ട്വിറ്ററില്‍ സജീവമായ ബോളിവുഡ് താരങ്ങളില്‍ പ്രമുഖനാണ് ബിഗ്ബി. കോവിഡ് 19 വ്യാപിച്ചതോടെ പല വാട്സ്ആപ്പ് ഫോര്‍വേഡ് മെസേജുകളും ട്വീറ്റുകളും പങ്കുവെച്ച് അബദ്ധത്തില്‍പ്പെട്ട നടന്‍കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ ഇതാ വീണ്ടും വാട്സ്ആപ്പ് ഫോര്‍വേഡ് മെസേജ് പങ്കുവെച്ച് ട്രോളുകള്‍ വാങ്ങി കൂട്ടുകയാണ് അദ്ദേഹം.
എല്ലാവര്‍ക്കും പിറന്നാള്‍ ആശംസകളെന്ന് പറഞ്ഞ് തുടങ്ങുന്ന ട്വീറ്റില്‍ ഒരു കണക്കാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നിങ്ങളുടെ പ്രായവും ജനിച്ച വര്‍ഷവും കൂട്ടിയാല്‍ ഉത്തരമായി എല്ലാവര്‍ക്കും ഇപ്പോഴത്തെ വര്‍ഷം (2020) കിട്ടുമെന്നും ഇത് ആയിരം വര്‍ഷം കൂടുമ്പോള്‍ മാത്രം സംഭവിക്കുന്ന അത്ഭുതമാണെന്നുമാണ് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം തന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
T 3525 – Happy B'day to all.
Today the whole world is the same Age!
Today is a Special day. There's only 1 chance every 1,000 Years.Your Age + Your Year of Birth, every person is = 2020
Even experts can't explain it! You figure it out & see if it's 2020
It's 1000-year wait! pic.twitter.com/XqpJH2kJ3P— Amitabh Bachchan (@SrBachchan) May 8, 2020
എന്നാല്‍ ഈ ‘കണ്ടെത്തലി’നെ ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്തെത്തി. ഈ പറഞ്ഞതിന് ആയിരം വര്‍ഷം കാത്തിരിക്കേണ്ടതില്ലെന്നും വയസ്സും ജനിച്ച വര്‍ഷവും ഏത് വര്‍ഷം കൂട്ടിനോക്കിയാലും ആ വര്‍ഷം തന്നെ ഉത്തരമായി ലഭിക്കുമെന്നാണ് നിരവധിപേര്‍ പ്രതികരിച്ചിരിക്കുന്നത്. ദയവായി 2019ലേക്ക് മടങ്ങിപ്പോയി ഈ കണക്ക് കൂട്ടിനോക്കാനാണ് പലരും അദ്ദേഹത്തെ ഉപദേശിക്കുന്നത്. അതേസമയം ഇത്രയും മുതിര്‍ന്ന, ബഹുമാനിക്കപ്പെടുന്ന ഒരാളെ ട്രോളരുതെന്നും അദ്ദേഹം സര്‍ക്കാസം ആയിരിക്കാം ഉദ്ദേശിച്ചതെന്നുമൊക്കെ മറ്റൊരു വിഭാഗം ന്യായീകരിക്കുന്നുമുണ്ട്.
നേരത്തെ കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഐദ്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്നാലെ അറ്റ്‌ലസിന്റെ മാതൃകയില്‍ ഇന്ത്യയുടെ ഭൂപടം മാത്രം തിളങ്ങിനില്‍ക്കുന്നതിന്റെ ഒരു വാട്‌സ്ആപ് ഫോര്‍വേഡ് ട്വിറ്ററിലൂടെ പങ്കുവച്ചതും ബച്ചനെ കുടുക്കിയിരുന്നു.
Post Your Comments