നാണപ്പന്‍ എന്ന കാറിന്റെ കൂടെ ഗൌതമന്റെ കഥപറഞ്ഞ ഗൗതമന്റെ രഥം എന്ന ചിത്രം ഓണ്‍ലൈനില്‍ എത്തിയതോടെ മികച്ച അഭിപ്രായമാണ് നേടുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം നീരജ് മാധവ് പ്രധാനവേഷത്തില്‍ എത്തിയ ഈ ചിത്രത്തില്‍ ഗൗതമന്റെ മുത്തശ്ശിയും പ്രേക്ഷക പ്രീതി നേടി. നടി വത്സലമ്മയാണ് ഈ വേഷത്തില്‍ എത്തിയത്. ഗൗതമന്റെ രഥം ടീമിനൊപ്പം വത്സലമ്മ എങ്ങനെയാണ് എത്തിയത് എന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നീരജ് മാധവ് പങ്കുവച്ചു. പുതിയ ആളെ പരീക്ഷിക്കാം എന്നാണ് ആദ്യം ചിന്തിച്ചത്. എന്നാല്‍ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ വാക്കുകള്‍ കേട്ടാണ് മലയാളികള്‍ക്കറിയുന്ന ഒരു മുത്തശ്ശിയായിരിക്കണം എന്ന് തീരുമാനിച്ചതെന്നും നീരജ് പറയുന്നു.
നീരജ് മാധവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
ആദ്യം തിരക്കഥ വായിച്ചപ്പോള്‍ ഒരു പക്ഷെ നാണപ്പന്‍ കഴിഞ്ഞാല്‍ എന്നെയേറ്റവും സ്പര്‍ശിച്ച കഥാപാത്രം മുത്തശ്ശിയുടെതായിരുന്നു. കാരണം എനിക്കും ഇതുപോലെ ഒരു മുത്തശ്ശിയുണ്ട്! ആ മുത്തശ്ശിയെപ്പറ്റി അടുത്ത പോസ്റ്റില്‍ പറയാം. പക്ഷെ ഗൗതമന്റെ മുത്തശ്ശിയായി ആരെ കാസ്റ്റ് ചെയ്യും എന്ന് ഞങ്ങള്‍ പലതവണ കൂടിയാലോചിച്ചു. ഒടുക്കം പുതിയ ഒരു മുത്തശ്ശിയെ പരീക്ഷിക്കാം എന്നായി സംവിധായകന്റെ തീരുമാനം.
അങ്ങനെ പലരെയും audition ചെയ്തു, പക്ഷെ ആരെയും അങ്ങ് തൃപ്തി വരുന്നില്ല. അപ്പോഴാണ് തിരക്കഥ മുഴുവനും വായിച്ചു കഴിഞ്ഞു രഞ്ജി സര്‍ വിളിക്കുന്നത്, ‘മോനെ എനിക്ക് കഥ ഇഷ്ടപ്പെട്ടു നമുക്കിത്ചെയ്യാം. പക്ഷെ മുത്തശ്ശിയുടെ വേഷം ആരാണ് ചെയ്യുന്നത് ?’
‘പുതിയൊരാളെ പരീക്ഷിക്കാം എന്നാണ് തീരുമാനം’
‘പക്ഷെ എന്റെ അഭിപ്രായം ഇത് ഒരു തഴക്കം വന്ന ആള് തന്നെ ചെയ്യണം എന്നാണ് , മലയാളികള്‍ക്കറിയുന്ന ഒരു മുത്തശ്ശിയായിരിക്കണം, ഒന്നാലോചിച്ചു നോക്കു’
ആ പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നി, ഞാന്‍ സംവിധായകന്‍ ആനന്ദിനോട് ഇക്കാര്യം ചര്‍ച്ച ചെയ്തു. ‘ചേട്ടന്റെ മനസ്സില്‍ ആരെങ്കിലുമുണ്ടോ ?’ ‘എന്റെ മനസ്സില്‍ ഒരു പേരുണ്ട്, ഒന്നു ശ്രമിച്ചു നോക്കാം.’ പലരും പല പേരുകളും പറഞ്ഞിരുന്നെങ്കിലും എനിക്ക് ആദ്യമേ മനസ്സില്‍ തോന്നിയ മുഖമായിരുന്നു വത്സലമ്മയുടേത്. ആ കഥ പറച്ചിലും കുശുമ്ബും കുറുമ്ബും ഹാസ്യവും നിഷ്‌കളങ്കതയും എല്ലാം കൂടെ കൈകാര്യം ചെയ്യാന്‍ ഒത്ത ഒരാള്. ‘ഗണപതിക്ക് മൂഷികവാഹനം എന്ന പോലെ, അയ്യപ്പന് പുലിവാഹനം എന്നപോലെ, എന്റെ ഗൗതമന്റെ ജീവിതം ഒരു സംഭവമാക്കാന്‍ …ഈ dialogue ആ ശബ്ദത്തില്‍ ഒന്നോര്‍ത്തു നോക്കിയേ’ വേറിട്ട ഒരു ശബ്ദമാണ് അവരുടേത്. അത് കൊള്ളാമെന്ന് പറഞ്ഞു ഫോണ്‍ വെച്ച ആനന്ദ് പിന്നെ വിളിക്കുന്നത് വത്സലമ്മയെ കണ്ടു കൈകൊടുത്തിട്ടാണ് ‘നമ്മടെ മുത്തശ്ശിയെ കിട്ടി ചേട്ടാ’ എനിക്ക് വളരെ സന്തോഷം തോന്നി, രഞ്ജി സാറിനും ബേസിലിനും ഒരേ അഭിപ്രായം. ഇത് തന്നെ നമ്മടെ മുത്തശ്ശി. അങ്ങനെ ഗൗതമന്റെ മുത്തശ്ശിയായി വത്സലമ്മയും ഞങ്ങളോടൊപ്പം കൂടി.
Post Your Comments