വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് സുര്‍ജിത്ത് സുമതി ഗോപിനാഥ്. ചാര്‍ലി, ഇയ്യോബിന്റെ പുസ്തകം, ജോസഫ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ സുര്‍ജിതിന്റെ ജീവിതത്തെക്കുറിച്ച് അധികമാര്‍ക്കും വലിയ ധാരണയില്ല. ഇപ്പോഴിതാ സുര്ത്തിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കുറച്ച് കാര്യങ്ങള്‍ പറഞ്ഞു തരികയാണ് അദ്ദേഹത്തിന്റെ മുന്സഹപാഠിയും അധ്യാപകനുമായ ജ്യോതിഷ്. മലയാള നാടകവേദിക്ക് ആധുനിക രംഗഭാഷ പരിചയപ്പെടുത്തിയവരില്‍ പ്രഥമ ഗണനീയനാണ് സുര്‍ജിത്ത് എന്ന് ജ്യോതിഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
ജ്യോതിഷിന്റെ കുറിപ്പ്..
സുര്‍ജിത്തേട്ടന്‍.
ഇത് എഴുതുന്നത് തന്നെ ഒരു ശാന്തമായ ഒരു തടാകത്തില്‍ കല്ലിടുന്ന പോലെയാണ് എനിക്ക് തോന്നുന്നത്. ഒരു പരിചയപെടുത്തലായി കണക്കാക്കുകയും ചെയ്യരുത്. എനിക്ക് ഈ മനുഷ്യന് ഒരനുഭവമാണ്.. അന്നും ഇന്നും..
18ാം വയസില്‍ ഡ്രാമാ സ്കൂളില്‍ ഇന്റര്‍വ്യൂന് തലേ ദിവസം വൈകുന്നേരം ഡ്രാമാ സ്കൂളിലെത്തുമ്ബോള്‍ ഒരു നാടകാവതണം നടക്കുകയായിരുന്നു. അതി മനോഹരമായ ക്യാംപസ് പത്തിരുപത് ഏക്കറില്‍ മാവുകളുടെയും മുളക്കൂട്ടങ്ങള്ക്ക് നടുവില്‍ ലാറി ബെക്കര്‍ രൂപകല്പന ചെയ്ത ഒരു ശില്പം അതിനൊത്ത നടുവില്‍ ഗര്‍ഭഗ്രഹം പോലെ ഒരു അരങ്ങ്..
തണുത്തതറയും.. നാടകത്തിന്റെ തീക്ഷ്ണഗന്ധവുമുള്ള വായുവും.എനിക്ക പെട്ടെന്ന് തന്നെ കിട്ടി അഭിനയയില്‍ ഒരു വര്‍ഷത്തോളം ആ ചൂരറിഞ്ഞ് നാടകം ജീവിതമാക്കാന്‍ ഞാന്‍ അരയും തലയും മുറുക്കി അങ്കത്തിനൊരുങ്ങി ഇറങ്ങിയതായിരുന്നു.അന്ന് അവിടെ ഒരു അവതണം നടക്കുകയായിരുന്നു.
നാടകം കഴിഞ്ഞു’ ഷാജി ചേട്ടന് (ഷാജി കാര്യാട്ട്) നാടകത്തിന്റെ നിലത്തെഴുത്ത് പഠിപ്പിച്ചവരില്‍ ഒരാള്‍, ഷാജി ചേട്ടനെ ‘നാടകം’ എന്ന് വിളിക്കുന്നതാവും ശരി.. നോക്കിയും, കണ്ടും, കേട്ടും,വരച്ചും, ഒട്ടിച്ചും., ഒപ്പം കൂടി, അന്ന് ഞാന്‍ നടക്കുന്നത് പോലും ഷാജി ചേട്ടനെ പോലെയാണ് എന്ന് ഒപ്പമുള്ളവര്‍ പറയാറുണ്ടായിരുന്നു. ( അന്ന് തന്നെ മാറ്റുകയും ചെയ്തു )
ഡ്രാമ സ്കൂളില്‍ പോകുന്നതിന് മുന്‍പ് തന്നെ ഡ്രാമാ സ്കൂളുകാരെ അറിയാം, ശ്യാമേട്ടനും, അലക്സ് കടവിലും, മുകുന്ദന് ചേട്ടനും എല്ലാം അഭിനയിയിലെ നിത്യസന്ദര്‍ശകരുമായിരുന്നു. ഷാജി ചേട്ടനാണ് സി.ആര്. രാജനേയും, സുര്‍ജിത്തിനേയും പരിചയപെടുത്തുന്നത്. സുര്‍ജിത്തേട്ടന്റെ റൂമിലാണ് രാത്രി നിന്നത് നാടകം കഴിഞ്ഞ് റൂമിലേക്ക് വന്ന സുര്‍ജിത്തേട്ടന്‍ വന്നു.. രൂക്ഷമായി നോക്കി ചിരിയില്ല പരിചയപെടലില്ല ഭക്ഷണം കഴിച്ചോ? എന്ന് ചോദിച്ചു.. ഞാന്‍ കഴിച്ചു എന്ന് പറഞ്ഞു. അല്പം കഴിഞ്ഞു. മുകളിലത്തെനിലയില്‍ നിന്ന് പൊട്ടിച്ചിരിക്കളും പാട്ടും തുടങ്ങി.. കെട്ടിടം പൊട്ടിവീഴുന്നതരത്തില് നൃത്തവും പാട്ടും.. നാടകം കഴിഞ്ഞതിന്റെ സന്തോഷമായിരിക്കും എന്നാണ് കരുതിയത്..
