തന്നെ ഏറെ സ്വാധീനിച്ച മൂന്നു ഹാസ്യ സാമ്രാട്ടുകളുടെ സ്മരണകള്‍ക്ക് മുന്നില്‍ ഈ ചിരി ദിനം സമര്‍പ്പിച്ച് സലിം കുമാര്‍. തന്റെ ഗുരുക്കന്മാര്ക്ക് മുന്നിലാണ് താരം ഈ ചിരി ദിനം സമര്‍പ്പിക്കുന്നത്. നാടകവേദികളില്‍ നിറഞ്ഞാടിയിരുന്ന ശ്രീ കുയിലന്‍, ശ്രീ ടിപ്ടോപ് അസീസ്, ഹാസ്യ കൃതികളുടെ രചയിതാവായ വേളൂര്‍ കൃഷ്ണന്‍കുട്ടി എന്നിവരെയാണ് ഈ ദിനത്തില്‍ മലയാളികളുടെ ഹാസ്യ സാമ്രാട്ട് സ്മരിക്കുന്നത്.
ചിരി ഒരു വികസന പ്രവര്‍ത്തനമാണ് നാലിഞ്ചുചുണ്ട്, ആറ് ഇഞ്ചായിമാറുന്ന ഒരു വികസന പ്രവര്‍ത്തനം എന്ന തന്റെ തന്റെ ഉദ്ധരണിയോടെയാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. താന്‍ കണ്ട ഏറ്റവും വലിയ ചിരിയുടെ ഉടമ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ബൈബിള്‍ നാടക ഗ്രൂപ്പായ കൊച്ചിന് നാടകവേദിയുടെ ഉടമസ്ഥനും നാടകകൃത്തും സംവിധായകനും മുഖ്യ നടനുമായിരുന്ന ശ്രീ കുയിലനാണെന്നാണ് അദ്ദേഹം പറയുന്നത്. ചിരിപ്പിച്ചു കയ്യടി നേടിയ ഒട്ടേറെ പ്രതിഭകളെ കുറിച്ച് നമ്മള് കേട്ടിട്ടുണ്ടെങ്കിലും ചിരിച്ചു കയ്യടി നേടിയ ഒരാള്‍ എന്ന ഖ്യാതി ഇദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് സലിം കുമാര്‍ പറയുന്നു.
ചിരിയെ അക്ഷരങ്ങളില്‍ ചാലിച്ചു സാധാരണക്കാരില്‍ സാധാരണക്കാരായ മലയാളികളെ വായനയിലൂടെ ചിരിപ്പിച്ച മഹാന് എന്നാണ് വേളൂര്‍ കൃഷ്ണന്‍കുട്ടിയെ സലിം കുമാര്‍ വിശേഷിപ്പിക്കുന്നത്. 160 ഓളം പുസ്തകങ്ങളുടെ രചയിതാവ് എന്ന നിലയില്‍ സാഹിത്യത്തിന്റെ ലോകഭൂപടത്തില്‍ സ്ഥാനം പിടിക്കേണ്ട ഒരാളായിരുന്നു ഇദ്ദേഹമെന്നും സലിം കുമാര്‍ പറയുന്നു.
മൂന്നമതായി സ്മരിക്കുന്നത് കൊച്ചിയിലെ ടിപ്ടോപ് ആര്‍ട്സ് ക്ലബ്ബിനു വേണ്ടി നാടകങ്ങള്‍ എഴുതിയിരുന്ന അസീസ് ആണ്. ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊടുക്കുക’. എന്നത് ഒരു പ്രയോഗമല്ല, മറിച്ച് അതൊരു സത്യമാണ് എനിക്ക് ബോധ്യപ്പെട്ടത് ശ്രീ ടിപ്ടോപ് അസീസിന്റെ നാടകങ്ങള്‍ കണ്ടപ്പോള്‍ ആയിരുന്നെന്ന് അദ്ദേഹം പറയുന്നു. മിമിക്രിക്കാരെ പേടിക്കുന്ന നാടകക്കാരെ കണ്ടിട്ടുണ്ടെങ്കിലും ഏതെങ്കിലും നാടകക്കാരെ മിമിക്രിക്കാര് പേടിച്ചിരുന്നിട്ടുണ്ടെങ്കില്‍, അത് ടിപ്ടോപ് അസീസിന്റെ നാടകങ്ങളെ മാത്രമായിരിക്കും എന്നും സലിം കുമാര്‍ പറയുന്നു.
