
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ നിരനിരയായി തിയേറ്ററില്‍ വിജയം നേടുന്ന അവസരത്തിലായിരുന്നു മനോജ് കെ ജയനെയും നായകനാക്കി കൊണ്ട് ചിലർ സിനിമ ചെയ്തത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഹിറ്റ് സിനിമകൾ എഴുതി ജനപ്രീതി വർദ്ധിപ്പിച്ച ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത 1995 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അഗ്രജൻ. മനോജ് കെ ജയനെ ആക്ഷൻ സ്റ്റൈലിൽ മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച് കൊണ്ട് പുതിയൊരു ചരിത്ര വിജയം സമ്മാനിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അഗ്രജന്റെ അണിയറ പ്രവർത്തകർ. പക്ഷേ വിധി മറ്റൊന്നായിരുന്നു. വലിയ രീതിയിൽ സിനിമ ബോക്സ് ഓഫീസിൽ നിലം പൊത്തുകയായിരുന്നു. പിന്നീടും മനോജ് കെ ജയൻ ‘അസുരവംശം’ പോലെയുള്ള സിനിമകളിൽ ആക്ഷൻ ഹീറോയായെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞില്ല. തിരക്കഥയ്ക്ക് പുറമേ ഡെന്നീസ് ജോസഫ് സംവിധാന ജോലി കൂടി ഏറ്റെടുത്ത ‘അഗ്രജൻ’ എന്ന സിനിമയുടെ തകർച്ച അതിന്റെ നിർമ്മാതാവിനും വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. തീര്‍ത്തും വാണിജ്യ വിജയം കൊയ്യാനുള്ള ഒരു ട്രീറ്റ്മെന്റ് സിനിമയുടെ സബ്ജക്റ്റില്‍ ഉണ്ടായിരുന്നിട്ടും സംവിധാനത്തിലെ ചടുലതയില്ലായ്മ ചിത്രത്തിന് വിനയാകുകയായിരുന്നു. മുൻ സിനിമകളിലേത് പോലെയുള്ള ഡെന്നീസ് ജോസഫിന്റെ ഭേദപ്പെട്ട തിരക്കഥയായിരുന്നു അഗ്രജന്റേത്. കസ്തൂരി നായികയായ ചിത്രത്തിൽ ജോസ് പ്രകാശ്, തിലകൻ, നെടുമുടി വേണു എന്നിവരായിരുന്നു മറ്റു താരങ്ങൾ ..
Post Your Comments