GeneralLatest NewsMollywood

ലോക്ഡൌണില്‍ ഷൂട്ടിങ് നടക്കുന്ന ഏക സിനിമ; ആടുജീവിതത്തെക്കുറിച്ച് ബ്ലെസ്സി

മാര്‍ച്ച്‌ 16 ന് ഒമാന്‍ താരം വന്നെങ്കിലും അദ്ദേഹം ക്വാറന്റീനിലാകുകയും മസ്കറ്റിലേക്ക് തിരികെ പോകുകയും ചെയ്തു. അതുകൊണ്ട് തന്നെ അറബികളുമൊത്തുള്ള ഭാഗം ഒഴിവാക്കിയുള്ള ചിത്രീകരണം തുടങ്ങുകയായിരുന്നു

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ബ്ലെസ്സിയും നടന്‍ പൃഥ്വിരാജും അടങ്ങുന്ന സംഘം ജോര്‍ദാനില്‍ കുടുങ്ങി എന്ന വാര്‍ത്ത കേട്ട് ആരാധകര്‍ നിരാശയിലായി. ലോകം മുഴുവന്‍ കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണ്‍ കാരണമാണ് ഈ സംഘത്തിനു തിരികെ നാട്ടിലേക്ക് വരാന്‍ കഴിയാതെ ജോര്‍ദാനില്‍ കഴിയേണ്ടിവന്നത്. എന്നാല്‍ ഇപ്പോള്‍ ആടുജീവിതത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ബ്ലെസി.

ലോകത്ത്‌ നിലവില്‍ ആടുജീവിതത്തിന്റെ മാത്രം ഷൂട്ട്‌ നടക്കുന്നു എന്നാണ് ബ്ലെസ്സിപറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു അവസരം കിട്ടിയത്‌ ഭാഗ്യമായി കാണുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കഴിഞ്ഞ ആറു മാസമായി പൃഥ്വിരാജ്‌ താടിയും മുടിയും വളര്‍ത്തി ആടുജീവിതത്തിലെ നജീബിനെപ്പോലെ മാറാനുള്ള ശ്രമത്തിലായിരുന്നു. പൃഥ്വിരാജിന്റെ ആത്മാര്‍ഥതയെ പിന്തുണയ്‌ക്കുന്നതിനു വേണ്ടി സംവിധായകനും താടി വളര്‍ത്തി തുടങ്ങി. ആടുജീവിതത്തിലെ നജീബാകാന്‍ വേണ്ടി പൃഥ്വിരാജ് ശാരീരിക മാറ്റങ്ങള്‍ വരുത്തുകയും താടി വളര്‍ത്തുകയും ചെയ്തിരുന്നു. അതിനു വേണ്ടിയുള്ള പിന്തുണയാണിതെന്നും ബ്ലെസ്സി ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

ഹോളിവുഡില്‍ നിന്നും ഒമാനില്‍ നിന്നുമുള്ള നടന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. എന്നാല്‍ മാര്‍ച്ച്‌ 16 ന് ഒമാന്‍ താരം വന്നെങ്കിലും അദ്ദേഹം ക്വാറന്റീനിലാകുകയും മസ്കറ്റിലേക്ക് തിരികെ പോകുകയും ചെയ്തു. അതുകൊണ്ട് തന്നെ അറബികളുമൊത്തുള്ള ഭാഗം ഒഴിവാക്കിയുള്ള ചിത്രീകരണം തുടങ്ങുകയായിരുന്നുവെന്ന് ബ്ലെസ്സി പറയുന്നു.

”നിലവിലത്തെ അവസ്ഥയില്‍ ജോര്‍ദാനില്‍ കൊവിഡ്‌ തീരെയില്ലെന്ന് പറയാം. സൈന്യമാണ്‌ എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്നത്‌. അഞ്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ തയാറാക്കി നല്‍കുന്നു. ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരിടത്തേക്കു പോകണമെങ്കില്‍ സൈന്യത്തിന്റെ അനുമതി വേണം.” ബ്ലെസി പറഞ്ഞു. കുബൂസും റൊട്ടിയും മാത്രം കഴിച്ച്‌ 45 ദിവസത്തോളം കഴിഞ്ഞ 60 കലാകാരന്മാര്‍ക്കും ഭക്ഷണവുമായി എത്തുന്നത് ജോര്‍ദാനിലെ വസ്‌ത്രവ്യവസായികൂടിയായ തിരുവനന്തപുരം സ്വദേശി സനല്‍കുമാറാണ്. പൊറോട്ടയും ഇറച്ചിക്കറിയും ബിരിയാണിയുമൊക്കെ സനലും അദ്ദേഹത്തിന്റെ മക്കളും ചേര്‍ന്നാണ് എത്തിച്ചതെന്നു സംവിധായകന്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button