സലിം കുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ചിരിദിനം
‘ ചിരി ഒരു വികസന പ്രവര്‍ത്തനമാണ് നാലിഞ്ചുചുണ്ട്, ആറ് ഇഞ്ചായിമാറുന്ന ഒരു വികസന പ്രവര്‍ത്തനം’ : സലിംകുമാര്‍
ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ മഹാന്മാരുടെ ഉദ്ധരണികള്‍(quote) കടമെടുത്താണ് സാധാരണ ഉപയോഗിക്കാറ്, വറുതിയുടെ കാലമായതുകൊണ്ടും, കടം ചോദിച്ചാല്‍ കിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് , സ്വന്തം ഉദ്ധരണിഎടുത്തു പ്രയോഗിച്ചത് ക്ഷമിക്കുമല്ലോ
ഈ ചിരി ദിനം എന്നെഏറെ സ്വാധീനിച്ച മൂന്നുപേരുടെ സ്മരണകള്‍ക്ക് മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുകയാണ്
അതില്‍ ഒന്നാമത്തേത്
.ഞാന്‍ കണ്ട, ഞാന്‍ കേട്ടഏറ്റവും നല്ല ചിരിയുടെ ഉടമസ്ഥനായ ശ്രീ: കുയിലനാണ്, കേരളത്തിലെ ഏറ്റവും പ്രശസ്തമായ ബൈബിള്‍ നാടക ഗ്രൂപ്പായ കൊച്ചിന് നാടകവേദിയുടെ
ഉടമസ്ഥനും നാടകകൃത്തും സംവിധായകനും മുഖ്യ നടനുമൊക്കെയായിരുന്നു
ശ്രീ :കുയിലന്‍.
കൊച്ചിന് നാടകവേദി, അവതരിപ്പിക്കുന്നത് ബൈബിള്‍ നാടകമാണെങ്കിലും, ഹിന്ദുവെന്നോ, മുസ്ലിമെന്നോ, ക്രിസ്ത്യാനി എന്നോ ജാതിഭേദ വ്യത്യാസമില്ലാതെ നൂറുകണക്കിന് നാടകപ്രേമികള്‍ പെരുന്നാളുകള്‍ക്ക് പള്ളിപ്പറമ്പില്‍ തടിച്ചു കൂടിയിരുന്നത് കുയിലന്റെ ചിരിയുടെ മാസ്മരികത അനുഭവിക്കാന്‍ വേണ്ടി മാത്രമായിരുന്നു,
വില്ലന്‍ കഥാപാത്രങ്ങള്‍ ആയി വേഷമിട്ടു വന്നിരുന്ന കുയിലന്‍ ചേട്ടന്റെ ഒരു ചിരിയുടെ ദൈര്‍ഘ്യം ഏറ്റവും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും വരും( ഇതില്‍ ഒട്ടും അതിശയോക്തി ഇല്ല) അഞ്ചെട്ടു ചിരി എങ്കിലും ഒരു നാടകത്തില്‍ ഉണ്ടാകുകയും ചെയ്യും. ആ ചിരികളുടെ ആദിമദ്ധ്യാന്തങ്ങള്‍ക്കു പ്രേക്ഷകരുടെ നിലയ്ക്കാത്ത കയ്യടിയും ഉണ്ടാകുമായിരുന്നു
‘ കുയിലിന്റെ ചിരി’ എന്നൊരു പ്രയോഗം തന്നെ ആ കാലത്ത് ഉണ്ടായിരുന്നു.
ചിരിപ്പിച്ചു കയ്യടി നേടിയ ഒട്ടേറെ പ്രതിഭകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്, എന്നാല്‍ ചിരിച്ചു കയ്യടി നേടിയ ഒരാള്‍ എന്ന ഖ്യാതി കുയിലന്‍ചേട്ടനും മാത്രം അവകാശപ്പെട്ട ഒന്നായിരിക്കാം
ശ്രീ കുയിലന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞെങ്കിലും അദ്ദേഹം വേദികളില്‍ ഉയര്‍ത്തിയ ചിരി പ്രേക്ഷകമനസ്സുകളില്‍ ഇന്നും നിറഞ്ഞു നില്ക്കുന്നു.
