GeneralLatest NewsMollywood

ഇങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് ഓര്‍ക്കണം; അഭയകേന്ദ്രത്തില്‍ നിന്ന് അമ്മയുടെ സ്ഥാപക സെക്രട്ടറി ടിപി മാധവന്‍

കടുത്ത സിനിമാ പ്രേമത്തിന്റെ പേരില്‍ കുടുംബജീവിതം പോലും ഉപേക്ഷിക്കേണ്ടി വന്ന കലാകാരന്റെ ജീവിതത്തെക്കുറിച്ച് രവി മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്.

ആറാംതമ്പുരാനിലെ ഷാരടിയെ ഓര്‍മ്മയില്ലേ? ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നടന്‍  ടി.പി.മാധവനെ  സിനിമാ പ്രേമികള്‍  മറക്കുമോ. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘ അമ്മ’ യുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു ടി പി മാധവനെ കുറച്ചു കാലമായി അഭിനയ ലോകത്ത് കാണാനില്ല. അദ്ദേഹവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ കുറിച്ച്‌ മാധ്യമപ്രവര്‍ത്തകനായ രവി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.

പത്തനാപുരത്തെ ഗാന്ധിഭവനിലാണ് താരം ഇപ്പോള്‍ ജീവിക്കുന്നത്. നിനച്ചിരിക്കാതെ വന്നുപെട്ട അനാരോഗ്യവും ദാരിദ്ര്യവുമാണ് അദ്ദേഹത്തെ അവിടെ എത്തിച്ചെന്ന് മാധവന്‍ തന്നോട് പറഞ്ഞതായി രവി മേനോന്‍ തന്റെ പങ്കുവയ്ക്കുന്നു. കടുത്ത സിനിമാ പ്രേമത്തിന്റെ പേരില്‍ കുടുംബജീവിതം പോലും ഉപേക്ഷിക്കേണ്ടി വന്ന കലാകാരന്റെ ജീവിതത്തെക്കുറിച്ച് രവി മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്.

”ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ നിന്ന് വിളിച്ചുര്‍ണര്‍ത്തി കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായ ഒരു ഫോണ്‍കോള്‍: “രവീ, ഓര്‍മ്മയുണ്ടോ ഈ ശബ്ദം? പഴയൊരു സുഹൃത്താണ്. ഒരു പാട്ടുപ്രേമി..”

ഈശ്വരാ, നല്ല പരിചയമുള്ള ശബ്ദം. പക്ഷേ ആരെന്ന് പിടികിട്ടുന്നില്ല. ഓര്‍മ്മയുടെ താളുകള്‍ തിടുക്കത്തില്‍ മറിക്കവേ, ഫോണിന്റെ മറുതലയ്ക്കല്‍ വീണ്ടും അതേ ശബ്ദം: “പഴയൊരു സിനിമാ നടനാണ്. ടി പി മാധവന്‍ എന്നു പറയും.” പിന്നെ മലയാളികള്‍ക്കെല്ലാം സുപരിചിതമായ കുണുങ്ങിക്കുണുങ്ങിയുള്ള ആ ചിരി.

മനസ്സില്‍ തെളിഞ്ഞത് നൂറു നൂറു മുഖങ്ങളാണ്. ബ്ളാക്ക് ആന്‍ഡ് വൈറ്റിലും വര്‍ണ്ണപ്പകിട്ടിയിലുമായി വെള്ളിത്തിരയില്‍ മിന്നിമറഞ്ഞ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളുടെ മുഖങ്ങള്‍. മൂന്നുനാലു വര്‍ഷങ്ങളെങ്കിലുമായിക്കാണും മാധവേട്ടനുമായി സംസാരിച്ചിട്ട്. അവസാനം നേരില്‍ കണ്ടത് വഞ്ചിയൂരിലെ ത്രിവേണിയില്‍ അദ്ദേഹം ആയുര്‍വേദ ചികിത്സക്ക് വന്നപ്പോഴാണ്; ഹരിദ്വാറില്‍ വെച്ചുണ്ടായ പക്ഷാഘാതത്തില്‍ നിന്ന് ജീവിതം തിരിച്ചുപിടിക്കാനുള്ള യത്നത്തിലായിരുന്നു അന്നദ്ദേഹം. സംസാരിച്ചതേറെയും പാട്ടിനെ കുറിച്ച്‌. അതാണല്ലോ ഞങ്ങളുടെ ഹൃദയങ്ങളെ ഇണക്കിച്ചേര്‍ത്ത വിഷയം.

