
ലോകം മുഴുവന്‍ കൊറോണയുടെ ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൌണില് മലയാള സിനിമയ്ക്ക് മാത്രം 600 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണന്. സിനിമ നിര്‍മാണം എന്നത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും കടമെടുത്ത് ചെയ്യുന്നതാണെന്നു പറഞ്ഞ ഉണ്ണികൃഷ്ണന് കോടിക്കണക്കിനു മുതൽ മുടക്കുള്ള സിനിമാ നിർമാതാക്കൾ വലിയ പലിശയാണ് ഇക്കാലയളവില്‍ കൊടുത്തുകൊണ്ടിരിക്കുന്നതെന്നും പങ്കുവച്ചു.
മലയാളം ഒരു ചെറിയ ഇൻഡസ്ട്രിയാണ്. ഇവിടെ തന്നെ പതിനായിരത്തോളം സാങ്കേതിക പ്രവർത്തകരും അറുന്നൂറോളം നടീനടന്മാരും നിർമാതാക്കളും വിതരണക്കാരും തിയറ്ററുകളുമൊക്കെ പ്രവർത്തിക്കുന്നുണ്ട്. അയ്യായിരത്തോളമുള്ള ദിവസവേതനക്കാർ ഇതിലുണ്ട്. അവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അതാണ് ഇനിയുള്ള വലിയ പ്രതിസന്ധിയെന്നും ഉണ്ണികൃഷ്ണന് അഭിപ്രായപ്പെട്ടു
”നിര്‍മാതാക്കളായ ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരും പുതിയ സിനിമകള്‍ക്കായി മുടക്കിയ പണത്തിന് കൊടുക്കുന്ന പലിശ മാത്രം ആലോചിച്ച് നോക്കു. ആന്റോ ജോസഫിന്റെ പടം 22 കോടി രൂപ, ആന്റണി പെരുമ്പാവൂരിന്റെ പടം 100 കോടി രൂപ. ഇവരുടെ പലിശ എത്രമാത്രമാകും. ഇപ്പോ തന്നെ 600 കോടിയുടെ നഷ്ടം മലയാള സിനിമയ്ക്ക് ഉണ്ടായിരിക്കുന്നു. അപ്പോ ഓരോ ദിവസം പോകുന്തോറും ഇത് ഇങ്ങനെ എസ്കലേറ്റ് ചെയ്ത് കഴിഞ്ഞാല്‍ അത്രയും നഷ്ടം ഉള്‍ക്കൊളളാനുള്ള വലുപ്പമോ ശക്തിയോ മലയാള സിനിമ ഇന്‍ഡസ്ട്രിക്കില്ല എന്നുളളതാണ് സത്യം.” ഉണ്ണികൃഷ്ണന് പറഞ്ഞു.
Post Your Comments