GeneralLatest NewsMollywood

നമ്മുടെ പ്രധാന വിഷയം വെള്ള കാർഡിന് അരി വിതരണം എന്നാണ്, പിങ്ക് കാർഡിന് എന്നാണ് , നീലക്ക് എന്നാണ്..!! കിഷോറിന്റെ സൂപ്പർ ഐഡിയ പങ്കുവച്ചു കൃഷ്ണ പൂജപ്പുര

" ചേട്ടാ, കൃഷി വ്യാപകമാക്കാൻ നമ്മുടെ നാട്ടിലെ പെൺപിള്ളേരും അവരുടെ അച്ഛനമ്മമാരും കൂടി വിചാരിച്ചാൽ മതി.."

കൊറോണക്കാലത്ത് നമ്മളില്‍ വന്ന ഏറ്റവും നല്ല മാറ്റത്തെക്കുറിച്ച് പ്രമുഖ തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. നടന്‍ കിഷോറിന്റെ വാക്കുകളിലൂടെയാണ് കൃഷ്ണ പുതിയ മാറ്റങ്ങള്‍ പങ്കുവയ്ക്കുന്നത്. ”റേഷൻകട എന്നുകേട്ടാൽ ‘റേഷൻ കടയൊക്കെ ഇപ്പോഴും ഉണ്ടോ’ എന്നു ചോദിക്കുന്ന നമ്മളിൽ പലരും -എന്നെയും ചേർത്ത് തന്നെയാണ് പറയുന്നത് ചേട്ടാ -സഞ്ചിയും പിടിച്ച് റേഷൻ കടയുടെ മുൻപിൽ സമദൂരം പാലിച്ച് നിന്നില്ലേ.. അതിന്, ആ ഒരൊറ്റ കാര്യത്തിന്, ഞാൻ നമ്മുടെ ആ കൃമി ഉണ്ടല്ലോ, കൊറോണ വൈറസ്, അതിനെ എന്നെങ്കിലും വഴിയിൽ വെച്ച് കാണുന്നെങ്കിൽ, ഒരു ഷേക്ക് ഹാൻഡ്- അല്ല നമസ്തേ -കൊടുക്കും ചേട്ടാ… അപ്പൊ പറഞ്ഞു വന്നത് എന്താണെന്നുവെച്ചാൽ , ഞാൻ നേരത്തെ ചെറുതായിട്ടൊന്നു തുടങ്ങിവച്ച കൃഷി, ഒന്നു സജീവമാക്കാൻ തന്നെ തീരുമാനിച്ചു” കിഷോറിന്റെ വാക്കുകള്‍ താരം പങ്കുവയ്ക്കുന്നു

