പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ലൂസിഫർ. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ എന്ന നേട്ടവും ലൂസിഫറിനുണ്ട്. എന്നാൽ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തുമെന്നും റീമേക്കിനുള്ള പകര്‍പ്പാവകാശം തെന്നിന്ത്യന്‍ താരം ചിരഞ്ജീവി നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങിയെന്നുമുള്ള വാര്‍ത്ത പുറത്ത് വന്നിട്ട് കാലമേറെയായി.
ലൂസിഫറിൽ മോഹൻലാൽ അഭിനയിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് തെലുങ്ക് റീമേക്കില്‍ ചിരഞ്ജീവി അവതരിപ്പിക്കുന്നത്. എന്നാൽ രാഷ്ട്രീയം പ്രധാന പശ്ചാത്തലമായി വരുന്ന ചിത്രം തെലുങ്കിൽ എത്തുമ്പോൾ ഏറെ മാറ്റങ്ങൾ വന്നേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിവാദങ്ങൾ ഇല്ലാതിരിക്കാൻ റീമേക്കിൽ അത്തരം ഗൗരവമേറിയ രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്യില്ലെന്നാണ് സൂചനകൾ.
എന്നാൽ ചിരഞ്ജീവിയുടെ കഥാപാത്രത്തിന് കുറച്ച് രസകരമായ നിമിഷങ്ങളും മറ്റും ഉണ്ടാകും. ഒപ്പം താൻ നൃത്തം ചെയ്യുന്നത് കാണാൻ ആരാധകർ ഇഷ്ടപ്പെടുന്നതിനാൽ പാട്ടുകളും ചിത്രത്തിൽ വേണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് കൂടാതെ മലയാളത്തിൽ ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തിന് കൂടുതൽ വേഷം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ചിരഞ്ജീവിയോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ പ്രതികരിച്ചിട്ടില്ല.
പ്രഭാസ് നായകനായെത്തിയ സാഹോയുടെ സംവിധായകൻ സുജീത് ആണ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. എന്നാൽ ആരൊക്കെയാണ് മറ്റ് അഭിനേതാക്കളെന്ന വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
Post Your Comments