GeneralLatest NewsMollywood

പൊതു ജനത്തിന്റെ മുന്നിൽ ഞങ്ങളുടെ ദാമ്പത്യം വിളമ്പാൻ പാടില്ല!! മെയ് 12 എന്റെ സർവതന്ത്ര സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിട്ട പുണ്യ ദിനം

ഇത്തവണ ഞാൻ തീരുമാനിച്ചു .ഈ വിവാഹ വാർഷികത്തിന് എന്റേത് മാത്രമായ ഒരു സമ്മാനം ഞാൻ അവളറിയാതെ കരുതി.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ്‌ ബാലചന്ദ്ര മേനോന്‍. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ വരദയ്ക്ക് പാട്ട് സമ്മാനമായി എത്തിയിരിക്കുകയാണ് പ്രിയതാരം. വിവാഹം കഴിഞ്ഞ് ഇത്രയും വർഷമായിട്ടും ഭാര്യയ്ക്കു സമ്മാനമൊന്നും വാങ്ങി നൽകിയിട്ടില്ല. ഓരോ തവണ ചോദിക്കുമ്പോഴും ഭാര്യ അത് സ്നേഹപൂർവം നിരസിക്കുകയാണു പതിവ്.അതിനാലാണ് ഇത്തവണ പാട്ടു പാടി സമ്മാനം നൽകാൻ തീരുമാനിച്ചതെന്നും ബാലചന്ദ്ര മേനോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ബാലചന്ദ്ര മേനോന്‍ പോസ്റ്റ്

ഇന്ന് മെയ് 12 …ഈ ദിവസത്തിനു ഏതെങ്കിലും പുണ്യാത്മാവിന്റെ ജനനം കൊണ്ടോ അടിച്ചമർത്തപ്പെട്ട ഏതെങ്കിലും രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ നാളെന്ന പ്രാമുഖ്യമുണ്ടോ എന്നെനിക്കറിയില്ലാ . എന്നാൽ വെറും 27 കാരനായ എന്റെ സർവതന്ത്ര സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിട്ട പുണ്യ ദിനമാണിത് .അതെ …ഇന്ന് എന്റെ ,എന്റെ മാത്രമല്ല വരദയുടെയും വിവാഹ വാർഷികമാണ് .

തുറന്നു പറയട്ടെ , ഞങ്ങൾ ഞങ്ങളായിട്ടു ഇന്ന് വരെ വിവാഹവാർഷികം ഒരു അരങ്ങിൽ ആഘോഷിച്ചിട്ടില്ല . എന്നാൽ , ലാൽ ജോസിന്റെ. “ക്ലാസ്സ്‌മേറ്റ്സ്” എന്ന ചിത്രത്തിന്റ ഷൂട്ടിങ് ലൊക്കേഷനിൽ കോട്ടയത്തു പൃഥ്വിരാജ് , ഇന്ദ്രജിത്, കാവ്യാമാധവൻ ,ജഗതി ശ്രീകുമാർ , നരേൻ , രാജീവ് രവി ,ശോഭ ഏവരും ചേർന്ന് അതൊരു സംഭവമാക്കി . പിന്നീട് ഏപ്രിൽ 18 എന്ന ചിത്രത്തിന് വേണ്ടി ചെന്നൈയിൽ വെച്ച് സിനിമ എക്സ്പ്രസ്സ് അവാർഡ് എനിക്ക് സമ്മാനിച്ചത് ഭാഗ്യരാജ് -പൂർണ്ണിമ ദമ്പദികളായിരുന്നു .ആ മെയ് 12 അവർ ഒരു ‘ഈവന്റ് ‘ ആക്കിയെടുത്തു . ഇതൊഴിച്ചാൽ എല്ലാ മെയ് 12 നും ലോകത്തെവിടെയാണെകിലും ഒരുമിച്ചു ഇരിക്കും എന്നത് ഞങ്ങൾ രണ്ടു പേരും കൃത്യമായി പാലിച്ചിട്ടുണ്ട്. ഞാൻ ഒരു നല്ല ഭർത്താവിനേക്കാൾ നല്ല അച്ഛനാണെന്നു വരദ ചിലയിടത്ത് കുശുമ്പ് പറയാറുണ്ട്. എന്റെ രണ്ടു മക്കളും ,അഖിലും ഭാവനയും, അത് മുഖവിലക്കെടുത്തിട്ടു പോലുമില്ല . (കാരണം മക്കൾക്കറിയാം അത് അവരുടെ അമ്മയുടെ ഒരു നമ്പർ ആണെന്ന്) എന്തിനധികം പറയുന്നു?എന്റെ മക്കളുടെ പിറന്നാളുകൾ ഞാൻ വരദയെപ്പോലെ ഓർത്ത് വെക്കാറില്ല . എന്നാൽ മെയ് 12 എന്ന് പറഞ്ഞാൽ ഞങ്ങളുടെ സ്വകാര്യതയുടെ ദിനമാണ് . എന്നോടൊപ്പം താമസിച്ചിരുന്ന അച്ഛനമ്മമാർ,വരദയുടെ ‘അമ്മ ഇന്ദിര ആർ .മേനോൻ വരദയുടെ ആങ്ങള സേതുനാഥ് അതിനപ്പുറം ഗസ്റ്റ് ലിസ്‌റ്റില്ല .(അതിൽ പലരും ഓർമ്മകളായി ) കോവിഡ് കാലമായതുകൊണ്ടു ആഘോഷം ‘ഗ്രീൻ ഹിൽസി’ ലാക്കി .എന്തായാലും രാത്രി ഭക്ഷണം മെനു തയ്യാറാക്കിയത് ഞാനാണ് .(ഉണ്ടാക്കേണ്ടത്, സംശയമെന്താ, വരദയും ) ചൂട് കഞ്ഞി , പുളിശ്ശേരി ,ചെറുപയർ കൊണ്ടൊരു പുഴുക്ക് , അസ്സൽ മാങ്ങാ ചമ്മന്തി,. പാവയ്ക്കാ കൊണ്ടാട്ടം .(വായിൽ വെള്ളമൂറിയോ ആവൊ !)

