ബോളിവുഡ് നടനായ ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാ ആരാധകര്‍ നിരാശയിലാണ്. താരത്തിനു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി അര്‍പ്പിക്കുകയാണ് ആരാധകര്‍. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വെർസോവയിലെ ശ്മശാനത്തിൽ ലോക്ഡൗൺ ചട്ടങ്ങൾ പാലിച്ചായിരന്നു സംസ്കാര ചടങ്ങുകള്‍ നടത്തിയത്. വിശാൽ ഭരദ്വാജ്, കപിൽ ശർമ തുടങ്ങിയ ഒട്ടേറെ പ്രമുഖർ അദ്ദേഹത്തിന് അവസാനമായി ആദാരഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
ഇർഫാന്റെ മൃതദേഹം ചുമലിലേറ്റിയ സന്ദീപ് ആ അനുഭവത്തെക്കുറിച്ചും ഇർഫാനുമായുള്ള ബന്ധത്തെക്കുറിച്ചും വികാരഭരിതമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ഇർഫാൻ ഖാന്റെ സുഹൃത്തും ബോളിവുഡ് സിനിമാ നിർമാതാവുമായ സന്ദീപ് സിങ്.
‘താങ്കളെ നഷ്ടപ്പെട്ടതിന്റെ ദു:ഖം എന്റെ ഹൃദയത്തിൽ ഇത്രമേൽ വലിയ ഒരു വിങ്ങലാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ പ്രതിസന്ധികളിൽ ഒപ്പം നിന്നതിന് നന്ദി ഇർഫാൻ ഭായ്. ഒരുപാട് പേർ എന്നെ ഗൗനിക്കാതിരുന്ന കാലത്തും താങ്കൾ എനിക്കൊപ്പം നിന്നു. നിങ്ങളെ പോലുള്ള മനുഷ്യർ ഒരിക്കലും മരിക്കില്ല. സിനിമയോടുള്ള താങ്കളുടെ ഇഷ്ടവും ജീവിതത്തോടുള്ള കാഴ്ചപ്പാടും എന്നെ ഇനിയും മുന്നോട്ട് നയിക്കാൻ ഉതകുന്നതാണ്. ഇർഫാൻ ഭായ്ക്കൊപ്പം അവസാനമായി ഒന്നു കൂടി നടക്കാൻ അവസരം തന്ന ദൈവത്തിന് നന്ദി. താങ്കളെ അവസാനമായി ഒരു നോക്ക് കണ്ട് യാത്ര പറയാൻ സാധിച്ച ഞാൻ അനുഗ്രഹീതനാണ്. താങ്കളുടെ ഒരുപാട് ആരാധകർക്കും സുഹൃത്തുക്കൾക്കും അതിന് സാധിച്ചിട്ടില്ലല്ലോ. എന്നാലും താങ്കൾ നേരത്തെയാണ് പോയത് ഭായ്.’
Post Your Comments