‘മാസ്ക് ധരിക്കാതിരുന്ന യുവാക്കൾക്ക് തമിഴ്നാട് പൊലീസിന്റെ രസകരമായ ശിക്ഷ’ ; വീഡിയോ പങ്കുവെച്ച് പ്രതാപ് പോത്തൻ

മാസ്ക് ധരിക്കാതിരുന്നതിന് പ്രത്യേക കാരണമൊന്നും ഇല്ലെന്ന് പറഞ്ഞ യുവാക്കളോട് അടുത്ത് നിർത്തിയിട്ടിരുന്ന ആംബുലൻസിൽ കയറാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു

മാസ്ക് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത യുവാക്കൾക്ക് തമിഴ്നാട് പൊലീസിന്റെ രസകരമായ ‘കോവിഡ് ശിക്ഷ’. നടൻ പ്രതാപ് പോത്തനാണ് തമിഴ്നാട് പൊലീസിന്റെ രസകരമായ ഈ കോവിഡ് ശിക്ഷ വീഡിയോ സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ലോക്ഡൗണിൽ പൊലീസ് കൂടുതൽ ക്രിയാത്മകമാകുന്നു എന്നായിരുന്നു താരത്തിന്റെ അടിക്കുറിപ്പ്.

മാസ്ക് ധരിക്കാതിരുന്നതിന് പ്രത്യേക കാരണമൊന്നും ഇല്ലെന്ന് പറഞ്ഞ യുവാക്കളോട് അടുത്ത് നിർത്തിയിട്ടിരുന്ന ആംബുലൻസിൽ കയറാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പിന്നെയാണ് ‘ഭീകര ട്വിസ്റ്റ്’. ആംബുലൻസിൽ കോവിഡ് രോഗിയുണ്ടെന്നും നിങ്ങളെ അയാൾക്കൊപ്പം ആശുപത്രിയിൽ കൊണ്ടുപോകാൻ തുടങ്ങുകയാണെന്നും പൊലീസ് പറഞ്ഞു.

ഇതോടെ യുവാക്കൾ കരച്ചിലും ബഹളവുമായി. ആംബുലൻസിൽ കയറാൻ കൂട്ടാക്കാതിരുന്ന ഇവരെ പൊലീസ് നിർബന്ധിച്ച് കയറ്റുകയായിരുന്നു. അകത്ത് രോഗിയെ കണ്ടതോടെ അയാളേക്കാൾ വെപ്രാളം ഇവർക്കായിരുന്നു. വണ്ടിയുടെ വിൻഡോ വഴി ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു.

മാസ്ക് വയ്ക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാനാണ് ഇത്തരമൊരു ശിക്ഷാ നടപടിയെന്നും കൊറോണ രോഗിയായി അഭിനയിച്ചത് തങ്ങളുടെ സഹപ്രവർത്തകനായ പൊലീസ് ഉദ്യോഗസ്ഥനാണെന്നും വീഡിയോയുടെ അവസാനം പോലീസ് പറഞ്ഞു.

Share
Leave a Comment