CinemaGeneralLatest NewsMollywoodNEWS

ഓരോ തവണ ബെഡ്റൂമില്‍ പോകുമ്പോള്‍ എന്റെ പ്രതിരൂപം എന്നെ ആക്രമിക്കാന്‍ വരുന്ന പോലെ; കുറിപ്പുമായി ബാലചന്ദ്ര മേനോന്‍

ആദ്യമൊക്കെ കോവിഡിനെ ഒരു തമാശയായിട്ടാണ് എല്ലാവരും കാണാൻ ശ്രമിച്ചത് എന്ന് തോന്നുന്നു

കോവിഡ് ഭീതിയെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ആദ്യം രസകരമായി തോന്നിയെങ്കിലും ഇപ്പോൾ മുഷിയാൻ തുടങ്ങിയെന്ന് ബാലചന്ദ്ര മേനോൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ ലോക്ക്ഡൗണിന്റെ വിരസതയകറ്റാൻ പാട്ടിനെ കൂട്ടുപിടിക്കാൻ പോവുകയാണെന്ന് പറയുകയാണ് അദ്ദേഹം.

കുറിപ്പിന്റെ പൂർണരൂപം…………………………….

ഒള്ളത് പറയണമല്ലോ . സംഗതി നല്ല ബോറടിയായിട്ടുണ്ട് .ആദ്യമൊക്കെ കോവിഡിനെ ഒരു തമാശയായിട്ടാണ് എല്ലാവരും കാണാൻ ശ്രമിച്ചത് എന്ന് തോന്നുന്നു .ചാനലിൽ വന്നിരുന്ന് “ഞാൻ കുക്കിങ് പഠിച്ചു ‘ എന്നൊക്കെ പറയാനും അങ്ങിനെ പറഞ്ഞു കേൾക്കാനുമൊക്കെ ഒരു രസം തോന്നിയിരുന്നു . ഞാനും പറഞ്ഞു: ഇതൊരു നല്ല അവസരമാണ്. നാം നമ്മിലേക്ക്‌ ടോർച്ച് അടിച്ചു നോക്കുക ” അല്ലെങ്കിൽ മുഷിയാതിരിക്കാൻ ഒരു എളുപ്പ മാർഗ്ഗം നാം നമ്മോടൊപ്പം കമ്പനി കൂടിയിരിക്കുക. വേറെ ആരേം കൂട്ടാതിരിക്കുക. കേൾക്കാൻ രസമുള്ള ആശയമാണത് എന്ന് പിന്നീട് എനിക്ക് ബോധ്യപ്പെട്ടു. എന്തെന്നാൽ ആദ്യമായി നമ്മളോടൊപ്പം സമയം ചെലവഴിച്ചപ്പോഴാണ് നാം ഉദ്ദേശിക്കുന്നപോലെ “നാം” അത്ര രസികൻ കഥാപാത്രമാണ് എന്നും ഒരുപരിധി വരെ പരമ ബോറനാണെന്നും മനസ്സിലായത്‌ .

ഒന്നോർത്തു നോക്കിക്കേ. മാർച്ച് ഒന്ന് മുതൽ ഞാൻ എന്റെ വീട്ടിൽ തടവുകാരനാണ്. പ്രധാനമന്ത്രി പറഞ്ഞത് പോലെ വീടിന്റെ ലക്ഷ്‍മണ രേഖ അതായത് വീടിന്റെ പ്രവേശനകവാടം ഞാൻ താണ്ടിയിട്ടില്ല എന്നർത്ഥം. ഞാൻ പതിവ് പോലെ അഞ്ചരമണിക്കു ഉണരുന്നു. എന്റെ വീട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു .ഭക്ഷണം കൃത്യ സമയത്തു ഭാര്യ തരുന്നു. ഞാൻ ഭക്ഷിക്കുന്നു. ആ ക്ഷീണം മറക്കാൻ കിടക്കയെ ശരണം പ്രാപിക്കുന്നു. ടി വി കാണൽ ഒഴിവാക്കി. ക്രിക്കറ്റിന്റെ സ്കോർ പറയുന്നത് പോലെ ഓരോ രാജ്യത്തേയും മരണകണക്കു കേള്‍ക്കാൻ വയ്യ. മകൻ ദുബായിലും മകൾ അമേരിക്കയിലുമാണ് .ഇടയ്ക്കിടയ്ക്ക് അവിടങ്ങളിലെ കോവിഡു വിശേഷങ്ങളുമായി അവർ ഒരു ആശ്വാസമാകും. അവരെങ്കിലും മരണവിശേഷങ്ങൾ പറയാതിരിക്കട്ടെ എന്ന് ഞാൻ കരുതുമ്പോൾ എന്റെ ഭാര്യയുടെ ഇടപെടലിൽ വീണ്ടും കണക്കെടുപ്പ് തുടങ്ങും. ഞാൻ വീണ്ടും കിടക്കയെ പ്രാപിക്കും.

