GeneralLatest NewsUncategorized

പൃഥ്വിരാജ് പെട്ടെന്ന് കാല്‍തെന്നി താഴെ വീണു; ചിത്രീകരണത്തിനിടയില്‍ നടന്ന അപകടകഥ വെളിപ്പെടുത്തി നിര്‍മാതാവ് രഞ്ജിത്ത്

അവിടെ ഡാന്‍സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ രാജു താഴെ വീണു. കാല്‍ ഒട്ടും അനക്കാന്‍ കഴിയാത്ത രീതിയില്‍ താഴെ കിടക്കുകയായിരുന്നു.

യുവ നടന്മാരില്‍ ശ്രദ്ധിക്കപ്പെടുന്ന താരമാണ് പൃഥ്വിരാജ്. ബ്ലെസിയുടെ ‘ആടുജീവിത’ത്തിനു വേണ്ടി താരം നടത്തിയ ശാരീരികമാറ്റങ്ങള്‍ വാര്‍ത്തയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമയോടുള്ള പൃഥ്വിരാജിന്റ ഡെഡിക്കേഷന കണ്ട് അമ്ബരന്ന ഒരു കഥ പറയുകയാണ് നിര്‍മാതാവ് രഞ്ജിത്ത്. ‘മേക്കപ്പ്മാന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിനു സംഭവിച്ച ഒരു ആപകടവും കാലിന് പരിക്കുപറ്റിയതും പങ്കുവച്ച രഞ്ജിത് പരിക്ക് വകവയ്ക്കാതെ ഷൂട്ടിംഗ് മുന്നോട്ടു കൊണ്ടുപോവാനാണ് സംവിധായകനോടും തന്നോടും പൃഥ്വി ആവശ്യപ്പെട്ടതെന്നും അദ്ദേഹം.

ജയറാമിന്റെ ഹിറ്റ് ചിത്രം മേക്കപ്പ്മാനില്‍ അതിഥിതാരങ്ങളായി  പൃഥ്വിരാജും കുഞ്ചാക്കോബോബനും എത്തിയിരുന്നു. ഷാഫി ഒരുക്കിയ ഈ ചിത്രത്തിന്റെ സമയത്ത് ഉണ്ടായ സംഭവമാണ് രഞ്ജിത് പറയുന്നത്.

“എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തൊരു അനുഭവമായിരുന്നു അത്. ആ സിനിമയുടെ അവസാനഭാഗങ്ങളും ഒരു പാട്ടുസീനും ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണ്. രാത്രിയാണ് ഷൂട്ടിംഗ് നടക്കുന്നത്. റാമോജി റാവു ഫിലിം സിറ്റിയുടെ മുന്നിലൊരു ഫൗണ്ടന്‍ ഉണ്ട്. വളരെ വീതി കുറഞ്ഞ ഒരു ഏരിയയാണ്, അവിടെ ഡാന്‍സ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ രാജു താഴെ വീണു. കാല്‍ ഒട്ടും അനക്കാന്‍ കഴിയാത്ത രീതിയില്‍ താഴെ കിടക്കുകയായിരുന്നു. ഞങ്ങളെല്ലാവരും എടുത്തുയര്‍ത്തുകയായിരുന്നു. ഇന്നിനി ഷൂട്ട് ചെയ്യേണ്ട എന്നു പറഞ്ഞിട്ടും രാജു സമ്മതിച്ചില്ല. കുറച്ചു പോര്‍ഷന്‍ കൂടിയല്ലേ ഉള്ളൂ ചേട്ടാ, അതുകൂടി കഴിഞ്ഞാല്‍ തീരുമല്ലോ എന്നായിരുന്നു പൃഥ്വി പറഞ്ഞത്. വേണ്ട റിസ്ക് ആണെന്ന് ഞങ്ങളെല്ലാവരും പറഞ്ഞിട്ടും പൃഥ്വി കേട്ടില്ല.”

“ഒരു കാരണവശാലും നാളെ എനിക്ക് അഭിനയിക്കാന്‍ പറ്റിയെന്നു വരില്ല, ചിലപ്പോള്‍ കുറച്ചു ദിവസത്തേക്ക് തന്നെ അഭിനയിക്കാന്‍ പറ്റില്ല. കാല് റെഡിയാവാന്‍ സമയം എടുക്കും. സാരമില്ല, നമുക്ക് ഇപ്പോള്‍ തന്നെ എടുക്കാം,” എന്നായിരുന്നു പൃഥ്വി. അങ്ങനെ പൂര്‍ത്തിയാക്കിയ രംഗമാണത്.”

“പിറ്റേദിവസം പൃഥ്വിയുടെ കാലിനു നീരു വന്നു, കുറച്ചു ദിവസം കാല്‍ അനക്കാന്‍ പറ്റാതെയായി. ഭാഗ്യത്തിന് പൊട്ടലുണ്ടായില്ല. ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍, ചെറിയ കാര്യങ്ങള്‍ പോലും ഒരു സിനിമയ്ക്ക് എത്രത്തോളം നഷ്ടം വരുത്തും എന്നറിയുന്ന ഒരാളാണ് പൃഥ്വിരാജ്. സെന്‍സുള്ള, സ്നേഹമുള്ള ചെറുപ്പക്കാരനാണ് പൃഥ്വിരാജ്. നിര്‍മാതാവിനോട് അത്രയും നീതി പുലര്‍ത്തുന്ന ഒരു നടന്‍. ചെറുപ്പക്കാര്‍ കണ്ടു പഠിക്കണം. നിഷേധിയാണ്, മുന്‍കോപിയാണ് എന്നൊക്കെ പലരും പറയുമെങ്കിലും ഞാനവരോട് പറയും, പൃഥ്വിരാജ് നല്ലൊരു മനുഷ്യനാണെന്ന്.” രഞ്ജിത്ത് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button