എന്റെ ഭാര്യക്ക് ഒരു കൊഴപ്പമുണ്ട് .പൊതു ജനത്തിന്റെ മുന്നിൽ ഞങ്ങളുടെ ദാമ്പത്യം വിളമ്പാൻ പാടില്ല ,അവളുടെ ‘പ്ലസ് പോയ്ന്റ്സ് ‘ഞാനായിട്ട് എഴുന്നെള്ളിക്കാൻ പാടില്ല, ഒരു സത്യം ഇനി പറയാം . കല്യാണം കഴിഞ്ഞു ഇന്നിത് വരെ ഞാൻ അവൾക്കു ഈ ദിനത്തിൽ ഒരു സമ്മാനം നൽകിയിട്ടില്ല .അതിനു ഞാൻ തയ്യാറായാൽ ഉടക്കും “അതൊന്നും വേണ്ട …എനിക്കെല്ലാം ഉണ്ടല്ലോ ..” എന്നാൽ പുറം രാജ്യങ്ങളിൽ പോയാൽ വരദ യാണ് ഷോപ്പിംഗ് എക്സിക്യൂട്ടീവ് . എന്റെ കർചീഫ് വരെ അവളുടെ സെക്ഷൻ ആണ് .
ക്ലൈമാക്സ് ദാ വരുന്നു …

ഇത്തവണ ഞാൻ തീരുമാനിച്ചു .ഈ വിവാഹ വാർഷികത്തിന് എന്റേത് മാത്രമായ ഒരു സമ്മാനം ഞാൻ അവളറിയാതെ കരുതി.
( അതിലാണല്ലോ ഒരു ത്രില്ല്..) , സോപ്പ് ചീപ് മുതലായവ വര്ജിക്കുമെന്നത് കൊണ്ട് ഞാൻ വരദക്കായി ഒരു പാട്ടു തയ്യാറാക്കി .ഈ പാട്ടിനും ഒരു പ്രത്യേകതയുണ്ട് .വിവാഹിതരായതിനു ശേഷം വരദ ഒരു ഭാര്യയുടെ’ഫുൾ പവറിൽ ‘ ഇരുന്നു കേട്ട പാട്ടാണിത് .പാട്ടു പൂർത്തിയായി കഴിഞ്ഞപ്പോൾ വന്ന ആദ്യ കമന്റ്
“ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല —”
അതു ഏതു അർത്ഥത്തിൽ ഉൾക്കൊള്ളണമെന്നു ഞാൻ ഇനിയും തീരുമാനിച്ചിട്ടില്ല …
എന്റെ ഫേസ് ബുക്ക് മിത്രങ്ങൾ കേൾക്കുക ..എന്നിട്ടു പറയൂ ‘നിക്കണോ പോണോ ?”
that’s All your honour !

shortlink

Related Articles

Post Your Comments


Back to top button