ലാൽ ജോസിന്റെ ആദ്യ ചിത്രം തന്നെ ബോക്സ് ഓഫീസിൽ വലിയ വിജയമായപ്പോൾ മമ്മൂട്ടിയുടെ താരപദവിക്കൊപ്പം ആഘോഷിക്കപ്പെട്ടത് ലാൽ ജോസ് എന്ന പുതുമുഖ സംവിധായകൻ കൂടിയായിരുന്നു. എന്നാൽ മമ്മൂട്ടിയുമായി താൻ ആദ്യ സിനിമ ചെയ്തപ്പോഴുണ്ടായ ഒരു പ്രധാന പ്രതിസന്ധിയെക്കുറിച്ച് ലാൽ ജോസ് തുറന്നു പറയുകയാണ്.
1998- ൽ പുറത്തിറങ്ങിയ ‘ഒരു മറവത്തൂർ കനവ്’ മമ്മൂട്ടിയുടെ താരപദവി തിരിച്ചെടുത്ത സിനിമ കൂടിയായിരുന്നു. തിയേറ്ററിൽ നൂറ് ദിവസങ്ങൾ പിന്നിട്ട ചിത്രം കോട്ടയം കുഞ്ഞച്ചന് ശേഷമുള്ള മമ്മൂട്ടിയുടെ അച്ചായൻ കഥാപാത്രത്തിന്റെ മഹാ വിജയം കൂടിയായിരുന്നു.
” ‘ഒരു മറവത്തൂർ കനവ്’ ചെയ്തപ്പോൾ മമ്മുക്കയ്ക്ക് എന്നോട് നീരസമുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ ഗെറ്റപ്പുമായി ബന്ധപ്പെട്ടതായിരുന്നു. മുടി പറ്റയടിക്കണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം അതിന് തയ്യാറായില്ല. മറ്റ് സിനിമകളെ അത് ബാധിക്കുമെന്ന് പറഞ്ഞ് മമ്മുക്ക അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. ഞാൻ മുടി വെട്ടുന്ന പ്രശ്നമേയില്ലെന്ന് മമ്മുക്ക പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, “നടപ്പില്ല മമ്മുക്ക എന്റെ കഥാപാത്രം ഇതാണേൽ മമ്മുക്ക മുടി വെട്ടിയെ മതിയാകൂ” പക്ഷേ മുടി വെട്ടില്ലെന്ന് പറഞ്ഞ മമ്മുക്ക അടുത്ത ദിവസം പറ്റയടിച്ചു കൊണ്ട് എനിക്ക് മുന്നിലെത്തിയിട്ട് പറഞ്ഞു നിനക്ക് സമാധനമായല്ലോ എന്ന്” – ലാൽ ജോസ് ഒരു ടെലിവിഷന് ചാനലിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ആദ്യ സിനിമയുടെ ഒരു പ്രധാന പ്രതിസന്ധിയെക്കുറിച്ച് തുറന്നു സംസാരിച്ചത്.
Post Your Comments