പക്ഷേ നാടകം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഡ്രാമാ സ്കൂള്‍ അങ്ങനെ തന്നെ ആയിരുന്നു. പിറ്റേ ദിവസം ഇന്റര്‍വ്യൂ കഴിഞ്ഞ് തിരിച്ചിറങ്ങുമ്ബോള്‍, ഞങ്ങളുടെ ബാച്ച് 15 പേരുണ്ടായിയിരുന്ന ഫുള്‍ സ്ട്രങ്ത് ബാച്ചായിരുന്നു. മൂന്ന് സുന്ദരികള്‍ ഉള്‍പ്പടെ.. പൂരം പറയാനുണ്ടോ.. കച്ചകെട്ടിയ ഇറങ്ങിയിരുക്കകയാണ് സീനിയേഴ്സ്.. ഒരു വലിയ കാവ് സെറ്റ് ചെയ്തിരിക്കുകയാണ് വെളിച്ചപ്പാടും ശില് ബന്ധികളും കൊട്ട് തെള്ളിപ്പൊടി തീ. ഭസ്മം പൂശല്‍ അനുഗ്രഹം .. കാണിക്ക പിരിവ്. ഒരോത്തരെയും തലയില്‍ കൈവെച്ചനുഗ്രഹിച്ച് ഹോസ്റ്റലിലേക്ക് കയറ്റി വിട്ടു..
രാത്രി പന്ത്രണ്ട് മണി എല്ലാവരെയും തട്ടി വിളിച്ച് ഒരു റൂമിലിട്ട് പൂട്ടി. ഒരോരുത്തരെ ആയി വിളിച്ചു. തിരിച്ചു വന്നവര്‍ അവരവരുടെ റൂമിലേക്ക് പോകുന്നതു കാരണം എന്താണ് നടക്കുന്നത് എന്നറിയില്ല.
എന്റെ ഊഴം.. വാതില്ക്കല് എത്തുന്നതിന് മുന്‍പ് തന്നെ ഒരാള്‍ മുഖംമൂടി അണിഞ്ഞ്ഒരാള്, തുണി എല്ലാം ഊരി വാങ്ങും.. ഇരുട്ടത്ത് കൂടി നടത്തി ഒരു മുറിയില്‍ എത്തുമ്ബോള്‍ നൂല്‍ബന്ധമില്ലാതെ കളര്‍ ലൈറ്റുകളുടെ വെളിച്ചത്തില്‍ വളരെ നോര്‍മല്‍ ആയിരിക്കുന്ന സീനിയേഴ്സ്.
ചോദ്യങ്ങളും ഇപ്രവൈസേഷനുകളും എനിക്ക് നാടകത്തില്‍ മുന്നനുഭവം ഉണ്ടായിരുന്നതിന്റെ കുഴപ്പം ഇന്നും മറന്നിട്ടില്ല.. പൂര്‍ണ്ണമായി അറിയാത്ത കാര്യങ്ങള്‍ ആരോടും പറയരുത് എന്ന് ആദ്യം പഠിച്ചത് അവിടെ നിന്നാണ്.
അന്നു മുതല്‍ നാണം, മാനം, അഭിമാനം എന്നിവ ഒരു കെട്ടുകയായി മാറുക ആയിരുന്നു. ഏകദേശം നാല്‍പ്പതോളം നാടകങ്ങളില്‍ കൂലിപ്പണി.. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സ്റ്റേജ് മാനേജര്‍മാര്‍.. ഒന്നുകില്‍ നിര്‍ത്തി പോകും അല്ലെങ്കില്‍ പണി പഠിക്കും..
സീനിയേഴ്സ്സില് ഞങ്ങളുടെ ബാച്ചുമായി ഏറ്റവും അടുപ്പമുണ്ടായിരുന്നത് സുര്ജിത്തേട്ടനായിരുന്നു. ദസ്തയ വിസ്കിയുടെ നോവലില്‍ നിന്ന് ഇറങ്ങി വന്ന ഒരു കഥാപാത്രത്തെ പ്പോലെ.. നീണ്ട മുടിയും, താടിയും ആഴമുള്ള കണ്ണുകളുമുള്ള സുര്‍ജിത്ത് ആരെയും കൂസാത്ത നടപ്പ്. ബോര്‍ഹസ്സിന്റെ കഥകളും .. മയക്കോവിസ്കിയുടെ കവിതകളും ഉറക്കെ പാടിയിരുന്ന ഒരു കൊടുങ്കാറ്റായിരുന്നു സുര്‍ജിത്ത്. പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കും. അങ്ങനെയല്ല. എന്ന് ഉറക്കെ പറയും. ജിയാക്കോ മത്തിയേയും, ഗൊഗെയിനേയും, ദുഷാമ്ബിനെയും ഞങ്ങള്‍ക്ക് പരിചയപെടുത്തിയ സുര്‍ജിത്ത്..
