CinemaGeneralLatest NewsMollywoodNEWS

അത് കൊണ്ടാണ് മേലേപ്പറമ്പിലെ നായകന്‍ നായികയോട് അങ്ങനെ പറഞ്ഞത്: നൊസ്റ്റാള്‍ജിയയുടെ മധുരം നിറച്ച് രഘുനാഥ് പലേരി

ആ ശാന്തത കണ്ടു വളർന്ന കരുത്തിൽ നിന്നുമാണ് ''മേലേപ്പറമ്പിൽ ആൺവീടി''ലെ നായകന്റെ ശ്രദ്ധ ആകർഷിക്കാനായി

നൊസ്റ്റാള്‍ജിയയുടെ സുഖം നിറച്ചു വീണ്ടും രഘുനാഥ് പലേരി. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ദീര്‍ഘമായ ഒരു നൊസ്റ്റാള്‍ജിയ വിവരണം പങ്കുവയ്ക്കുകയാണ് മലയാളത്തിന്‍റെ ഹിറ്റ് തിരക്കഥാകൃത്ത്.

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

കുട്ടിക്കാല അടുക്കളയിൽ ചുമരിൽ നിന്നും സ്വൽപ്പം മുന്നോട്ട് തള്ളി നിലത്തായി കളിമണ്ണു കുഴച്ച് ചാണകം മെഴുകി ബലം കൊടുത്ത് കെട്ടിയിരുന്ന മൂന്ന് അടുപ്പുകൾ ഉണ്ടായിരുന്നു. എന്തൊരു അഴകായിരുന്നു അന്നത്തെ ആ നാടൻ മോഡ്യുലാർ കിച്ചണ്. അടുപ്പിൽ രണ്ടെണ്ണം അപ്പുറവും ഇപ്പുറവുമായി ഉറപ്പിച്ച മുകളിൽ മൂന്ന് വട്ടക്കണ്ണി ചെവിയുള്ള ഇരുമ്പ് അടുപ്പുകൾ. രണ്ടിനും നടുവിലായി കല്ലുകൾ വെച്ച് മൺതിട്ടയൊരുക്കിയ ഒരു സാദാ അടുപ്പും.

അതിൽ വിറകും ഓലയും ചിരട്ടയും, ആശാരിമാർ തടി മെഴുകി തള്ളി മാറ്റുന്ന ചിപ്ലിച്ചുരുളും, പറമ്പിൽ നിന്നും പെറുക്കുന്ന ചുള്ളിക്കമ്പുകളും അടക്കം സകല ജൈവ ഇന്ധനങ്ങളും ദഹിക്കും. ഇടം വലം ഇരിക്കുന്ന അടുപ്പാചാര്യന്മാർക്ക് ഈർച്ച മില്ലുകളിൽ നിന്നും കിട്ടുന്ന അറക്കപ്പൊടിയാണ് പഥ്യം. മുന്നിലെ കിളിവാതിലിലൂടെ ഒരു വടിയങ്ങ് വെച്ച് നടുവിൽ മറ്റൊരു ദണ്ഡ് വെച്ച് അറക്കപ്പൊടി നിറച്ച് കുത്തിക്കുത്തി അതിലങ്ങ് ഉറപ്പുള്ള കൽത്തപ്പംപോലെ അറക്കപ്പൊടി നിറക്കും. പിന്നെ ദണ്ഡുകൾ രണ്ടും വലിച്ചൂരും. അതോടെ അടുപ്പ് റെഡി.

അന്ന് കല്ലായി മാങ്കാവ് ഭാഗങ്ങളിൽ ധാരാളം ഈർച്ചമില്ലുകൾ ഉണ്ടായിരുന്നു. ഇർച്ചപ്പൊടി യെന്നും അറക്കപ്പൊടിയെന്നും പറയുന്ന മരപ്പൊടി ചാക്കുകളിൽ നിറച്ച് ട്രോളിൽ തള്ളി വിൽക്കാൻ വരുന്ന തലക്കെട്ട് കെട്ടിയ തൊഴിലാളികളിൽ അഛന് പരിചയമുള്ള പലരും ഉണ്ടായിരന്നു. അതിൽ പൊടി ഉസ്മാനും പയ്യോളി ഭരതനും ഞങ്ങൾക്ക് സ്ഥിരം കുറ്റിക്കാരായിരുന്നു.

