
പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായിക വേഷം വാഗ്ദാം ചെയ്ത് സംവിധായകന്‍ കമല്‍ പീഡിപ്പിച്ചുവെന്നാരോപിച്ച് യുവ നടി രംഗത്തെത്തിയ വാർത്ത സിനിമാലോകത്തേയും പ്രേക്ഷകരേയും ഏറെ ഞെട്ടിച്ചിരുന്നു. എന്നാൽ ഈ വിഷയത്തില്‍ മഞ്ജു വാര്യര്‍ നിശബ്ദത പാലിക്കുന്നത് ശരിയല്ലെന്ന് പറയുകയാണ് ബിജെപി വക്താവായ സന്ദീപ് വാര്യര്‍.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് വാര്യര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. താങ്കളുടെ ഗുരുസ്ഥാനീയനാണല്ലോ കമല്‍, അദ്ദേഹവുമായി ബന്ധപ്പെട്ട ആരോപണത്തിന് മറുപടി നല്‍കാതിരിക്കുന്നത് ശരിയല്ലെന്നും സന്ദീപ് വാര്യര്‍ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം…………………………….
പ്രിയ മഞ്ജുവാര്യർ,
മഞ്ജുവിന്റെ സിനിമ ഗുരുവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ സംവിധായകൻ കമലിനെതിരെ ലൈംഗിക പീഡനാരോപണം ഉയർന്നിട്ട് ഒരു ദിവസം കഴിഞ്ഞു.
“ഈ വിഷയം നേരത്തെ സെറ്റിൽ ചെയ്തതാണ് ” എന്നാണത്രേ കമൽ ഇത് സംബന്ധിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകനെ അറിയിച്ചത്.
ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്ന ആരോപണം സെറ്റിൽ ചെയ്തെങ്കിൽ യഥാർത്ഥത്തിൽ അത്തരമൊരു സംഭവം നടന്നതായി അല്ലേ നമ്മൾ മനസ്സിലാക്കേണ്ടത്? അതല്ല വ്യാജ ആരോപണം ആയിരുന്നെങ്കിൽ എന്തുകൊണ്ട് കമലിനെ പോലെ ഉന്നത തലങ്ങളിൽ പിടിയുള്ള ഒരാൾ പോലീസിനെ സമീപിച്ചില്ല?
പിണറായി വിജയനെ പോലെ ഇത്രമേൽ കരുതലുള്ള ഒരു മനുഷ്യൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ കമലിനോട് അനീതി ചെയ്യുമോ? അപ്പോൾ സെറ്റിൽ ചെയ്യുന്നതാണ് ബുദ്ധി എന്ന് കമലിന് തോന്നിയിരിക്കണം. ബലാത്സംഗ കേസ് എങ്ങനെ സെറ്റിൽ ചെയ്തു എന്നുകൂടി അന്വേഷിക്കേണ്ടേ ? പണമിടപാട് ആയിരുന്നെങ്കിൽ എത്ര പണമാണ് നൽകിയത്? ആ പണത്തിന് സോഴ്സ് എന്തായിരുന്നു എന്നൊക്കെ അന്വേഷിക്കേണ്ടേ ?
മഞ്ജു വാര്യരും വുമൺ ഇൻ സിനിമ കളക്ടീവും തുടങ്ങിവച്ച മലയാള സിനിമയിലെ ശുദ്ധീകരണ പ്രക്രിയയെ പ്രത്യാശയോടെ കണ്ടിരുന്ന നിരവധി ആളുകൾക്ക് വലിയ നിരാശയാണ് നിങ്ങളുടെ മൗനം സമ്മാനിക്കുന്നത്. സിനിമാമോഹവുമായി നടക്കുന്ന പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന കാസ്റ്റിംഗ് കൗച്ച് സമ്പ്രദായത്തിനെതിരെ പ്രതികരിക്കാൻ മഞ്ജുവാര്യർ തയ്യാറാകുമോ? കമലിനെ എതിരേ അന്വേഷണം ആവശ്യപ്പെടാൻ മഞ്ജുവാര്യർക്ക് സാധിക്കുമോ?
വുമൺ ഇൻ സിനിമ കളക്ടീവ് പുലർത്തുന്ന മൗനവും എത്രമാത്രം അശ്ലീലകരമാണ്.
വുമൺ ഇൻ സിനിമ കളക്ടീവ് അല്ല വുമൺ ഇൻ സിനിമ സെലക്ടീവ് ആണ് എന്ന് പറയേണ്ടിവരും.
മഞ്ജു അഭിനയിച്ച ഒരു സിനിമയും ആരോപണ വിധേയമായിട്ടുണ്ടല്ലോ. അതുകൊണ്ട് മൗനം ശരിയല്ല. മഞ്ജുവിനെ പോലെ കഴിവുള്ള ഒരുപാട് പെൺകുട്ടികൾ ഇനിയും മലയാള സിനിമയിൽ വളർന്നു വരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങൾ ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയും കരുതലുമാണ് വേണ്ടത്. മഞ്ജുവാര്യരുടെ ഇക്കാര്യത്തിലുള്ള പ്രതികരണം സാംസ്കാരിക കേരളം തേടുന്നു.
വിശ്വസ്തതയോടെ
സന്ദീപ്.ജി.വാര്യർ
ബിജെപി സംസ്ഥാന വക്താവ്
Post Your Comments