നായകനായിട്ടല്ല സിനിമയില്‍ അഭിനയിക്കുന്നതെങ്കിലും പ്രേക്ഷക മനസ്സില്‍ സൈജു കുറുപ്പ് എന്ന നടന്‍ ശരിക്കുമൊരു ഹീറോയാണ്. നായകന് തുല്യം സിനിമയില്‍ കയ്യടി നേടുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാളായ സൈജു കുറുപ്പ് അഭിനയമല്ലാതെ സിനിമയില്‍ തനിക്ക് മറ്റേത് മേഖലയാണ് ഇഷ്ടമെന്ന് തുറന്നു പറയുകയാണ്. സിനിമയില്‍ വേണ്ടത്ര അവസരങ്ങള്‍ വന്നപ്പോള്‍ സംവിധാനം ചെയ്യണമെന്ന ആഗ്രഹം തോന്നിയിട്ടുണ്ടെന്നും, എന്നാല്‍ സിനിമയില്‍ വന്നു കഴിഞ്ഞപ്പോള്‍ അതിന്റെ ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് നേരില്‍ കണ്ടു മനസിലാക്കിയത് കൊണ്ട് അത് തനിക്ക് പറ്റിയ പണിയല്ലെന്ന് തിരിച്ചറിഞ്ഞെന്നും സൈജു കുറുപ്പ് പറയുന്നു.
“സംവിധാനം ചെയ്യണമെന്ന് പണ്ട് ആഗ്രഹമുണ്ടായിരുന്നു. സിനിമയില്‍ വേണ്ടത്ര അവസരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോള്‍ സംവിധാനം ചെയ്താലോ എന്ന് ആലോചിച്ചിട്ടുണ്ട്. അന്നത്തെ പ്രായത്തിന്റെ പക്വത കുറവായിട്ടേ അതൊക്കെ തോന്നിയിട്ടുള്ളൂ. ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് സംവിധാനമെന്ന് പിന്നീട് മനസ്സിലായി. എനിക്ക് തെറ്റില്ലാതെ ചെയ്യാന്‍ കഴിയുന്ന ജോലിയാണ് അഭിനയം. അത് വൃത്തിയായി ചെയ്യുന്നതല്ലേ അതിന്റെ ഭംഗി. നന്നായി സംവിധാനം ചെയ്യാന്‍ അറിയാവുന്ന ഒരുപാട് പേര്‍ ഇന്ന് മലയാള സിനിമയിലുണ്ട്. ഭാവിയില്‍ സിനിമ നിര്‍മ്മിക്കണമെന്ന് ആഗ്രഹമുണ്ട്. സിനിമയില്‍ നിന്ന് അത്യാവശ്യം സമ്പാദ്യമൊക്കെ ലഭിക്കുന്ന അവസ്ഥയില്‍ മാത്രമേ അങ്ങനെയൊരു തീരുമാനത്തിലേക്ക് നീങ്ങുകയുള്ളൂ. ‘മൈ ഫാന്‍ രാമു’ എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ തിരക്കഥയെഴുതിയിട്ടുണ്ട്. ഒരു സൂപ്പര്‍ താരത്തിന്റെ ആരാധകനായ രാമു എന്ന ചെറുപ്പക്കാരന്റെ കഥയായിരുന്നു അത്. ആ സിനിമ വേണ്ടത്ര വിജയിച്ചില്ല. ഇന്ന് കാണുമ്പോള്‍ ഒരുപാട് പോരായ്മകള്‍ ആ സിനിമയ്ക്കുള്ളതായി കാണാം”. കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സൈജു കുറുപ്പ് പറയുന്നു.
Post Your Comments