അമ്മക്ക് പലപ്പോഴും അടുപ്പ് നിറച്ചു കൊടുക്കുന്നത് ഞങ്ങൾ മക്കളാണ്. അടുപ്പിനു മുകളിലെ പാത്രങ്ങൾ നിറക്കുന്നത് അഛനും.
അവ കാലിയാക്കുന്നത് എല്ലാവരും ഒന്നിച്ച്. സഹായിക്കാൻ രണ്ട് പൂച്ചകളും അനേകം കോഴികളും. അതിൽ അടയിരിക്കാത്ത വൈറ്റ്‌ലഗോണും പ്രായമായാൽ മാത്രം മരിക്കുന്ന പൂവന്മാരും. കോഴികളെ അമ്മ വിൽക്കാറില്ല. വിൽപ്പനക്കുള്ളത് കോഴിമുട്ട മാത്രം. നാലാമത്തെ മകനായിരുന്നു മാർക്കറ്റിങ്ങ് ഹെഡ്.

അന്നത്തെ ആ അടുക്കള ഒരു പ്രപഞ്ചമായിരുന്നു. അടുക്കളയിൽ തന്നെയാണ് അറക്കപ്പൊടി മലയും, കോഴിക്കൂടും, ഉറിയും കൽച്ചട്ടികളും കഞ്ഞിക്കലവും ചോറ്റുകലവും തിളക്കുന്ന പാത്രങ്ങൾ എടുത്തുവെക്കുന്ന തിണ്ണയും, ധാന്യങ്ങൾ ഇടുന്ന അളുക്കുകൾ സൂക്ഷിക്കുന്ന കറുകറുത്ത അലമാരയും, അടുപ്പിലേക്കുള്ള ഇന്ധന ശേഖര ഇടവും എല്ലാം. അവിടെ നിന്നും താമസം മാറി കുറച്ചു മാസങ്ങൾക്കു ശേഷം വീണ്ടും ആ അടുക്കള സന്ദർശിച്ചപ്പോൾ എങ്ങിനെയാണ് അത്ര വലിയൊരു ലോകം ആ കുഞ്ഞു ഇടത്തിൽ ഒതുങ്ങിയതെന്ന് അത്ഭുത പ്പെട്ടിട്ടുണ്ട്. അതാണ് കാഴ്ച്ചയുടെ വിസ്മയം. അത്യാവശ്യ ഘട്ടങ്ങളിൽ നിൽക്കുന്നിടം വികസിക്കുമെന്നതാണ് സത്യം. ബിഗ്ബാംങ്ങിനു ശേഷം പ്രപഞ്ചം ഇപ്പോഴും വികസിക്കുന്നുവെന്നല്ലേ ശാസ്ത്രം പറയുന്നത്. ഉരുട്ടി തട്ടി വിട്ട ഭൂമിയും വികസിക്കുന്നില്ലെന്നാരു കണ്ടു.

വീട്ടിലെ അടുക്കള പ്രപഞ്ചത്തിൽ അമ്മക്ക് ഇടക്കിടെ സംഭവിക്കുന്ന ഒരേ ഒരു സങ്കടമായിരുന്നു ഭക്ഷണം വിളമ്പുന്ന വസികളും ഗ്ലാസുകളും കൈ അറിയാതെ തട്ടിമുട്ടിയും നിലത്തു വീണും പൊട്ടി തുണ്ടം തുണ്ടമാവുന്നത്.

ലോകം കീഴ്‌മേൽ മറിയുന്നൊരു മഹൂർത്തമാണത്. സകല ഗ്രിപ്പും കൈയ്യിൽ നിന്നും പോയി അമ്മക്കൊരു നിൽപ്പുണ്ട്. അവിടെയാണ് അഛന്റെ പ്രണയം പുഷ്പ്പിക്കുക. ”സാരല്ല്യെടീ..” ന്നും പറഞ്ഞ് അഛനാ കഷ്ണങ്ങൾ പെറുക്കും. പിസറുകൾ ചൂലെടുത്ത് അടിച്ചുകൂട്ടി പത്രക്കടലാസിലേക്ക് ആവാഹിച്ച് പുറത്തുള്ള വെട്ടുകുഴിയിൽ കളയും. നിലം തുടച്ചെടുത്ത് ആ തുണിയും കളയും. അഛൻ വീട്ടിൽ ഇല്ലാത്തപ്പോൾ ആ ജോലി അപ്പോൾ ഡ്യൂട്ടിയിൽ ഉള്ള മക്കളോ അല്ലെങ്കിൽ അമ്മ തന്നെയോ ചെയ്യും. എങ്കിലും ആ സങ്കടം കുറെ ദിവസം അമ്മയിൽ തങ്ങി നിൽക്കും. അപ്പോഴൊ ക്കെ നിഷ്‌ക്കാമനായി അഛൻ അമ്മയെ സമാധാനി പ്പിക്കും.