കൃഷ്ണ പൂജപ്പുരയുടെ രസകരമായ പോസ്റ്റ്‌

കിഷോറിന്റെ സുവിശേഷങ്ങൾ
******************************
” തീരുമാനിച്ചു ചേട്ടാ.. ഇനി അഭിനയത്തോടൊപ്പം കൃഷിയും കൂടി ചേർന്നതായിരിക്കും എന്റെ ജീവിതം.” കിഷോർ ആവേശത്തോടെ പറയുകയാണ്. സ്വതസിദ്ധമായ ശൈലിയിൽ. .” ചേട്ടാ കഴിഞ്ഞ രണ്ടു മാസം കൊറോണക്കാലത്ത് നമ്മൾ മലയാളികൾ സംസാരിച്ചത് പുതിയ ബ്രാൻഡ് കാറിനെ കുറിച്ചല്ല.. വെക്കേഷൻ ടൂറിനെ കുറിച്ചല്ല.. പുതിയ വീട്ടിൽ സിമ്മിംഗ് പൂൾ കെട്ടുന്നതിനെ കുറിച്ചല്ല… നമ്മുടെ പ്രധാന വിഷയം വെള്ള കാർഡിന് അരി വിതരണം എന്നാണ്, പിങ്ക് കാർഡിന് എന്നാണ് , നീലക്ക് എന്നാണ്.. ധാന്യ കിറ്റ് വിതരണം എന്നു തുടങ്ങും.. കേന്ദ്രം പ്രഖ്യാപിച്ച അരിഎന്നുമുതലാണ്..ഇവിടത്തെ റേഷൻ കട എവിടെയാണ്.. ഒരു വര്ഷമായിട്ട് റേഷൻ വാങ്ങിക്കാതെ ഇപ്പോൾ അങ്ങോട്ട്‌ ചെന്നാൽകിട്ടുമോ…അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ ആയിരുന്നില്ലേ… റേഷൻകട എന്നുകേട്ടാൽ ‘റേഷൻ കടയൊക്കെ ഇപ്പോഴും ഉണ്ടോ’ എന്നു ചോദിക്കുന്ന നമ്മളിൽ പലരും -എന്നെയും ചേർത്ത് തന്നെയാണ് പറയുന്നത് ചേട്ടാ -സഞ്ചിയും പിടിച്ച് റേഷൻ കടയുടെ മുൻപിൽ സമദൂരം പാലിച്ച് നിന്നില്ലേ.. അതിന്, ആ ഒരൊറ്റ കാര്യത്തിന്, ഞാൻ നമ്മുടെ ആ കൃമി ഉണ്ടല്ലോ, കൊറോണ വൈറസ്, അതിനെ എന്നെങ്കിലും വഴിയിൽ വെച്ച് കാണുന്നെങ്കിൽ, ഒരു ഷേക്ക് ഹാൻഡ്- അല്ല നമസ്തേ -കൊടുക്കും ചേട്ടാ… അപ്പൊ പറഞ്ഞു വന്നത് എന്താണെന്നുവെച്ചാൽ , ഞാൻ നേരത്തെ ചെറുതായിട്ടൊന്നു തുടങ്ങിവച്ച കൃഷി, ഒന്നു സജീവമാക്കാൻ തന്നെ തീരുമാനിച്ചു.. അഭിനയം -കൃഷി, കൃഷി- അഭിനയം..ദാ ഇപ്പൊ തന്നെ വാഴക്ക് തടം എടുക്കുന്നതിനിടയിൽ ആണ് ചേട്ടന്റെ ഫോൺ വന്നത്.. മുമ്പ് , യാത്രകളിൽ ഞാൻ കരുതിയത് ഫുൾ എ സിഇട്ടു കാറിൽ അങ്ങിനെ പോകുന്നതാണ് ഏറ്റവും നല്ല സുഖങ്ങളിൽ ഒന്നെന്നു.. അല്ല ചേട്ടാ.. കൃഷിപ്പണിക്കിടയിൽ അല്പം പഴങ്കഞ്ഞി വെള്ളം കുടിച്ച് അങ്ങനെ നിൽക്കുമ്പോൾ ഇടയ്ക്കു ചെറുതായൊരു കാറ്റുവീശും.. ഹോ അതിന്റെ ഒരു ഇത് ഉണ്ടല്ലോ അതൊരു ഒന്നൊന്നര ഐറ്റം ആണ്..”
ഞാൻ രസത്തോടെ കേട്ടിരി ക്കുകയാണ്.. കിഷോർ അങ്ങനെയാണ്.. പൊടിപ്പും തൊങ്ങലും ചേർത്ത് ഗംഭീരമായി സംസാരിക്കും..

