അറുപതുകളുടെ തുടക്കത്തിൽ തന്നെ മലയാള സിനിമയിൽ സജീവമാണെങ്കിലും സ്വഭാവികമായ സിനിമകളുടെ സുവർണ്ണ കാലഘട്ടത്തിലാണ് കവിയൂർ പൊന്നമ്മ എന്ന നടി കൂടുതൽ മികവാർന്ന രീതിയിൽ അടയാളപ്പെട്ടത്. ടിപ്പിക്കലായ അമ്മ കഥാപാത്രങ്ങളെ തുടരെ തുടരെ സിനിമയിൽ അവതരിപ്പിക്കാൻ നിയോഗിക്കപ്പെട്ട താരമാണെങ്കിലും മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലെ അമ്മ കഥാപാത്രമായി മാറി എന്നതാണ് കവിയൂർ പൊന്നമ്മയുടെ സവിശേഷത. തിലകൻ മോഹൻലാൽ തുടങ്ങിയവരുടെ അഭിനയ പൂർണതയ്ക്ക് പോലും കവിയൂർ പൊന്നമ്മയുടെ സാന്നിദ്ധ്യം പ്രധാന ഘടകമായി തീർന്നിട്ടുണ്ട്. താൻ അഭിനയിച്ച സിനിമയിൽ ഏറ്റവും മികച്ച കോമ്പിനേഷൻ തിലകൻ എന്ന മഹാനടനുമായിട്ടുള്ളതായിരുന്നുവെന്ന് മനസ്സ് തുറക്കുകയാണ് കവിയൂർ പൊന്നമ്മ.
“തിലകൻ ചേട്ടനുമായുള്ള കോമ്പിനേഷനക്കുറിച്ച് എല്ലാവരും പറയും. അത്രയ്ക്ക് മഹാനടനാണ് അദ്ദേഹം. വ്യക്തി ജീവിതത്തിൽ പരുക്കനായി ബോധപൂർവ്വം അഭിനയിക്കുന്ന വ്യക്തിയാണ് തിലകന് ചേട്ടന്. ഞാനുമായും വഴക്കിട്ടിട്ടുണ്ട്. ‘ജാതകം’ എന്ന സിനിമയുടെ ലൊക്കേഷനിൽവച്ചാണത്. ഷോട്ട് എടുക്കുമ്പോൾ ഞാൻ ചിരിച്ചതിനാൽ എട്ടോളം തവണ ടേക്ക് എടുക്കേണ്ടി വന്നു. അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അതിന്റെ പേരിൽ വഴക്കായി. പിന്നീട് മിണ്ടാതെയിരുന്നു .’കിരീടം’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ആ പിണക്കം അവസാനിച്ചത്. വഴക്ക് കാരണം എന്നെ കിരീടത്തിൽ വേണ്ടെന്ന് അദ്ദേഹം സിബി മലയിലിനോട് പറഞ്ഞിരുന്നു. പക്ഷേ ഈ കഥാപാത്രം പൊന്നമ്മ ചേച്ചി ചെയ്താലേ ശരിയാകൂ എന്ന് സിബി മറുപടി കൊടുത്തു”.
Post Your Comments