പത്തനാപുരത്തെ ഗാന്ധിഭവനില്‍ നിന്ന് വിളിക്കുകയായിരുന്നു മാധവേട്ടന്‍. നിരാലംബരുടെ ആ അഭയകേന്ദ്രത്തില്‍ വര്‍ഷങ്ങളായി അന്തേവാസിയാണ് അദ്ദേഹം; ശിശുക്കള്‍ തൊട്ട് വയോവൃദ്ധര്‍ വരെയുള്ള ആയിരത്തോളം ശരണാര്‍ത്ഥികളില്‍ ഒരാളായി. സിനിമയുമായി മാത്രമല്ല, പുറം ലോകവുമായിത്തന്നെ അധികം ബന്ധമില്ല. “നിനച്ചിരിക്കാതെ വന്നുപെട്ട അനാരോഗ്യവും ദാരിദ്ര്യവുമാണ് എന്നെ ഇവിടെ എത്തിച്ചത്.” — ചിരിയോടെ തന്നെ മാധവേട്ടന്‍ പറഞ്ഞു. “എങ്കിലും സ്വസ്ഥമാണ് ജീവിതം. അധികം മോഹങ്ങളില്ല. ആവശ്യത്തിന് ആഹാരം ലഭിക്കുന്നു. ഉറക്കവും. സന്ദര്‍ശക ബാഹുല്യമില്ല താനും..” നേര്‍ത്തൊരു നൊമ്ബരമുണ്ടോ ആ ചിരിയില്‍?

പാട്ട് കേള്‍ക്കാറുണ്ടോ മാധവേട്ടന്‍? — എന്റെ ചോദ്യം. അതില്ലാതെ ജീവിതമില്ലെന്നല്ലേ പറയാറ്? “പഴയപോലെ കേള്‍ക്കാനുള്ള സാഹചര്യമില്ല. മൊബൈലില്‍ ഒന്നും പാട്ടുകേള്‍ക്കുന്ന ശീലവുമില്ലല്ലോ. എങ്കിലും ഇവിടത്തെ അന്തവാസികളില്‍ നല്ല കുറെ പാട്ടുകാരുണ്ട്. അവര്‍ പാടിത്തരുമ്ബോള്‍ കേട്ടിരിക്കും. ഇനിയിപ്പോ അതൊക്കെ തന്നെ ധാരാളം..” ഒരു നിമിഷം നിശ്ശബ്ദനാകുന്നു മാധവേട്ടന്‍.

ആദ്യമായി മാധവേട്ടന്‍ വിളിച്ചത് ഓര്‍മ്മയുണ്ട്. തികച്ചും അപ്രതീക്ഷിതമായ ഒരു കോള്‍. പതിനഞ്ചു വര്‍ഷം മുന്‍പാണ്. അമൃത ടി വിയില്‍ “അഞ്ജലി” എന്നൊരു സംഗീതപരിപാടി അവതരിപ്പിക്കുന്നുണ്ട് അക്കാലത്ത് ഞാന്‍. സോഹന്‍ലാല്‍ പ്രൊഡ്യൂസ് ചെയ്ത, പഴയ ഹിന്ദി ഗാനങ്ങളിലൂടെയുള്ള ഒരു സ്മൃതിയാത്ര. ആ പ്രോഗ്രാം കണ്ട് ആവേശ ഭരിതനായി ഫോണ്‍ ചെയ്തതായിരുന്നു മാധവേട്ടന്‍. ഒരു മണിക്കൂറിലേറെ നീണ്ട ആദ്യ സംഭാഷണത്തില്‍ പഴയ ഹിന്ദി ഗാനങ്ങളെ കുറിച്ച്‌, ഗായകരെ കുറിച്ച്‌ വാതോരാതെ സംസാരിച്ചു അദ്ദേഹം. പിന്നെയും ഓരോ എപ്പിസോഡും കണ്ട് മുടങ്ങാതെ വിളിച്ചുകൊണ്ടിരുന്നു മാധവേട്ടന്‍. സംസാരം ഓരോ അഞ്ചു മിനിറ്റും പിന്നിടുമ്ബോള്‍, പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം ചോദിക്കും: “ഞാന്‍ നിങ്ങളെ ബോറടിപ്പിക്കുന്നില്ലല്ലോ അല്ലേ?” എന്റെ ഉത്തരം മിക്കപ്പോഴും ഒന്നുതന്നെ: “ഏയ്‌, എന്താത് മാധേട്ടാ.. നിങ്ങള് സംസാരം നിര്‍ത്തിയാലാണ് ബോറടി..” പില്‍ക്കാലത്ത് മാതൃഭൂമി ടി വിയില്‍ ചക്കരപ്പന്തല്‍ തുടങ്ങിയപ്പോള്‍ ആ പരിപാടിയുടെയും പ്രേക്ഷകനായി മാധവേട്ടന്‍. അതിനിടെയായിരുന്നു ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ച ആ പക്ഷാഘാതം.