കിഷോറിന്റെ സൂപ്പർ ഐഡിയ
*******************************
” ചേട്ടാ, കൃഷി വ്യാപകമാക്കാൻ നമ്മുടെ നാട്ടിലെ പെൺപിള്ളേരും അവരുടെ അച്ഛനമ്മമാരും കൂടി വിചാരിച്ചാൽ മതി..”
” അതെങ്ങിനെ ”
“ഇപ്പോൾ, നാട്ടിലെ കല്യാണ മാർക്കറ്റിൽ സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് അല്ലേ ഏറ്റവും ഡിമാൻഡ്. ഹോ നമ്മുടെ നാട്ടിൽ തന്നേ ഉള്ളൂ ഇങ്ങനെ ഒരു പ്രതിഭാസം.. . സാക്ഷാൽ അംബാനിയാണ് കല്യാണ പ്രായത്തിൽ പെണ്ണ് ആലോചിച്ച് കേരളത്തിൽ വന്നത് എന്നിരിക്കട്ടെ.. ചായയും ബിസ്ക്കറ്റും ഒക്കെ കൊണ്ടു വച്ചു കഴിഞ്ഞു പെണ്ണിന്റെ അച്ഛൻ ചോദിക്കും.. “അപ്പോ, പയ്യന്റെ ജോലി എന്താണ്” അംബാനിയുടെ അമ്മാവൻ ഗമയിൽ പറയും “റിലയൻസ് എംഡി “ആണ്. പെണ്ണിന്റെ അച്ഛന്റെ മുഖം മാറും. റിലയൻസ് എന്നൊക്കെ പറയുന്നത് പ്രൈവറ്റ് സ്ഥാപനം അല്ലേ.. ഞാൻ എന്റെ മോളെ സർക്കാരുദ്യോഗസ്ഥനേ കൊടുക്കൂ..”
ബ്രോക്കർ ഇടപെടും.”ചേട്ടാ ലക്ഷം കോടി.. ”
പൂർത്തിയാകുന്നതിനു മുമ്പ് പെണ്ണിന്റെ അച്ഛൻ തടയും..” താൻ ഒന്നും പണയണ്ട.. നോക്ക് 80 പവന്റെ ആഭരണം, പിന്നെ കാലശേഷം ഈ വീട് ഞാൻ അവളുടെ പേരിലാണ് വച്ചിരിക്കുന്നത്.. അങ്ങനെയുള്ള എന്റെ മോൾക്ക് പ്രൈവറ്റ് സ്ഥാപനം നടത്തുന്ന ആളാ.. കഴിഞ്ഞാഴ്ച വന്നില്ലേ ആ ക്ലാർക്ക്. അതുമതി.. “അങ്ങനെയൊക്കെ അല്ലേ ഇപ്പോഴത്തെ രീതി.. അത് മാറണം.. പണ്ട് സ്വയംവരത്തിന് രാജകുമാരന്മാർ വരുമ്പോൾ വില്ലൊടിച്ചാൽ മോളെ കൊടുക്കും.. കിളിയുടെ കണ്ണിലെ കൃഷ്ണമണിയിൽ അമ്പെയ്താൽ കല്യാണം എന്നൊക്കെ പറയും പോലെ, 5 പറ കണ്ടം കൃഷി ചെയ്തു കാണിച്ചാൽ പെണ്ണു തരാമെന്നോ 500 മൂട് തെങ്ങു വെച്ചാൽ കല്യാണമെന്നോ ഒക്കെ പറഞ്ഞു തുടങ്ങട്ടെ..അപ്പൊ കാണാം, വരുന്ന മാറ്റം.. ഇപ്പൊ പെൺപിള്ളേരുടെ ഒരു സ്മൈലി ക്ക് വേണ്ടി തന്നെ എവറസ്റ്റ് വരെ കേറാൻ തയ്യാറായി നിൽക്കുകയാണ് പയ്യന്മാര്.. അപ്പൊ കെട്ടാൻ വേണ്ടി എന്ത് തന്നെ ചെയ്യില്ല.. ഓടി പാഞ്ഞ് കൃഷിയിറക്കും.. ആക്രാന്തം കാരണം കാലാവസ്ഥയെ തന്നെ തോൽപ്പിച്ചു കളയും.. തിരുവനന്തപുരത്തുനിന്ന് ആപ്പിൾ കയറ്റി അയക്കും തൃശ്ശൂര് നിന്നു ഓറഞ്ച്… കൊയ്തെടുത്ത നെല്ല് എവിടെ കൊണ്ട് കൂട്ടുമെന്ന് അറിയാതെ വീട്ടുകാർ ടെൻഷൻ ആവും. പ്രതിശ്രുത വധുക്കളോടു പയ്യന്മാരുടെ ചാറ്റിങ് ഇങ്ങിനെ ആയിരിക്കും ” മോളു നാളെ പറമ്പിൽ ഇഞ്ചി നടുകയാണ്.. കാണാൻ വരണേ” അവസാനം മുഖ്യമന്ത്രിതന്നെ പത്രസമ്മേളനത്തിൽ പറയേണ്ടിവരും ഗോഡൗണുകൾ നിറഞ്ഞത് കാരണം ധാന്യം ശേഖരിക്കാൻ ഇനി സ്ഥലമില്ല. കൃഷി പൊടിക്കൊന്നു കുറയ്ക്കണമെന്ന്… “ചേട്ടാ ഞാൻ അല്പം അതിശയോക്തി കയറ്റി പറഞ്ഞതാണെങ്കിലും നമ്മുടെ ആളുകളുടെ ആറ്റിറ്റ്യൂഡ് മാറിയാൽ എല്ലാം ശരിയാവും..

