഭവം അഥവാ താന്റെ മുന്‍ധാരണകള്‍ ഓരോന്നായി പൊളിച്ചടക്കിയ സ്‌ക്രിപ്റ്റായിരുന്നു യവനികയുടേത്. ഒരു തരത്തിലും യഥാര്‍ത്ഥ പ്രതികളെ പ്രേക്ഷകന് മനസിലാക്കി കൊടുക്കാതെയായിരുന്നു സിനിമയുടെ ഒഴുക്ക്. സസ്‌പെന്‍സ് സിനിമകളിലും ത്രില്ലര്‍ സിനിമകളിലും സംവിധായകന്‍ ഒളിപ്പിച്ചു വെച്ചിട്ടുള്ള നിഗൂഢതകളും രഹസ്യങ്ങളും പൊളിക്കാന്‍ പ്രേക്ഷകന്‍ ശ്രമിക്കും അതു പോലെ താനും ശ്രമിച്ചു.

എന്നാല്‍ അവസാനം താനും തന്നെപ്പോലെ സംവിധായകനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ഒരുപാട് പേരും ദയനീയമായി തോറ്റു പോയി. ആ തോല്‍വി, നിറഞ്ഞ കൈയടിയോടെയാണ് തങ്ങള്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പറയുന്നു. പിന്നീട് താനിക്ക് എവിടെയെല്ലാമാണഅ തെറ്റിയത് എന്നറിയാന്‍ വീണ്ടും സിനിമ കണ്ടെന്നും അപ്പോളാണ് താന്‍ വിട്ടു പോയ പലതും കണ്ടതെന്നും അദ്ദേഹം പറയുന്നു.