“ജീവിതം എങ്ങനെ പോകുന്നു മാധവേട്ടാ?”– ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കുറച്ചുനേരം ഒന്നും മിണ്ടാതിരുന്ന ശേഷം അദ്ദേഹം പറഞ്ഞു: “ഒരു കുഴപ്പവുമില്ല. പഴയ കാര്യങ്ങളൊക്കെ ആലോചിക്കും. പഴയ ഡയറികള്‍ വായിച്ചുനോക്കും. ഒരു പാട് മുഖങ്ങളും കഥാപാത്രങ്ങളും സംഭവങ്ങളും മനസ്സില്‍ തെളിഞ്ഞുവരും അപ്പോള്‍. പഴയൊരു ഡയറിയില്‍ നിന്നാണ് നിങ്ങളുടെ നമ്ബര്‍ കിട്ടിയത്. നമ്ബര്‍ മാറിയോ എന്ന് സംശയമുണ്ടായിരുന്നു. ഭാഗ്യത്തിന് നിങ്ങളെ കിട്ടി. സന്തോഷമായി. ഇനി ഇടക്ക് വിളിക്കണം.” അമ്മയുടെ സ്ഥാപക സെക്രട്ടറിയെ സിനിമാലോകത്തുനിന്ന് അധികമാരും തിരഞ്ഞുവരാറില്ല ഇപ്പോള്‍. വരുമെന്ന് പ്രതീക്ഷയുമില്ല. “മധുസാറും മുകേഷും അങ്ങനെ ചിലരും വന്നിരുന്നു. പിന്നെ സെലിബ്രിറ്റികള്‍ക്ക് ഇവിടെ വരാന്‍ അത്ര താല്‍പ്പര്യം കാണില്ല. എനിക്ക് അതിലൊട്ട് പരാതിയുമില്ല. അധികവും പാവപ്പെട്ടവരല്ലേ ഇവിടത്തെ അന്തേവാസികള്‍..”

1975 ല്‍ പുറത്തിറങ്ങിയ `രാഗം’ മുതലിങ്ങോട്ട് അറുനൂറോളം പടങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടന് ഇപ്പോള്‍ സിനിമാജീവിതം അടഞ്ഞ അദ്ധ്യായമാണ്. എത്രയോ സഹപ്രവര്‍ത്തകരെ ആപല്‍ഘട്ടങ്ങളില്‍ സഹായിച്ചിട്ടുള്ള, ഈ എണ്‍പത്തഞ്ചാം വയസ്സിലും ഉള്ളിലെ നന്മയും നിഷ്കളങ്കതയും വാടാതെ സൂക്ഷിക്കുന്ന ടി പി മാധവന്‍ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. കടുത്ത സിനിമാ പ്രേമത്തിന്റെ പേരില്‍ കുടുംബജീവിതം പോലും ഇടയ്ക്കുവെച്ചു ഉപേക്ഷിക്കേണ്ടി വന്ന കഥ മാധവേട്ടന്‍ ചിരിയും നൊമ്ബരവും നിസ്സംഗതയും കലര്‍ത്തി വിവരിച്ചുകേട്ടിട്ടുണ്ട്. ഭാര്യയുമായി നേരത്തെ വേര്‍പിരിഞ്ഞ മാധവേട്ടന്റെ മക്കളിലൊരാള്‍ ബോളിവുഡിലെ പ്രമുഖ സംവിധായകനാണിപ്പോള്‍ — എയര്‍ ലിഫ്റ്റ്, ഷെഫ് എന്നീ ചിത്രങ്ങളൊരുക്കിയ രാജകൃഷ്ണമേനോന്‍. പരസ്പരം വലിയ ബന്ധമൊന്നുമില്ലെന്ന് മാത്രം.

ഫോണ്‍ വെക്കും മുന്‍പ് മാധവേട്ടന്‍ പറഞ്ഞു: “ഇടയ്ക്ക് വിളിക്കണം. ഇങ്ങനെയൊരാള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് ഓര്‍ക്കണം..” കുണുങ്ങിക്കുണുങ്ങിയുള്ള ആ ചിരി വീണ്ടും. നാടോടിക്കാറ്റിലെ എം ഡിയെ, അയാള്‍ കഥയെഴുതുകയാണിലെ പോലീസ് ഇന്‍സ്പെക്റ്ററെ, ആറാം തമ്ബുരാനിലെ ഷാരടിയെ, ഇന്നലെയിലെ സ്വാമിയെ, തലയണമന്ത്രത്തിലെ എഞ്ചിനീയറെ, പത്രത്തിലെ ഹരിവംശിലാലിനെ … പലരെയും ഓര്‍മ്മവന്നു അപ്പോള്‍…”

രവിമേനോന്‍

shortlink

Related Articles

Post Your Comments


Back to top button