അന്തരിച്ച ചലച്ചിത്ര സീരിയല്‍ താരം രവി വള്ളത്തോളിനെ അനുസ്മരിച്ച് തമിഴ് തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ സ്വരൂപ്. അയർലൻഡിൽ ആയതിനാൽ രവി അങ്കിൾ മരിച്ചത് അറിയാൻ വൈകിപ്പോയെന്നും വളരെ ഷോക്കായിരുന്നു ആ ന്യൂസ് എന്നും സ്വരൂപ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം…………………………………
ഞാനിപ്പോൾ അയർലണ്ടിലുള്ള എന്റെ വീട്ടിലാണുള്ളത്. ധർമപത്തിനി എന്ന തമിഴ് സിനിമയിൽ അഭിനയിച്ച ശേഷം ലോക്ക് ഡൌൺ സമയത് അയർലണ്ടിലേക്ക് പോന്നു. ഇന്ത്യയിലെ സമയവുമായി നാലര മണിക്കൂർ പിന്നിലാണ് അയർലൻഡ്. അതുകൊണ്ടുതന്നെ രവി അങ്കിൾ മരിച്ചത് അറിയാൻ വൈകിപ്പോയി. വളരെ ഷോക്കായ ന്യൂസ് ആയിരുന്നു എനിക്ക് അദ്ദേഹത്തിന്റെ മരണം.
കാരണം 20 വർഷത്തോളമായുള്ള ബന്ധമാണ് രവി അങ്കിളുമായി എനിക്കുള്ളത്. ഞാൻ പണ്ട് സ്കൂൾ ഡയറി എന്ന ദൂരദർശൻ സീരിയലിൽ ബാലതാരമായി അഭിനയിക്കുമ്പോൾ രവി അങ്കിൾ അതിൽ അധ്യാപകനായി അഭിനയിച്ചു. വളരെ വാത്സല്യത്തോടെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എനിക്ക് അഭിനയിക്കുമ്പോൾ പ്രത്യേക ഊർജ്ജം നൽകിയിരുന്നു.
സീരിയൽ ഷൂട്ട് കഴിഞ്ഞ ശേഷം ഞാൻ മധ്യവേനലവധിക്ക്ഞങ്ങളുടെ കുടുംബ സുഹൃത്തായ മുൻ മന്ത്രി എസി ഷണ്മുഖദാസിന്റെ ഔദ്യോഗികവസതിയായ സാനഡു ബംഗ്ലാവിൽ പോയി . അവിടെ എത്തിയശേഷം രവി അങ്കിളിന്റെ ലാൻഡ് ലൈനിലേക്ക് വിളിച്ചപ്പോൾ രവി അങ്കിൾ പറഞ്ഞു ” മോനെ സാനഡു ബംഗ്ലാവിൽ നിന്നും രവി അങ്കിളിന്റെ വീടായ ത്രയംബകത്തിലേക്ക് കേവലം 200 മീറ്റർ ദൂരമേയുള്ളൂ എന്ന്. ബാലനായ എനിക്കതുകേട്ടപ്പോൾ വളരെ സന്തോഷമായി.
ഞാൻ ആ വീട്ടിൽ ചെല്ലുകയും അന്ന് അദ്ദേഹത്തിന്റെ അച്ഛൻ ടി എൻ ഗോപിനാഥൻ സാറിന്റെ അനുഗ്രഹം വാങ്ങുകയും ചെയ്തു. പിന്നീട് പലപ്രാവശ്യം ആ വീട്ടിൽ പോയി. രവി അങ്കിളിന്റെ സഹധർമ്മിണി ഗീത ആന്റിയ്ക്കും എന്നോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. എപ്പോൾ തിരുവനന്തപുരത്തു പോയാലും ത്രയംബകം വീട്ടിൽ പോകാതിരിക്കില്ല.
പരിചയമുള്ളവർക്കെല്ലാം പുഞ്ചിരിയോടെ കുശലാന്വേഷണം നടത്തുന്ന രവി അങ്കിളിന്റെ മരണം ഈ കോവിഡ് കാലത്തായതിനാൽ ദുഃഖത്തിന്റെ വ്യാപ്തി കൂട്ടുന്നു. എത്രയോ ആളുകളുടെ ആദരാജ്ഞലികൾ ഏറ്റുവാങ്ങേണ്ട ആളാണ് രവി അങ്കിൾ. വളരെ അകലയായതിനാൽ എനിക്കും അവസാനമായി കാണാൻ കഴിഞ്ഞില്ല. രവി അങ്കിളിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് നിറകണ്ണുകളോടെ ഞാൻ ആദരാഞ്ജലിയർപ്പിക്കുന്നു.
Post Your Comments