എം.ബി. ശ്രീനിവാസനെയും, ലൂയിസ്സ് ആംട്രോങ്ങിനെയും ഞങ്ങള്‍ക്ക് പരിചയപെടുത്തിയ സുര്‍ജിത്ത്. ചോദ്യങ്ങള്‍ അവസാനിക്കാത്തിടത്ത് സിദ്ധാര്‍ത്ഥ വായിക്കാന്‍ പറഞ്ഞത് സുര്‍ജിത്താണ്. കൂട്ടായി ജീവിക്കാനും ഒരുമിച്ച് പങ്കിടുന്നതിന്റെ സന്തോഷവും, രാഷ്ട്രീയവും അനുഭവിച്ചറിഞ്ഞ നാളുകള്‍. കുറ്റിയില്‍ കെട്ടിയിരുന്ന് മലയാള നാടക കാഴ്ചാ ശീലങ്ങെളെ അട്ടിമറിച്ച സംവിധായകന്. ‘ഹട്ടാ മലനാടിനപ്പുറം എന്ന ബാദല്‍ സര്‍ക്കാറിന്റെ നാടകത്തിന് സുര്‍ജിത്ത് നല്കിയ നാടക രൂപം അന്ന് വരെ നിലനിന്നിരുന്ന കാഴ്ചാശീലങ്ങളെ അട്ടിമറിക്കുക ആയിരുന്നു.
ഹബീബ് തന്‍വീര്‍ ചരണ്‍ ദാസ് ചോറിലൂടെ ഇഡ്യന്‍ നാടകവേദിയെ പുനര്‍ നിര്‍മ്മിച്ചത് പോലെ മലയാള നാകവേദിയിലെ അരങ്ങിന്റെ ഭാഷയെ.. ആഘോഷമാക്കിമാറ്റിയ ‘ഹട്ടാ മല’. ജെയിസ്, ജോസ് പി. റാഫേല്‍, ഗോപാലന്, സി.ആര്. രാജന് തുടങ്ങി പ്രതിഭാധനന്മാരായ ഒട്ടനവധി നടന് മാര്‍ ഉള്‍പെടുന്ന ‘തിയറ്റര്‍ ഐ ‘ എന്ന നാടക സംഘം കേരളത്തിലെ നവീന നാടക സമ്ബ്രദായങ്ങളുടെ അമരക്കാരായിരുന്നു. ദീപനും, ഞാനും, അനില്‍.പി. നെടുമങ്ങാടും സജ്ജീവമായി ഈ യാത്രകളില്‍ ഒപ്പം ഉണ്ടായിരുന്നു.
ഒട്ടനവധി നാടക്കാരും, അതിലേറെ നാടകങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നുണ്ടെങ്കിലും സുര്‍ജിത്തിനെ പോലെ ധിക്ഷണാശാലിയായവര് ചുരുക്കം.. , വൈയിറ്റിം ഫോര്‍ ഗോഥോ, ജാനസ്, രാവുണ്ണി,മാക്ബെത്ത് തുടങ്ങിയ നാടകങ്ങള്‍ക്ക് അനിതരസാധാരണമായ രംഗഭാഷ്യ മൊരുക്കിയ സുര്‍ജിത്ത് ഒരു കൂട്ടം കലാകാരന്മാരുടെ ഉയര്‍ന്ന കലാ വീക്ഷണം രൂപപെടുത്തിയെടുക്കുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ ധിക്ഷണാശാലിയായ കലാകാരന്മാരില് പ്രധാനപ്പെട്ട കലാകാരനാണിദ്ദേഹം. മലയാള നാടക ചരിത്രകാരന്മാര് ഒരു പക്ഷേ വിട്ടുപോയേക്കാവുന്ന ഇദ്ദേഹം മലയാള നാടക വേദിക്ക് ആധുനിക രംഗഭാഷ പരിചയപെടുത്തിയവരില് പ്രഥമ ഗണനീയനാണ്.
ഇത് ഒരു പരിചയപ്പെടുത്തലല്ല. ഒരു രേഘപെടുത്തലാണ്. ബയോഡാറ്റയല്ല..നാടക വഴികളില്‍ കാഴ്ചാ ശീലങ്ങളെ പുനര്നിര്വചിച്ചവരെ കുറിച്ച്.’
Post Your Comments