Latest NewsNEWS

വാണിയെ ‘ഒരു മാംസപിണ്ഡമായി’ മാത്രം സ്‌ക്രീനില്‍ കണ്ട് ആസ്വദിക്കുകയിരുന്നു ഈയുള്ളവന്‍

ഒരു ആക്ഷന്‍ നായകനെ പറയാന്‍ പറഞ്ഞാല്‍ പല ഉത്തരമുണ്ടാകും എന്നാല്‍ ഒരു ആക്ഷന്‍ ലേഡിയെ പറയാന്‍ പറഞ്ഞാല്‍ ആദ്യം മനസിലേക്കെത്തുക വാണി വിശ്വനാഥ് ആയിരിക്കും. അത്രമാത്രം യുവാക്കള്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും ആരാധകരുള്ള നായികയായിരുന്നു താരം. ഇന്ന് താരത്തിന്റെ 49 ആം ജന്മദിനമാണ്. ഈ വേളയില്‍ വാണി വിശ്വനാഥിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. രാജേഷ് കൃഷ്ണ എന്ന വ്യക്തിയാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.

എത്ര തവണയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും, താനുള്‍പ്പെടെയുള്ള പ്രേക്ഷകരും പരസ്യമായി വാണി വിശ്വനാഥിനെ അപമാനിച്ചിട്ടുള്ളത്. സിനിമയില്‍ വാണി വിശ്വനാഥിനു നേരെ നായകന്‍ ചെകിട്ടത്തടിക്കുമ്പോള്‍ തിയറ്ററില്‍ ഇരുന്ന് കയ്യടിച്ചിട്ടുള്ളവനാണ് താനെന്നും അതിനൊരു സ്വയം വിമര്‍ശനമായാണ് ഈ കുറിപ്പെന്നും രാജേഷ് കൃഷ്ണ പറയുന്നു. ‘തച്ചിലേടത്തു ചുണ്ടനില്‍. മമ്മുട്ടിയുടെ കഥാപാത്രം ‘ക്ലൈമാക്‌സില്‍ ‘ വാണിയുടെ ചെകിട് അടിച്ചു തകര്‍ക്കുമ്പോള്‍ ‘തൃശൂര്‍ ജോസ്’ ‘ തിയറ്ററിലിരുന്ന് കോരിത്തടിച്ചവനാണ് താനെന്നും വാണിയെ ‘ഒരു മാംസപിണ്ഡമായി’ മാത്രം സ്‌ക്രീനില്‍ കണ്ട് ആസ്വദിക്കുകയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

