GeneralLatest NewsStage Shows

സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ ഏറ്റവും വലിയ ഹിറ്റ്, നടി മോനിഷയുടെ അവസാനത്തെ സ്റ്റേജ് ഷോ “മോഹൻലാൽ ഷോ 92”

തൊണ്ണൂറുകളില്‍ നാടന്‍ വേഷങ്ങളിലൂടെ ജീവിതഗന്ധിയായ കഥാപാത്രങ്ങളുമായി മലയാളത്തില്‍ നടന വിസ്മയം തീര്‍ത്ത കലാകാരന്‍

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ അറുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. ആണത്തത്തിന്റെ ആള്‍ രൂപമായി വെള്ളിത്തിരയില്‍ നിറഞ്ഞാടിയ മോഹന്‍ലാല്‍ വിദേശ ഷോകളിലും താരമായിട്ടുണ്ട്. ഇരുപത്തിയെട്ടു വര്‍ഷം മുന്പ് വിദേശത്ത് നടത്തിയ ഒരു ഹിറ്റ് ഷോയാണ് “മോഹൻലാൽ ഷോ 92”. മലയാളസിനിമയിലെ താരങ്ങൾ അണിനിരന്ന് വിദേശത്ത് നടന്നിട്ടുള്ള സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ ഏറ്റവും വലിയ ഹിറ്റാണ് ഈസ്റ്റ് കോസ്റ്റിന്റെ നേതൃത്വത്തിൽ 1992’ൽ ഗൾഫ് നാടുകളിൽ നടന്ന ഈ സ്റ്റേജ് ഷോ.

ജീവിതത്തിന്റെ അറുപത് വര്‍ഷങ്ങള്‍ പിന്നിടുന്ന മോഹന്‍ലാല്‍ ഇന്ന് മാസ് ആക്ഷന്‍ ചിത്രങ്ങളിലാണ് താരമാകുന്നത്. എന്നാല്‍ തൊണ്ണൂറുകളില്‍ നാടന്‍ വേഷങ്ങളിലൂടെ ജീവിതഗന്ധിയായ കഥാപാത്രങ്ങളുമായി മലയാളത്തില്‍ നടന വിസ്മയം തീര്‍ത്ത കലാകാരന്‍. അദ്ദേഹത്തിന്‍റെ ആ നടനമിഴവ് പൂര്‍ണ്ണതയോടെ നിറഞ്ഞു നില്‍ക്കുന്ന ഒരു ഷോയാണ് “മോഹൻലാൽ ഷോ 92” . നടി മോനിഷയുടെ അവസാനത്തെ സ്റ്റേജ് ഷോ കൂടിയായിരുന്നു ഇത്. മോനിഷയ്ക്ക് ഒപ്പം ഗാനം ആലപിക്കുന്ന, ഇന്നസെന്റ് വിനീത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സ്കിറ്റ് അവതരിപ്പിക്കുന്ന മോഹന്‍ലാല്‍ ഇന്നും പ്രേക്ഷക പ്രീതി നേടുന്നുണ്ട്.

പഴയ മോഹൻലാലിനെ അതേ ചടുലതയോടെ, ഫ്ലെക്സിബിലിറ്റിയോടെ, ലൈവ് ആയി വീണ്ടും കാണാൻ കഴിയുന്നു എന്നതാണ് ഈ ഷോയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ സ്കിറ്റിൽ ലാലിന്റെ ഓരോ ചലനങ്ങളും, ഭാവങ്ങളും, പ്രതികരണങ്ങളും ശ്രദ്ധിച്ചാൽ മനസ്സിലാകും, ഇങ്ങനെയൊരു മോഹൻലാലിന്റെ തിരിച്ചു വരവാണ് ഇന്നത്തെ പ്രേക്ഷകർ ആഗ്രഹിക്കുന്നത്. “ആക്റ്റിങ്ങ് ഈസ് വാട്ട് ബിഹേവിങ്ങ്” എന്ന സ്റ്റാനിസ്‌ലാവിസ്ക്കിയുടെ വാക്കുകൾ മോഹൻലാലാണ് സസൂക്ഷ്മം കൈക്കൊണ്ടത് എന്ന് തോന്നിപ്പോകുന്ന തരം അഭിനയമാണ് താരം കാഴ്ച വച്ചിരുന്നത്.

“മോഹൻലാൽ ഷോ 92” എന്ന ഷോയിൽ മോഹൻലാൽ, നെടുമുടി വേണു, ഇന്നസെന്റ്, വിനീത്, രേവതി, മോനിഷ, ആലപ്പി അഷറഫ് തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ. പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന, ഒരു കാലത്തും മറക്കാൻ കഴിയാത്ത ഒരുപാട് സ്‌കിറ്റുകൾ ഈ ഷോയ്ക്ക് സ്വന്തം.

ഈ ഷോയിലെ മോഹന്‍ലാലിനെക്കുറിച്ച് നടന്‍ വിനീത് പറയുന്നതിങ്ങനെ.. ”മോഹന്‍ലാലിനുള്ളിലെ കലാസ്വാദാകന്‍ എന്നെയും അമ്പരപ്പിച്ച നിമിഷങ്ങളുണ്ട്. 1992ലെ മോഹന്‍ലാല്‍ ഷോ എന്ന പരിപാടിക്ക് കമലദളത്തിലെ ത്രയമ്പകം എന്ന ഗാനത്തിന് വേദിയില്‍ നൃത്തം വെയ്ക്കുകയാണ് ഞാന്‍. സദസ്സില്‍ അകലെ ഇരുട്ടില്‍ ആരുടെയും ശ്രദ്ധയില്‍ പെടാത്ത വിധം ഓഡിറ്റോറിയത്തിന്റെ പിന്‍ഭാഗത്തൊരിടത്ത് തനിച്ചിരുന്ന് താളം പിടിക്കുന്ന ലാലേട്ടനെ ഞാന്‍ വേദിയില്‍ നിന്നു കണ്ടു. ആ രംഗം മറക്കാന്‍ കഴിയില്ല. കൊച്ചിയിലെ ജെ ടി പാക്കില്‍ വച്ചു നടക്കാറുള്ള പരിപാടികള്‍ക്കും ലാലേട്ടനെത്താറുണ്ട്. ”

shortlink

Related Articles

Post Your Comments


Back to top button