മലയാളത്തിന്റെ പ്രിയതാരമായി മാറിയ കോമഡി താരം ഷാബുരാജിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് കലാകാരന്മാര്. ജേഷ്ഠതുല്യനായ ഷാബുരാജിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് കലാകാരനും ടെലിവിഷന്‍ താരവുമായ ശംഭു കല്ലറ. നിരവധി ട്രൂപ്പുകളുടെ ഭാഗമായ കലാകാരനായ ഷാബുരാജ് ശ്രദ്ധിക്കപ്പെടുന്നത് കോമഡി സ്റ്റാര്സിലൂടെയാണ്. ഷാബുവിനെ അവസാനമായി കാണാന്‍ പറ്റാത്ത വേദനയിലാണ് സഹതാരങ്ങള്‍. ഷാബുവുമായുള്ള ബന്ധത്തെക്കുറിച്ച് ശംഭുവിന്റെ വാക്കുകള്‍ ഇങ്ങനെ…
”എനിക്കും ഷാബുവിനും ദീപു നാവായിക്കുളത്തിനും ഒരു മുറിയായിരുന്നു അവിടെ ലഭിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് ഷൂട്ട് അവസാനിപ്പിച്ചു വരുമ്ബോള്‍ ആ മുറിയില്‍ നിന്നാണ് ഞങ്ങള്‍ ഇറങ്ങിയത്. സാധാരണ പോലെ സംസാരിച്ചും കളിച്ചും ചിരിച്ചും വൈകാതെ തിരിച്ചുവരാനാകും എന്നൊക്കെയുള്ള പ്രതീക്ഷയിലാണ് എല്ലാവരും നാട്ടിലേക്കു തിരിച്ചത്. പക്ഷേ ഇനി ഞങ്ങളുടെ മുറിയില്‍ ഷാബു ഉണ്ടാകില്ല എന്നത് വിശ്വസിക്കാനാവുന്നില്ല.
ഒരു കലാകാരനെന്ന നിലയില്‍ എന്തിനും തയാറായ മനുഷ്യനായിരുന്നു അദ്ദേഹം. ഏതു വേഷവും ചെയ്യും. അറിയാത്ത കാര്യങ്ങള്‍ പഠിക്കും. ഒരു സകലാവല്ലഭന്‍. ഞങ്ങള്‍ രണ്ടു പേരും സ്ത്രീ വേഷങ്ങള്‍ ചെയ്തിരുന്നു. അദ്ദേഹവുമായി രൂപസാദൃശ്യമുള്ളതു കൊണ്ട് പലപ്പോഴും അദ്ദേഹത്തിനു ലഭിക്കേണ്ട അഭിനന്ദനങ്ങള്‍ എന്നെ തേടിയെത്താറുണ്ട്. ‘ചേട്ടത്തിയും അനിയത്തിയും’ എന്നായിരുന്നു ഞങ്ങള്‍ അവിടെ അറിയപ്പെട്ടിരുന്നത്. രണ്ടു കലാകാരന്മാര് തമ്മിലുള്ള ബന്ധമല്ല, സഹോദര ബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നത്.
ഷാബു തിളങ്ങി നില്ക്കുന്ന സമയാണിത്. അദ്ദേഹത്തിന്റെ ‘സൈക്കോ ചിറ്റപ്പന്’ പോലുള്ള കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. അങ്ങനെ ഒരു സമയത്താണ് വിയോഗം. അതിലുപരി അദ്ദേഹത്തിന്റെ നാലു മക്കളുടെ കാര്യം ആലോചിക്കുമ്ബോഴാണ് വേദന സഹിക്കാനാവാത്തത്. മൂത്ത കുട്ടി എട്ടിലോ മറ്റോ ആയിട്ടുള്ളൂ. ഈ പരിപാടികളില്‍ നിന്നു അദ്ദേഹത്തിനു കിട്ടുന്ന വരുമാനം കൊണ്ടാണ് ആ കുടുംബം കഴിഞ്ഞിരുന്നത്.
ഞാനിപ്പോള്‍ ആലപ്പുഴയിലാണ്. ലോക്ഡൗണ്‍ ആയതുകൊണ്ട് തിരുവനന്തപുരത്തേക്കു പോകാനാകില്ല. അവസാനമായി ഒന്നു കാണാന്‍ പോലുമാകാതെ ഷാബു പോവുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ.” ശംഭു ഒരു മാധ്യമത്തോട് പ്രതികരിച്ചു
Post Your Comments