അപൂര്‍വ്വമായി മാത്രമേ സിനിമാ താരങ്ങളെ അവരുടെ കുടുംബങ്ങള്‍ക്ക് അടുത്ത് കിട്ടാറുള്ളൂ. എന്നാല്‍ ഇന്ത്യയില്‍ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മിക്ക താരങ്ങളും തങ്ങളുടെ കുടുംബുമായി സമയം ചെലവിടുകയാണ്. വിഷുവിന് അച്ഛന്റെയും അമ്മയുടെയും അടുത്തെത്താന്‍ കഴിയാതെ പോയതിന്റെ വിഷമം പങ്കുവയ്ക്കുകയാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്.
“ഞാനും വിഹാനും ദിവ്യയും ഷനയയും ചെന്നൈയിലെ ഫ്ലാറ്റിലാണുള്ളത്. ഷനയയ്ക്ക് ആറു മാസമേ ആയിട്ടുള്ളൂ. അത് കൊണ്ട് തന്നെ ഫുള്‍ ടൈം ബിസിയാണ്. ലോക്ഡൗൺ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പായിരുന്നു ഹൃദയത്തിന്റെ ഷെഡ്യൂള്‍ ബ്രേക്ക് ആയത്. ഇനി ബാക്കി ജോലികള്‍ സെറ്റ് ആക്കണം. ദിവ്യയുടെ അമ്മയും അമ്മുമ്മയും ഞങ്ങളുടെ ഫ്ലാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ലോക്ഡൗൺ ആകുന്നതിനു ഒരു ദിവസം മുന്‍പേ അവര്‍ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് വന്നു. അത് കൊണ്ട് വീട്ടില്‍ നിറയെ ആളുകളുണ്ട്. പിന്നെ മക്കളുള്ളത് കൊണ്ട് സമയം പോകുന്നത് അറിയുന്നതേയില്ല എന്നതാണ് സത്യം. കൃത്യ സമയത്താണ് ഷെഡ്യൂള്‍ ബ്രേക്ക് ആയത്. അത് കൊണ്ട് ആരും ഇവിടെ കുടുങ്ങിയില്ല. അച്ഛനും അമ്മയും നാട്ടിലാണ് വിഷു അവരുടെയൊപ്പമാകണം എന്ന് കരുതിയതാണ്. അത് നടന്നില്ല. അമ്മ വിളിക്കുമ്പോള്‍ അതിന്റെ സങ്കടം പറയാറുണ്ട്. മോളുണ്ടായ ശേഷം ആദ്യമായാണ് അവള്‍ക്കൊപ്പം ഇത്രയും സമയം ചെലവിടാന്‍ കഴിയുന്നത്”. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിനീത് ശ്രീനിവാസന് പറയുന്നു.
Post Your Comments