രാജേഷ് കൃഷ്ണയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ചലച്ചിത്ര താരം ‘വാണി വിശ്വനാഥിന്’ ഈയുള്ളവന്റെ ‘ജന്‍മദിന’ ആശംസകള്‍.
തൃശ്ശൂരിലെ താങ്കളുടെ മരത്താ ക്കരിയിലെ തറവാട്ട് വീട്ടില്‍ ഏറിയാല്‍ 5 കിലോമീറ്റര്‍ മാത്രമാണ് അകലെയാണ് ഞാന്‍ താമസിക്കുന്നതെങ്കിലും ആദ്യമായിട്ടാണ് ഞാന്‍ താങ്കള്‍ക്ക് ജന്‍മദിന ആശംസ നേരുന്നത്.
ഈ ‘ആശംസ’ താങ്കളുടെ കയ്യിലെത്തും എന്ന ഉറച്ച വിശ്വാസത്തോടെ കുറച്ചു വരികള്‍ക്കൂടി ചേര്‍ക്കുന്നു.
********************************************
ഇന്ന് ഈ ജന്മദിനത്തില്‍ വന്നു ‘വാണി വിശ്വനാഥന്’ ‘ഒരു റോസ പുഷ്പം’ തരാനുള്ള എന്ത് യോഗ്യതയാണ് എനിക്കുള്ളതെന്ന് എന്റെ ‘മനസാക്ഷി’ എന്നോട് ചോദിക്കുന്നുണ്ട്?
സ്വയം വിമര്‍ശനപരമായ ചില ചിന്തകള്‍ ഇവിടെ കുറിക്കുന്നു…
****************************************
എത്ര തവണയാണ് വാണി വിശ്വനാഥിനെ സിനിമയുടെ അണിയറ പ്രവര്‍ത്തകരും, ഞാനുള്‍പ്പെടെയുള്ള പ്രേക്ഷകരും പരസ്യമായി അപമാനിച്ചിട്ടുള്ളത്.
‘ദി കിംഗ് ‘ സിനിമയില്‍ മമ്മൂട്ടി അനാവശ്യമായി വാണിയെ ഇംഗ്ലീഷില്‍ ‘പച്ച തെറി’ പറയുമ്പോള്‍ തൃശൂര്‍ രാഗം തീയറ്ററിലിരുന്ന് ‘അട്ടഹസിച്ചു’ വിസില്‍ അടിക്കുകയായിരുന്നു ഞാന്‍.
സിനിമകളില്‍ ആണുങ്ങള്‍ ‘പച്ച തെറി’ വിളിച്ചു പറയുമ്പോള്‍ നിശബ്ദമായി കേട്ട് നില്‍ക്കാനുള്ള ‘പ്രതിമകളാണോ’ സ്ത്രീ കഥാപാത്രങ്ങള്‍?
ആരോട് പറയാന്‍?? ആ ‘തെറിവിളി’ കേള്‍ക്കുമ്പോള്‍ എണീറ്റു നിന്ന് കയ്യടിക്കാന്‍ തീയറ്ററില്‍ രാജേഷിനെപോലെ ‘ഊളകള്‍’ ഒത്തിരിയുണ്ടല്ലോ……!
****************************************
മലയാള സിനിമ എത്ര തവണയാണ് വാണിയെ ചുമ്മാ ചെള്ളക്ക് അടിച്ചിട്ടുള്ളത്?
പുരുഷനെ താങ്ങി നില്‍ക്കാത്ത, സ്വന്തമായി നിലപാടുകള്‍ ഉള്ള സ്ത്രീയാണ് വാണിയുടെ കഥാപാത്രങ്ങളെങ്കില്‍ അടി എപ്പോ കിട്ടിയെന്ന് ചോദിച്ചാ മതി.
‘തച്ചിലേടത്തു ചുണ്ടനില്‍. മമ്മുട്ടിയുടെ കഥാപാത്രം ‘ക്ലൈമാക്‌സില്‍ ‘ വാണിയുടെ ചെകിട് അടിച്ചു തകര്‍ക്കുമ്പോള്‍ ‘തൃശൂര്‍ ജോസ്’ ‘ തിയറ്ററിലിരുന്ന് കോരിത്തടിച്ചവനാണ് ഈയുള്ളവന്‍.
ആ ഒരൊറ്റ അടിയില്‍ അവള്‍ മാനസാന്തരപ്പെടുന്നതും പതിവായി കാണാറുണ്ട്. പൂര്‍ണ്ണ പരിവര്‍ത്തനം സംഭവിച്ച് അവള്‍, അതിന് ശേഷം പുരുഷനെതിരേ ഒരക്ഷരം പോലും മിണ്ടാത്ത പാവം പൂച്ചകുട്ടിയായി മാറുന്നത് കാണാം.
അതുകണ്ടു തീയറ്റര്‍ സീറ്റിലിരുന്ന് രാജേഷുമാര്‍ ഉള്‍പ്പെടയുള്ള പുരുഷന്മാര്‍ പുളകിതരാകും.
ഹോളിവുഡ് പടത്തിലും ലോകസിനിമയിലും ഒന്നും കാണാത്ത എന്ത് ഭാവാഭിനയമാണ് മുഖത്തടിച്ച് സ്വഭാവം നേരെയാക്കുന്ന സംഗതി
ഒന്നൂതിയാല്‍ പൊട്ടുന്ന കുമിള പോലത്തെ സുരക്ഷിതമല്ലാത്ത ‘കപടമായ’ മലയാളി പൗരുഷം
അതില്‍ക്കൂടുതല്‍ ഒന്നുമില്ല..
********************************************
‘ഏയ് ഹീറോ’ എന്ന മലയാളത്തിലേക്ക് ‘ഡബ്ബ്’ ചെയ്ത ചിത്രത്തില്‍ ‘ചിരഞ്ജീവി’ ഒരു ഗാന രംഗത്തില്‍ വാണി വിശ്വനാഥിന്റെ ശരീരത്തിലൂടെ ‘സൈക്കിള്‍’ കയറ്റി ഇറക്കുന്നുണ്ട്.
പിന്നെ ബ്ലൗസിന്റെ ഉള്ളില്‍ ‘ചില്ലറ’ പൈസ ഇട്ട് അപമാനിക്കുന്നുണ്ട്. അതെല്ലാം സ്‌ക്രീനിന്റെ അടുത്ത് നിന്ന് തൊട്ട് ആസ്വദിച്ച ‘പാപിയാണ്’ ഞാന്‍.
വാണിയെ ‘ഒരു മാംസപിണ്ഡമായി’ മാത്രം സ്‌ക്രീനില്‍ കണ്ട് ആസ്വദിക്കുകയിരുന്നു ഈയുള്ളവന്‍….
******************************************
ആ ‘മഹാപാപി’ യാണ് താങ്കളുടെ ‘വീട്ടു മുറ്റത്തു ‘റോസ പുഷ്പവുമായി’ വന്ന് നില്‍ക്കുന്നത്.
‘അറപ്പും, വെറുപ്പും’ അവന്റെയുള്ളിലെ പുരുഷനോട് അവന് തോന്നുന്നുണ്ട്.
*******************************************
‘സൂസന്ന’ എന്ന ചിത്രത്തില്‍ ഒരു പുരോഹിതന്‍ ‘വേശ്യയായ’ വാണിയോട് ചോദിക്കുന്നുണ്ട് എത്ര കാലം ഈ ‘മഹാപാപം’ തുടരുമെന്ന്?
‘ഈ ‘മഹാപാപം’ എന്ന സംഗതി ഈ ലോകത്തു ഉണ്ടാവുന്ന കാലത്തോളം’– എന്നായിരുന്നു സൂസന്നയുടെ മറുപടി.
‘മഹാപാപത്തിനും’ ഒരു കൂട്ടൊക്കെ വേണ്ടേ അച്ചോ???
********************************************
എന്റെയുള്ളിലെ ‘സിനിമ ആസ്വാദകനും ഇങ്ങനെയൊക്കെ തന്നെയായിരിക്കും.
‘അത് ഈ ജന്‍മത്തില്‍ മാറാനൊന്നും പോകുന്നില്ല.’
മഹാപാപത്തിനും’ ഒരു കൂട്ടൊക്കെ വേണ്ടേ???
പ്രിയ വാണി വിശ്വനാഥ്, ‘പൂവ്’ വലിച്ചെറിഞ്ഞാലും ‘ചൂട് വെള്ളമെടുത്തു’ എന്റെ മുഖത്തൊഴിക്കരുത്… !

shortlink

Related Articles

Post Your Comments


Back to top button