ജോലി ഒന്നും ആയില്ലേ
***********************
ചെറുപ്പക്കാരോട് മുതിർന്നവരുടെ ഒരു ചോദ്യമുണ്ടല്ലോ നിനക്ക് ജോലി ഒന്നും ആയില്ലേ എന്ന്.. ഹോ, ജോലി ഇല്ലാത്തതി നേക്കാൾ ഹൃദയഭേദകം ജോലിയായില്ലേ എ ന്നുള്ള ചോദ്യമാണ്.. രാവിലെ അങ്ങോട്ട് പോകുമ്പോൾ ചോദിക്കുന്ന അതേ ആളുതന്നെ വൈകുന്നേരം നമ്മൾ തിരിച്ചു വരുമ്പോൾ വീണ്ടും ചോദിക്കും.. അതുപോട്ടെ, അങ്ങനെ ജോലിയായില്ലേ എന്ന് ചോദിക്കുമ്പോ, ജോലി ആയി ഞാൻ കൃഷിക്കാരനാണു, എന്നു ഒന്ന് പറഞ്ഞു നോക്കട്ടെ.. ചോദിച്ചയാൾ അന്തം വിടും.. കൃഷിയെ ജോലിയായിട്ട് അംഗീകരിച്ചിട്ടില്ല.. അതു മാറണം.. കൃഷി എന്നുവച്ചാൽ സർക്കാർ ജോലി ആണ് എന്നൊരു ഉത്തരവ് ഗവൺമെന്റ് പാസ്സാക്കട്ടെ . ശമ്പളം ഒന്നും കൊടുക്കേണ്ട.. സർക്കാരുമായി ഒരു ബന്ധവും ഉണ്ടാകേണ്ട.. എന്നാലും സർക്കാർ ജോലി ആണ് എന്നൊരു വാചകം മാത്രം എഴുതി ചേർത്താൽ മതി അപ്പൊ കാണാം വരുന്ന മാറ്റം…