വേളൂര്‍ കൃഷ്ണന്‍കുട്ടി
————————————-
ചിരിയെ അക്ഷരങ്ങളില്‍ ചാലിച്ചു സാധാരണക്കാരില്‍ സാധാരണക്കാരായ മലയാളികളെ വായനയിലൂടെ ചിരിപ്പിച്ച മഹാന്.
‘മാസപ്പടി മാതുപിള്ള’, ‘ഉണ്ടിട്ട് പോയാല്‍ മതി’, ‘ഉണ്ടയില്ലാ വെടി’, ‘ഉണ്ടപക്രു’, ‘ക്ലാരാമ്മയുടെ ‘ക്ല ”
‘കുംഭകര്‍ണ്ണ കുറുപ്പ്,’ ‘ദൈവത്തിനെ തൊട്ടാല്‍ തൊട്ടവനെ തട്ടും’, ‘പാലം അപകടത്തില്‍’ തുടങ്ങി 160 ഓളം ഹാസ്യ കൃതികളുടെ രചയിതാവാണ് ശ്രീ : വേളൂര്‍ കൃഷ്ണന്‍കുട്ടി.
മാസപ്പടി മാതുപിള്ള, അമ്പിളി അമ്മാവന്, പഞ്ചവടിപ്പാലം( പാലം അപകടത്തില്‍ എന്ന നോവല്‍)
എന്നീ കൃതികള്‍ സിനിമയായിട്ടുണ്ട്.
160 ഓളം പുസ്തകങ്ങളുടെ രചയിതാവ് എന്ന നിലയില്‍ സാഹിത്യത്തിന്റെ ലോകഭൂപടത്തില്‍ സ്ഥാനം പിടിക്കേണ്ട ഒരാളായിരുന്നു വേളൂര്‍ കൃഷ്ണന്‍കുട്ടി എങ്കിലും കനപ്പെട്ട ഏതെങ്കിലും അവാര്‍ഡുകളുടെയോ, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ സിവിലിയന്‍ ബഹുമതികളുടെയോ പാപ ഭാരങ്ങള്‍ ഇല്ലാതെ 2003 ഓഗസ്റ്റ് 22ന് നര്‍മ്മാക്ഷരങ്ങളുടെ ലോകത്തുനിന്നും അദ്ദേഹം വിടവാങ്ങി
പ്രണാമം
ടിപ്ടോപ് അസീസ്
———————————
‘ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊടുക്കുക’. എന്നത് ഒരു പ്രയോഗമല്ല, മറിച്ച് അതൊരു സത്യമാണ് എനിക്ക് ബോധ്യപ്പെട്ടത് ശ്രീ ടിപ്ടോപ് അസീസിന്റെ നാടകങ്ങള്‍ കണ്ടപ്പോള്‍ ആയിരുന്നു. താന്‍ കൂടി അംഗമായിരുന്ന കൊച്ചിയിലെ ടിപ്ടോപ് ആര്‍ട്സ് ക്ലബ്ബിനു വേണ്ടി ശ്രീ അസീസ് എഴുതിയ നാടകങ്ങള്‍ പിന്നീട് മലയാളക്കര ആകമാനമുള്ള അമേച്വര്‍ നാടകസംഘങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു
ഇന്ന് മലയാളക്കരയില്‍ അമേച്ചര്‍ നാടക വേദി വെള്ളമിറക്കാതെ മരിച്ചുപോയി എങ്കിലും, തങ്ങളുടെ പുഷ്കരകാലത്ത് ശ്രീ അസീസും സംഘവും അമേച്വര്‍ നാടക വേദിക്ക് ചിരിയിലൂടെ നല്കിയ കരുത്തും ആര്‍ജവവും സ്മരിക്കാതെ പോവാന്‍ നിര്‍വാഹമില്ല.
കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ഒരു കാലഘട്ടത്തില്‍ ഉണ്ടായിരുന്ന അമേച്ചര്‍കലാകാരന്മാരില്‍ ഭൂരിഭാഗവും ടിപ്പ് ടോപ് അസ്സീസ്സിന്റെ നാടകങ്ങളിലൂടെ വളര്‍ന്നു വന്നവരായിരുന്നു, അങ്ങേയറ്റത്ത് മമ്മൂട്ടി മുതല്‍ ഇങ്ങേയറ്റത്ത് സലിംകുമാര്‍ വരെയുള്ള കലാകാരന്മാര് ഒരുകാലത്ത് ടിപ്ടോപ് അസ്സീസിന്റെ നാടകങ്ങള്‍ കളിച്ചു വളര്‍ന്നവരായിരുന്നു
ടിപ്ടോപ് അസീസും സംഘവും അവതരിപ്പിക്കുന്ന ‘ഹിപ്പി വാര്‍ഡ് ‘എന്ന നാടകം കാണാന്‍ നാടകം കാണാന്‍ എനിക്കും അവസരമുണ്ടായിട്ടുണ്ട് ആലുവ ശാരിക എന്ന ട്രൂപ്പില്‍ ഞാന്‍ മിമിക്സ് കളിച്ചിരുന്ന സമയത്ത് ഒരു ന്യൂ ഇയറിനു കൊച്ചിയിലെ ചുള്ളിക്കല്‍ എന്ന
സ്ഥലത്ത് ‘ഹിപ്പി വാര്‍ഡ് ‘ എന്ന ടിപ്പ് ടോപ്പിന്റെ നാടകവും ഞങ്ങളുടെ മിമിക്സും ഉണ്ടായിരുന്നു.
അന്ന് ബുക്ക് ചെയ്യാന്‍ വന്നവരോട് ഞങ്ങള്‍ക്കന്ന് ഡബിള്‍ പ്രോഗ്രാം ആണെന്നും നാടകത്തിനു മുന്‍പേ മിമിക്സ് നടത്തണമെന്നും ആവശ്യപ്പെട്ടു, അവര്‍ക്ക് സംഭവിക്കുകയും ചെയ്തു, സത്യത്തില്‍ ഞാനവരോട് കള്ളം പറഞ്ഞതായിരുന്നു അസീസിക്ക ഉള്‍പ്പെടുന്ന ടിപ്ടോപ് ആര്‍ട്സിന്റെ നാടകത്തിനു ശേഷം ഞങ്ങളുടെ മിമിക്സ് അവതരിപ്പിച്ചാല്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ ടിപ്ടോപ് അസ്സീസിന്റെ രണ്ടു നാടകങ്ങള്‍ കളിക്കുകയും, പ്രസിദ്ധീകരിച്ച എല്ലാ നാടകങ്ങളും വായിച്ചു മനപ്പാഠമാക്കിയിട്ടുള്ള എനിക്ക് മറ്റാരേക്കാളും ഉപരി അറിയാമായിരുന്നു.
മിമിക്രിക്കാരെ പേടിക്കുന്ന നാടകക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്( പ്രത്യേകിച്ച് നാടകത്തിലേ കൊമേഡിയന്മാര് ) പക്ഷേ ഏതെങ്കിലും നാടകക്കാരെ മിമിക്രിക്കാര് പേടിച്ചിരുന്നിട്ടുണ്ടെങ്കില്‍, അത് ടിപ്ടോപ് അസീസിന്റെ നാടകങ്ങളെ മാത്രമായിരിക്കും
നിങ്ങള്‍ക്കൊക്കെ ശാകുന്തളം മതി, എനിക്ക് ഗുസ്തി പഠിക്കേണ്ട, ഗുരുവും ശിഷ്യനും, ഹിപ്പി വാര്‍ഡ്, മാവേലിക്കും മതിയായി, തുടങ്ങിയ നാടകങ്ങള്‍ ടിപ്ടോപ് അസീസിന്റെ രചനയില്‍ വിരിഞ്ഞ ചിരി മുട്ടുകളില്‍ ചിലതുമാത്രം
2005 ല്‍ ജീവിത നാടകവേദിയില്‍ നിന്ന് അദ്ദേഹം വിടവാങ്ങിയെങ്കിലും, കൊച്ചിക്കാരുടെ കലാഹൃദയങ്ങളില്‍ ഒരു ‘ചിരിനാളമായി’ അദ്ദേഹം ഇന്നും ജീവിക്കുന്നു
പ്രണാമം ഗുരുനാഥ
Post Your Comments