മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ് രണ്ട് മാസത്തെ വിദേശ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തി. ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ജോര്‍ദാനില്‍ ഈ ലോക്ഡൌണ്‍ കാലത്ത് ആവശ്യമായ മുന്‍കരുതലോടെ പൂര്‍ത്തിയാക്കിയാണ് സംഘം തിരിച്ചെത്തിയിരിക്കുന്നത്. ഈ ചിത്രത്തിലെ നജീബ് ആകാന്‍ പൃഥ്വിരാജ് തന്റെ ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ശാരീരിക മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ദോഷമായി മാറ്റുമെന്നും ബ്ലെസ്സി ചെയ്യുന്നത് ദ്രോഹമാണെന്നും വിമര്‍ശിച്ച് സംവിധായകന്‍ ജോണ്‍ഡിറ്റോ രംഗത്ത്.
സോഷ്യല്‍ മീഡിയയില്‍ ജോണ്‍ഡിറ്റോ പങ്കുവച്ച കുറിപ്പ്
പ്രിയപ്പെട്ട പൃഥ്വിരാജ്..
ഞാൻ ജോൺഡിറ്റോ. പി.ആർ.
ഒരു സിനിമാ പ്രവർത്തകനും മലയാളം അധ്യാപകനുമാണ്.
രാജുവേട്ടൻ എന്ന് സിനിമാക്കാർ വിളിക്കുന്ന അങ്ങ് മലയാള വാണിജ്യസിനിമയുടെ അവിഭാജ്യ ഘടകമാണ്. സംവിധായകൻ പ്രൊഡ്യൂസർ എന്ന നിലകളിലൊക്കെയും ചേർന്ന് കോടികളുടെ വിപണി മൂല്യമുള്ള താരമാണ്. അങ്ങ് ചെന്നു വീണിരിക്കുന്ന; വലിയ അപകടത്തെക്കുറിച്ച് പറയാനാണ് ഈ കത്ത്.
“ആടുജീവിത”മെന്ന സിനിമയാണ് ആ അപകടം.
ബെന്യാമിന്റെ ആടുജീവിതമെന്ന നോവൽ സിനിമയാക്കുന്നതിന് സംവിധായകൻ ബ്ലെസ്സി സർ തീരുമാനിക്കുന്നത് ശരി. മെലിഞ്ഞുണങ്ങി മരുഭൂമിയിലെ കോലാടിനെപ്പോലെയായി പൃഥ്വിരാജ് അഭിനയിക്കണമെന്നും അതിനായി സ്വന്തം ശരീരഭാരം അപകടകരമായ രീതിയിൽ കുറക്കണമെന്നും ശഠിച്ചപ്പോൾ
അതിന് വഴങ്ങിക്കൊടുത്തത് ആത്മഹത്യാപരമാണ്. അഭിനയിച്ച് നല്ല നടനെന്ന് തെളിയിക്കുവാനാണ് ചെയ്തതെങ്കിലും പൃഥ്വിരാജ്, “ശരീരമാദ്യം ഖലുധർമ്മസാധനം” എന്നത് മറന്നു പോയി.
സാധാരണ ഒരു നോവൽ ആണത്. അത് സിനിമയാക്കിയാൽ കലാപരമായ ഒരുന്നതിയോ പ്രമേയപരമായ മേന്മയോ അതിൽ സാധ്യമല്ല. അതായത് ഇത്തരം ഒരു സാദാ ഫിക്ഷൻ പൃഥ്വിരാജ് മരിച്ച് അഭിനയിച്ചാലും ഒരു പരിധി വരെ മാത്രമേ പോകൂ എന്നർത്ഥം. എന്നാൽ
നഷ്ടപ്പെടുന്നതോ വലിയ ഒരു നടന്റെ പ്രധാന ഗുണമായ ശരീരമാണ്.
ഇത്രയധികം മെലിയുന്നത് ആന്തരികാവയവങ്ങളെ ബാധിക്കുമെന്ന് ആരും പറഞ്ഞു തന്നില്ലേ?ബ്ലസ്സിക്ക് തന്റെ മേന്മ മാത്രം മതി. കച്ചവടം മാത്രം മതി.രാജുവേട്ടന്റെ താരമൂല്യം മാത്രം വിറ്റുതിന്നാൽ മതി. അല്ലെങ്കിൽ അഭിനയിക്കാനറിയാവുന്ന ഒരു മെലിഞ്ഞ ചെറുപ്പക്കാരനെ നജീബാക്കിയാൽ പോരായിരുന്നോ?
സംവിധായകൻ ബ്ലസ്സി ചെയ്യുന്നത് ദ്രോഹമാണ്.പൃഥ്വിരാജിന്റെ അവസാനത്തെ സിനിമയല്ല ആടുജീവിതം.
പ്രിയപ്പെട്ട പൃഥ്വിരാജ്,
അങ്ങയുടെ ശരീരം ചീത്തയായാൽ;ആരോഗ്യം ക്ഷയിച്ചാൽ
നഷ്ടം അങ്ങയുടെ കുടുംബത്തിനും അങ്ങയെ ഇഷ്ടപ്പെടുന്ന അനേകർക്കും അങ്ങേയ്ക്കും മാത്രമാണ്.
ജോർദ്ദാനിൽ 2 മാസം കഴിഞ്ഞ് അതേ മെലിഞ്ഞ അവസ്ഥയിൽ ഇപ്പോൾ നാട്ടിലെത്തിയിരിക്കുന്നു. ബാക്കി ആടുജീവിതം സിനിമ സഹാറാ മരുഭൂമിയിൽ വച്ചെടുക്കുമെന്നും ബ്ലെസ്സി പറയുന്നു. അത്രയും മാസങ്ങൾ അങ്ങ് ഈ ശരീരസ്ഥിതി നിലനിർത്താൻ ശ്രമിച്ചാൽ താങ്കൾ വലിയ അപകടത്തിലേക്ക് വീഴും.
ചിലർ കണ്ണീർ പൊഴിക്കും.
ചിലർ ചിരിക്കും.
ബുദ്ധിമാനായ അങ്ങ് ഉചിതമായ തീരുമാനമെടുക്കുക.
പ്രാണനാശത്തെക്കാൾ വലുതല്ല ധനനാശം.
സസ്നേഹം
സിനിമാ കുടുംബത്തിലെ
ഒരു സഹോദരൻ..
Post Your Comments