കൃഷ്ണ പൂജപ്പുരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

അയ്യപ്പനെ കൊന്നത് നാലുപേര്‍
*******************************
‘ഉദയാ എനിക്ക് പിടികിട്ടി….കൊന്നത് വക്കച്ചനാണ് ‘
1982 മെയ്. യവനിക സിനിമ കാണുകയാണ്. സെക്കന്‍ഡ് ഷോ. ഞാനും ഉദയനും റഹീമും മുരുകനും ജയനും. അമ്പലത്തിലെ ഉത്സവത്തിന്റെ കെയറോഫില്‍ ആണ് തിയേറ്ററിലെത്തിയത്.
സസ്‌പെന്‍സ് സിനിമകളിലും ത്രില്ലര്‍ സിനിമകളിലും സംവിധായകന്‍ ഒളിപ്പിച്ചു വെച്ചിട്ടുള്ള നിഗൂഢതകളും രഹസ്യങ്ങളും പൊളിക്കാന്‍ പ്രേക്ഷകന്‍ ശ്രമിക്കുമല്ലോ. ഇന്നാര്‍ ആയിരിക്കും കൊല നടത്തിയത്, അടുത്തു കൊല്ലപ്പെടാന്‍ പോകുന്നത് ഇയാള്‍ ആരായിരിക്കും എന്നൊക്ക സാഹചര്യ തെളിവുകള്‍ വച്ച് പ്രേക്ഷകനും ഊഹിച്ചു തുടങ്ങും.. സംവിധായകന്‍ മനസ്സില്‍ കാണുന്നത് മാനത്ത് കാണുന്ന ആളാണ് നമ്മള്‍ എന്ന പോയിന്റില്‍ നിന്നുള്ള ഒരു കളിയാണ്. മാജിക്കിന്റെ രഹസ്യം പൊളിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം പോലെയാണത്…
അയ്യപ്പനെ കാണാനില്ല
**********************
തബലിസ്റ്റ് അയ്യപ്പനെ ( കൊടിയേറ്റം ഗോപി) കാണാനില്ല. സംശയം പലരിലേക്കും നീണ്ടു തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥന്‍ ജേക്കബ് ഈരാളി ( മമ്മൂട്ടി) വരുന്നതോടെ പലരും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുന്നു. അയ്യപ്പന്‍ കൊല്ലപ്പെട്ടതാവം എന്നൊരു ചിന്ത പ്രേക്ഷകര്‍ക്ക് കിട്ടിത്തുടങ്ങി.. അതോടെയാണ് എന്റെ ബുദ്ധിയും വര്‍ക്ക് ചെയ്തു തുടങ്ങിയത്. തബലിസ്റ്റ് അയ്യപ്പനെ കൊന്നത് നാടക ഉടമ വക്കച്ചന്‍ ( തിലകന്‍.. തിലകന്‍ എന്നാണ് ആ നടന്റെ പേരെന്ന് ആ സിനിമ കാണുന്ന സമയത്ത് അറിയില്ലായിരുന്നു) എന്ന് ഞാന്‍ ഊഹിച്ചെടുത്തു. വക്കച്ചന്റെ ചലനങ്ങളില്‍ ഒക്കെയാണ് എന്റെ നോട്ടം.. അങ്ങോട്ട് തിരിഞ്ഞപ്പോള്‍അങ്ങേര്‍ ഒന്ന് പതറിയില്ലേ.. തന്നെ. ചത്തത് അയ്യപ്പനെങ്കില്‍ കൊന്നത് വക്കച്ചന്‍ തന്നെ
സീനുകള്‍ പോകവേ എന്റെ സംശയം വക്കച്ചനില്‍ നിന്നും നാടക നടനായ ബാലഗോപാലനിലേക്ക് (നെടുമുടി വേണു) ഞാന്‍ ഉദയനോടും മറ്റും ശബ്ദമടക്കി പറഞ്ഞു ‘നെടുമുടി ആണോ എന്നൊരു സംശയം ‘ ശൃംഗാര കളേബരന്‍ ഒക്കെയാണ് ബാലഗോപാലന്‍…. സംശയമില്ല.. ജേക്കബ് ഈരാളി അറസ്റ്റ് ചെയ്യാന്‍ പോകുന്നത് ബാലഗോപാലനെ തന്നെ.. അമ്പട ഞാനേ.. പ്രതിയെ ഞാനുറപ്പിച്ചു.. കൂട്ടുകാരോട് അടക്കിയ ശബ്ദത്തില്‍ മെസ്സേജ് പാസ്സ് ചെയ്തു..
അരമണിക്കൂറിനുള്ളില്‍ ഞാന്‍ നിലപാട് വീണ്ടും തിരുത്തി.. കൊലപാതകി അയ്യപ്പന്റെ മകന്‍ വിഷ്ണു( അശോകന്‍) ആയിരിക്കാം . വിഷ്ണുവിന്റെ ശരീരഭാഷ കുറച്ചു നേരമായി ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.. സംവിധായകനോടും ജേക്കബ് ഈരാളിയോടുമാണ് ഒരേസമയം എന്റെ മത്സരം..
‘ഉദയ, വിഷ്ണുവാണ് ആള്’
‘ താന്‍ ഒന്ന് വെറുതെ ഇരിക്കാമോ.’ ടീമിന് ദേഷ്യം വന്നു
ഞാന്‍ തോറ്റു
**************
അവസാനം അതാ ഞാനും എന്നെപ്പോലെ സംവിധായകനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ഒരുപാട് പേരും ദയനീയമായി തോറ്റു പോയി. ആ തോല്‍വി, നിറഞ്ഞ കൈയടിയോടെയാണ് ഞങ്ങള്‍ സ്വീകരിച്ചത്.. യവനികയിലെ പാട്ട് പോലെ തിരക്കഥ കൊണ്ട് ഒരു കളം വരച്ച് കഥാപാത്രങ്ങളെ കരുക്കളാക്കി ഒരുവശത്ത് സംവിധായകനും മറുവശത്ത് പ്രേക്ഷകരും ഇരുന്ന് കളിച്ച ഒരു ചതുരംഗക്കളി പോലെയാണ് എനിക്ക് അന്ന് തോന്നിയത്.
ഇന്ദ്രജാലം
**********
എങ്ങനെയാണ് ഞാന്‍ തോറ്റു പോയത് എന്നറിയാന്‍ വീണ്ടും യവനിക കാണാന്‍ കയറി.. ഇപ്പോള്‍ രോഹിണിയെയും(ജലജ) കൊല്ലപ്പള്ളിയെയുമാണ്(വേണു നാഗവള്ളി) ആദ്യം മുതല്‍ ശ്രദ്ധിച്ചുതുടങ്ങിയത്.. ഇപ്പോഴാണ് ഞാന്‍ കാണുന്നത്, അവരുടെ റിയാക്ഷന് കളിലെ ദുരൂഹത.. ചില ഷോട്ടുകളുടെ പ്രസക്തി.. ആദ്യ പ്രാവശ്യം ഇത് എന്തുകൊണ്ട് എന്റെ കണ്ണില്‍ പെട്ടില്ല എന്ന് അമ്പരന്നുപോയി. ഗംഭീരമാജിക്..
സ്റ്റേജിലെ വര്‍ണ്ണ വിസ്മയങ്ങളില്‍ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ ആള്‍ക്കാരെ രണ്ടായി മുറിച്ചും ചങ്ങലക്കുള്ളില്‍ നിന്നു മോചിപ്പിച്ചും ഒക്കെ മാജിക് നടത്തി വിജയിക്കാം. പക്ഷേ നമ്മുടെ കണ്‍മുമ്പില്‍, തൊട്ടടുത്തു നിന്ന് തെരുവില്‍, മഹാപ്രതിഭകള്‍ ആയ മജീഷ്യന്‍ ചില മായാജാലങ്ങള്‍ നടത്തും..ഒരു സാങ്കേതികതയുടെയും സഹായമില്ലാതെ.. അത്തരം ഒരു മായാജാലം ആയാണ് കെ ജി ജോര്‍ജ് സാറിന്റെ യവനിക എനിക്ക് തോന്നിപ്പിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ 75 ജന്മദിനം.. ആദരവോടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍
(യവനികയില്‍ എനിക്ക് പ്രത്യേക ഇഷ്ടം തോന്നിയ ഒരു മുഹൂര്‍ത്തം ഉണ്ട്. ചോദ്യം ചെയ്യലിനിടയില്‍ ഓവര്‍ സ്മാര്‍ട്ട് ആയ വിഷ്ണുവിനെ ഈരാളി ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അകത്തേക്ക് തള്ളി പോലീസുകാരോട് ഇവനെ ലോക്കപ്പ് ചെയ്യാന്‍ പറയുന്നു .. അയ്യോ അവനെ ഒന്നും ചെയ്യല്ലേ എന്നൊക്കെ അമ്മയുടെ വിലാപം. ആ വിട്ടേക്ക് വിട്ടേക്ക് എന്ന് ഈരാളി യുടെ ഒരു ആക്ഷന്‍ ഉണ്ട്.. നീതിമാന്മാരായ എല്ലാ പോലീസുകാരോടും മമ്മൂട്ടി എന്ന നടനോടും പെട്ടെന്നൊരു സ്‌നേഹം തോന്നിപ്പിക്കുന്ന മുഹൂര്‍ത്തം ആണ് അത്..)

shortlink

Related Articles

Post Your Comments


Back to top button