“പൊട്ടുന്ന സാധനംകൊണ്ട് ഉണ്ടാക്ക്യാ പിന്നെ പൊട്ടൂലേ. പൊട്ടീലെങ്കിൽ ഉണ്ടാക്ക്യ സാധനം ശരിയല്ലാന്നല്ലേ അർത്ഥം.”
അഛൻ ചോദിക്കും.

ആ ശാന്തത കണ്ടു വളർന്ന കരുത്തിൽ നിന്നുമാണ് ”മേലേപ്പറമ്പിൽ ആൺവീടി”ലെ നായകന്റെ ശ്രദ്ധ ആകർഷിക്കാനായി, നായിക കയ്യിലെ വെള്ളക്കുടം അമ്പലത്തിന്റെ പടിക്കെട്ടിലൂടെ താഴേക്ക് ഉരുട്ടിയപ്പോൾ, കണ്ണുരുട്ടിയ നായകനോടായി നായിക, ”കൈ വിട്ടുപോച്ചെന്ന്” ഇല്ലാത്ത സങ്കടം വരുത്തി തമിഴിൽ പറഞ്ഞു പോയതും, ”അതെനിക്ക് മനസ്സിലായി. കൈ വിട്ടാൽ എന്തും താഴെ വീഴുംന്ന് ഞാൻ നാലാം ക്ലാസിൽ പഠിച്ചിട്ടുണ്ടെ” ന്ന് നായകൻ മലയാളത്തിൽ മറുപടി കൊടുത്തതും.

വീട്ടിലായാലും നാട്ടിലായാലും ദുരന്തങ്ങളും അപകടങ്ങളും അസ്വസ്ഥതകളും ശാന്തമായി കൈകാര്യം ചെയ്യണം. അല്ലെങ്കിൽ കൈവിട്ടു പോകും. അൽക്കുൽത്താവും. ചുരുങ്ങിയ പക്ഷം എല്ലാവരും “നാലാം ക്ലാസ്” വരെയെങ്കിലും പഠിക്കണം. പ്രകൃതിയും മനുഷ്യനും ഒന്നാണെന്നും പ്രകൃതിയിലെ നിയമങ്ങളെല്ലാം മനുഷ്യനും ബാധകമാണെന്നും അറിയണം. കാൽ ചുവട്ടിൽ നിന്നും താഴേക്കങ്ങിനെ കുഴിച്ചാൽ ചെന്നെത്തുന്നത് മുകളിൽ കാണുന്ന ആകാശത്തിലേക്കാണെന്ന് തിരിച്ചറിയുന്നൊരു അൽപ്പജ്ഞാനമെങ്കിലും നേടണം.

തലക്കു മുകളിൽ ആകാശവും താഴെ ഭൂമിയും എന്നുള്ളതല്ല സത്യം. പരമമായ സത്യ പ്രകാരം ചുറ്റും ആകാശവും അതിന്നുള്ളിൽ ഇത്തിരി ഭൂമിയും അതിന്മേലൊരു പുൽക്കൊടിപോലെ മനുഷ്യനും. കൈവിട്ടാൽ അവനു ചുറ്റുമുള്ളതെല്ലാം പൊട്ടും. ഭൂമിയും ആകാശവും ഒഴികെ.

********
ചിത്രത്തിൽ ഇന്നലെ അടുക്കളയിൽ ഉടഞ്ഞുപോയ അവസാനത്തെ ഗ്ലാസ്. കഴുകിയെടുക്കേ അതും ഉടഞ്ഞുപോയ സങ്കടത്തിൽ വിഷമിച്ചു നിന്ന കുട്ടികളുടെ അമ്മയോട് എന്നിലൂടെ കടന്നു വന്ന അഛൻ പറഞ്ഞു.
”ചൂടുള്ളതൊഴിച്ചും തണുപ്പിൽ കഴുകിയും നിരന്തരം ജീവിക്കേ ഗ്ലാസിന്റെ ശരീരവും ശുഷ്‌ക്കിക്കും. സെല്ലുകൾ വീക്കാവും. അതിന്റെ കോശങ്ങളിൽ വിള്ളലുകൾ വീഴും. അത് സ്വാഭാവികം. നീ അവിടുന്ന് മാറി തന്നാൽ കൈമുറിയാതെ അതെല്ലാം പെറുക്കിയെടുത്ത് കളയാം.”

ഇന്നായിരുന്നു ഗ്ലാസിന്റെ സഞ്ചയനം.

shortlink

Related Articles

Post Your Comments


Back to top button