GeneralLatest NewsMollywood

അമ്പലത്തിൽനിന്ന് ലഭിക്കുന്ന സൗജന്യ ഭക്ഷണം കഴിച്ച് ജീവിതം; പ്രതിബന്ധങ്ങൾക്കൊന്നും തന്നെ തളർത്താനാകില്ലെന്നു നടന്‍ വിനയ്

അടുത്തുള്ള ചായക്കടക്കാരന്റെ കയ്യിൽ നിന്നു രാവിലെ കടം വാങ്ങുന്ന തുകയുമായി ലോട്ടറി വാങ്ങി വിമാനത്താവളത്തിൽ വിൽപന നടത്തും. അതിരാവിലെ മുതൽ ഉച്ചവരെ പരിശ്രമിച്ചാൽ 200 രൂപയൊക്കെയേ പോക്കറ്റിലാവൂ

ദാരിദ്ര്യത്തില്‍ നിന്നും ജീവിത വിജയത്തിലേയ്ക്ക് ഉയര്‍ന്ന നായകന്മാരുടെ ജീവിതം വെള്ളിത്തിരയില്‍ കയ്യടി നേടാറുണ്ട്. എന്നാല്‍ സിനിമയെ തോല്‍പ്പിക്കുന്ന ജീവിതകഥയാണ് വിനയ് എന്ന യുവാവിന് പറയാന്‍ ഉള്ളത്. അത്താണിയിൽ ഒരു സുഹൃത്തിനൊപ്പം താമസിക്കുന്ന വിനയ് ഒരു നടന്‍ ആകാന്‍ മോഹിച്ചുള്ള യാത്രയില്‍ ഒറ്റയ്ക്കാണ്. അത്താണിയിലെ അമ്പലത്തിൽനിന്ന് ലഭിക്കുന്ന സൗജന്യ ഭക്ഷണം കഴിച്ചും കിട്ടുന്ന വരുമാനം കൊണ്ട് വീടിന്റെ വാടക കൊടുത്തും കഴിയവേയാണ് ലോക്ഡൌന്‍ ജീവിതത്തെ വീണ്ടും ദുരിതത്തിലാഴ്ത്തി.

വിനയുടെ ജീവിത കഥ പുറം ലോകം അറിയുന്നത് ലോക്ഡൗണിലെ പൊലീസ് ഇടപെടലിലൂടെയാണ്. സമൂഹ അടുക്കളയിലേക്കു പോകുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യലിനു വിധേയനായ അവന്റെ കഥ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ബിനു പഴയിടം ഫെയ്സ്ബുക്കിൽ കുറിച്ചതോടെയാണു വിനയുടെ ഒറ്റയാള്‍പോരാട്ടത്തിന്റെ കഥ പൊതുസമൂഹം തിരിച്ചറിഞ്ഞത്.

തൃശൂർ തലോർ സ്വദേശിയാണ് വിനയ്. മാതാപിതാക്കൾ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചതോടെ ബന്ധുവിനൊപ്പവും അനാഥാലയത്തിലുമായി വളര്‍ന്ന വിനയുടെ ജീവിതം മാറ്റിയത് മുംബൈയാത്രയാണ്. എട്ടാം ക്ലാസിനുശേഷം സിനിമാ മോഹവുമായി മുംബൈയിലേയ്ക്ക് പോയ വിനയ് രാത്രി റെയിൽവേ സ്റ്റേഷനിൽ കഴിച്ചുകൂട്ടിയും മറ്റും 2 വർഷത്തോളം അവിടെ കഴിഞ്ഞ ശേഷം തിരികെ തിരുവനന്തപുരതെത്തി. ഓപ്പൺ സ്കൂൾ വഴി പത്താംക്ലാസ് പരീക്ഷ ജയിച്ചു. ഹ്രസ്വകാല ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ചതിനു ശേഷം കൊച്ചിയിലെ ഹോട്ടലില്‍ പണിക്കെത്തി.

എന്നാല്‍ സിനിമാഭിനയത്തിനു ഹോട്ടൽ ജോലി പറ്റില്ലെന്നു മനസ്സിലാക്കിയ വിനയ് അതുവിട്ടു. ദുൽഖർ സൽമാൻ നായകനായ ഹിന്ദി സിനിമ കർവാനിൽ ചെറിയ റോൾ ലഭിച്ചു. സെറ്റുകളിൽ ചാൻസ് തേടി അലയുന്നതിനിടെ ജീവിക്കാനായി ലോട്ടറി വിൽപന തുടങ്ങി. ”അടുത്തുള്ള ചായക്കടക്കാരന്റെ കയ്യിൽ നിന്നു രാവിലെ കടം വാങ്ങുന്ന തുകയുമായി ലോട്ടറി വാങ്ങി വിമാനത്താവളത്തിൽ വിൽപന നടത്തും. അതിരാവിലെ മുതൽ ഉച്ചവരെ പരിശ്രമിച്ചാൽ 200 രൂപയൊക്കെയേ പോക്കറ്റിലാവൂ. ഇതിനിടെ, ലോനപ്പന്റെ മാമ്മോദീസ, കൽക്കി, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ചു. ജിജോ ജോസഫിന്റെ ‘വരയൻ’ എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടാവുന്ന വേഷം ലഭിച്ചു.”

ഇപ്പോൾ പ്ലസ് ടു പരീക്ഷയ്ക്കുള്ള തയാറെടുക്കുന്ന വിനയ് ലോക് ഡൌണിന്റെ പ്രതിസന്ധിയിലാണ്. വിനയുടെ ഇപ്പോഴത്തെ ജീവിതം സമൂഹ അടുക്കളയിൽനിന്നു ലഭിക്കുന്ന ഭക്ഷണം കഴി‍ച്ചും സുമനസ്സുകളുടെ സഹായം കൊണ്ടുമാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ഈ പ്രതിബന്ധങ്ങൾക്കൊന്നും തന്നെ തളർത്താനാകില്ലെന്നും സിനിമയിൽ തന്റെ ദിനം വരുമെന്നും വിനയ് പങ്കുവയ്ക്കുന്നു.

കടപ്പാട്: മനോരമ

shortlink

Related Articles

Post Your Comments


Back to top button