ലാഭവും നഷ്ടവും
******************
“കിഷോർ കൃഷി ആഹ്ലാദം തന്നെയാണ്.. സന്തോഷം തന്നെയാണ്.. കൃഷിയിൽ ഇറങ്ങണം..ശരി പക്ഷേ അതിന്റെ ലാഭ നഷ്ടങ്ങളോ.. ജോലി ചെയ്യാൻ ആളില്ല, വില ഇല്ലായ്മ,…… ”
“ചേട്ടൻ കൃഷി ചെയ്യാൻ ഇറങ്ങിയിട്ടുണ്ടോ ഇല്ലല്ലോ..ആദ്യം നമ്മൾ ഇറങ്ങണം.. ഒരുപാട് പ്രശ്നങ്ങളുണ്ട്.. സമ്മതിച്ചു.. കാലാവസ്ഥ പ്രശ്നം.. അപ്രതീക്ഷിത സാഹചര്യങ്ങൾ.. ഈയിടെ ക്ഷീരകർഷകർക്ക് വന്ന വിഷമങ്ങൾ കണ്ടു എനിക്കും വേദന തോന്നി.. പക്ഷേ ചേട്ടാ.. ചേട്ടനും ഞാനുമൊ ക്കെ സിനിമയിലും സീരിയലിലും വർക്ക് ചെയ്യുന്നവരല്ലേ.. ആ മേഖല കംപ്ലീറ്റ് ലാഭം ആണോ.. കോടാനുകോടാനുകോടി സമ്പാദ്യം ഉണ്ടെന്നു നമ്മൾ കരുതിയിരുന്ന രാജ്യത്തെ വമ്പൻ ബിസിനസുകാർ ബിസിനസ് പൊളിഞ്ഞു കടം കയറി നാടു വിട്ടില്ലേ.. അതോ..കൃഷിയിലും നഷ്ടമുണ്ട്. ചില കാര്യങ്ങളൊക്കെ കേട്ടാൽ നമുക്ക് പേടിയാകും.. പക്ഷേ എല്ലാരും കൂടി ഒന്നിച്ച് ഇറങ്ങിയാൽ മാറ്റം വരില്ലേ. ഇതിപ്പൊ കൃഷിക്കാർ ന്യൂനപക്ഷമായതുകൊണ്ടുള്ള പ്രശ്നമാണ് ഭൂരിപക്ഷം പേരും കൃഷിയിൽ ഉണ്ടെങ്കിൽ അവർക്കായിരിക്കും മേൽകൈ.. ചേട്ടാ ഇപ്പൊ കളിയിക്കാവിളയിലും വാളയാറിലും കുടകിലും റോഡിൽ മണ്ണിട്ടു ബാരിക്കേഡും വെച്ചാൽ നമ്മളു തീർന്നു.. അരിയില്ല പയറില മുളകില്ല.. വായുഭക്ഷണം.. ഇനി അപ്പോൾ നോക്കിയിട്ട് കാര്യമില്ല.. നമ്മൾ തന്നെ ഇറങ്ങിയേ പറ്റൂ.. തനിക്കു താനും പുരയ്ക്കു തൂണും.. തണലത്തു നിന്നാ വളരാൻ പറ്റില്ല. അതുകൊണ്ടല്ലേ ചെറിയ ചെടികൾ വലിയ മരത്തിന്റെ ചോട്ടിൽ നിന്ന് മാറ്റി നടന്നത്. അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചു നിന്നാൽ നമ്മൾ ഇരുന്നു പോകും..

കൃഷിക്കാരൻ ഡോക്ടർ
************************
ഏത് ജോലിക്കുമൊപ്പവും കൃഷിചെയ്യാം ചേട്ടാ.. സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ ഓഫീസിൽ നിന്നു വന്നു ചെയ്യാം…. സിനിമാക്കാരന് ചെയ്യാം ബാങ്ക് ഉദ്യോഗസ്ഥനു അധ്യാപകർക്ക് ഡോക്ടർമാർക്ക് ആർക്കും ചെയ്യാം.. എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ കൃഷിക്കാരനാണ് പിന്നെ ബാങ്ക് ജോലിയുണ്ട്, കൃഷിക്കാരനാണ് ഡോക്ടറുമാണ്, കൃഷിക്കാരൻ ആണ് ഓട്ടോയും ഓടിക്കും അങ്ങനെ പറഞ്ഞു ശീലിച്ചു തുടങ്ങിയാൽ ചെറിയൊരു മാറ്റം വരും.. ആദ്യം കൃഷിക്കാരനായാൽ മതി.. ഞാനിപ്പോ കൃഷിയുടെ രസത്തിൽ താടി എടുക്കാൻ കൂടി ശ്രദ്ധിക്കുന്നില്ല.. വേറൊരു രൂപമായി..

എന്റെ മാവും കായ്ച്ചു
***********************
“ശരിയാണ് കിഷോർ. ഇതിൽ നിന്നു കിട്ടുന്ന സുഖം ഞാനും ഇപ്പോൾ അറിഞ്ഞു.. നാലഞ്ചു വർഷങ്ങൾക്കു മുമ്പ് വീടിന്റെ മുറ്റത്ത് ഒരു ചെറിയ മാവിൻ തൈ വെച്ചു.. ഇതാ ഇപ്പോൾ അതിൽ മാങ്ങ കിടക്കുന്നത് കാണുമ്പോൾ കിട്ടുന്ന സുഖം.. സന്തോഷം അഭിമാനം.. ”
“അടിപൊളി” കിഷോർ പറഞ്ഞു നിറുത്തി

shortlink

Related Articles

Post Your Comments


Back to top button