ഇതിനിടയിൽ മനസ്സിനെ നോവിച്ച അർജുൻ മാസ്റ്ററുടെ വിയോഗം. തീർന്നില്ല രവി വള്ളത്തോളിന്റെ വിട പറയൽ. കഴിഞ്ഞ ദിവസം, ഞാനായിട്ട് കോസ്റ്റുമാറാക്കിയ വേലായുധൻ കീഴില്ലത്തിന്റെ മരണം. നാല് ഭിത്തികൾക്കുള്ളിൽ മനസ്സിലെ വിമ്മിട്ടം മുഴുവൻ സഹിക്കുക എന്ന് വെച്ചാൽ. ബെഡ്റൂമിലേക്ക് പോകുന്ന വഴി പൂർണ്ണരൂപം കാണത്തക്കവണ്ണം ഒരു കണ്ണാടിയുണ്ട്. ഓരോ തവണയും ഞാൻ ബെഡ്‌റൂമിൽ പോകുമ്പോൾ എന്റെ പ്രതിരൂപം എന്നെ ആക്രമിക്കാൻ വരുന്നപോലെ ഒരു തോന്നൽ. പേടിക്കണ്ട. വട്ടൊന്നുമല്ല. ചിറകടിച്ചു പറന്നു നടന്നു, വായിൽ നാക്കിനു വിശ്രമം കൊടുക്കാതെ ചിലച്ചു കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരനെ (സോറി ,ചെറുപ്പക്കാരൻ എന്ന പ്രയോഗം ശരിയല്ല. സീനിയർ സിറ്റിസൺസ് വെച്ച് പൊറുപ്പിക്കില്ല , ക്ഷമിക്കുക ) ഒരു മാസത്തിലേറെ ജയിലിൽ ഇട്ടതു പോലെ കൈകാര്യം ചെയ്‌താൽ.

പരിഹാരം ഞാൻ തന്നെ കണ്ടെത്തി. പാടുക. നിങ്ങളുടെ അറിവിലേക്ക് ഞാൻ പറഞ്ഞോട്ടെ , ജനം എന്നെ ആദ്യമായി അംഗീകരിച്ചത് പാട്ടുകാരനായിട്ടാണ്. ഒരു കലാകാരൻ എന്ന നിലയിൽ എനിക്കാദ്യം കിട്ടിയ കയ്യടിയും “സ്വർഗ്ഗപുത്രീ നവരാത്രി” എന്ന പാട്ടു പാടിയപ്പോഴാണ് .ദിവസം എങ്ങിനെയാന്നേലും ഒരു നാലഞ്ചു പാട്ടുകൾ ഞാൻ പാടിയിരിക്കും. എന്റെ മനസംതൃപ്‍തിക്കു വേണ്ടി ഞാൻ ഒരു പകൽ മുഴുവൻ പാടും. സംഗീത സംവിധായകരായ രവീന്ദ്രനും ജോൺസണും മഞ്ജരിയും ഭരണിക്കാവ് ശിവകുമാറും പൂവച്ചൽ ഖാദറും പ്രവീണയും രാകേഷ് ബ്രഹ്മാനന്ദനുമൊക്കെ അത്തരം സംഗമങ്ങളിൽ സഹകരിച്ചിട്ടുമുണ്ട്. കരോക്കെ ഏർപ്പാട് കൂടിയായപ്പോൾ പാടാനുള്ള കമ്പവും കൂടി. ബെഡ്‌റൂമിൽ കതകടച്ചിരുന്നാൽ കണ്ണാടിയിലെ പ്രതിരൂപവും കാണണ്ട. ലയിച്ചിരുന്നു പാടുകയും ചെയ്യാം. അങ്ങിനെ പാടിയ ഒരു പാട്ട് നിങ്ങൾക്കായി. സംഗീത പ്രേമികൾക്ക് ‘കോവിഡ് ‘സമയത്ത് എന്റെ ഒരു സമ്മാനമായി കരുതിയാൽ മതി. കോവിഡ് നീണ്ടു പോയാൽ എനിക്ക് വീണ്ടും പാടേണ്ടി വരും ക്ഷമിക്കുക.

shortlink

Post Your Comments


Back to top button